ഇവിടെ മീനുകള്‍ പ്രൊഫഷണലായി വളരുന്നു


ജി.രാജേഷ് കുമാര്‍

1 min read
Read later
Print
Share

ഒരു ലക്ഷം ലിറ്റര്‍ വെള്ളം നിറയ്ക്കാവുന്ന ടാങ്ക് ഫെറോ സിമന്റില്‍ തീര്‍ത്താണ് ജിജി മത്സ്യക്കൃഷി നടത്തിയത്

ഈ ടാങ്കില്‍ മീനുകള്‍ വളരുന്നത് ഇത്തിരി ആഢ്യത്തോടെയാണ്. നെല്ലിക്കുന്നിലെ തൈക്കാടന്‍ ഹൗസില്‍ ജിജി ഫ്രാന്‍സിസ് മത്സ്യക്കൃഷി തുടങ്ങിയതുതന്നെ ഒരു ഹൈടെക്ക് ഫാം മനസ്സില്‍ കണ്ടാണ്. ഒരു കൊല്ലംമുമ്പ് തുടങ്ങിയ സംരംഭം കാണാന്‍ ഇപ്പോള്‍ പലരുമെത്തുന്നു. ജിജിയില്‍നിന്ന് അനുഭവങ്ങള്‍ അറിഞ്ഞുമടങ്ങുന്നു. ഏഴായിരം മീനുകള്‍ എല്ലാവിധ സൗകര്യത്തോടെയും ഇവിടെ വളരുന്നു എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

കെട്ടിട നിര്‍മാണത്തിലെ പ്രൊഫഷണലായ ജിജി മത്സ്യക്കൃഷി തുടങ്ങിയതും പ്രൊഫഷണലിസം ഒട്ടും കൈവിടാതെത്തന്നെയായിരുന്നു. മീനിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമായ അന്തരീക്ഷം ഒരുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഫെറോ സിമന്റുപയോഗിച്ചുള്ള കെട്ടിട നിര്‍മാണങ്ങളില്‍ ശ്രദ്ധേയനായ ജിജി ടാങ്കിന്റെ നിര്‍മാണത്തിലും അതുതന്നെ ഉപയോഗപ്പെടുത്തി. ഒരുലക്ഷം ലിറ്റര്‍ വെള്ളം നിറയ്ക്കാവുന്ന വൃത്താകൃതിയിലുള്ള ടാങ്കാണ് ഫെറോസിമന്റില്‍ തീര്‍ത്തത്. നല്ല ഉറപ്പാണ് ഫെറോസിമന്റ് ടാങ്കിന്റെ പ്രത്യേകത. ടാങ്കിന്റെ ഉള്ളിലെ രൂപം ഒരു ഫണലിനു തുല്യമാണ്. വശത്ത് നാലടിയും മധ്യഭാഗത്ത് ഏഴടിയുമാണ് ആഴം. അഞ്ച് ഘട്ടങ്ങളിലെ ശുദ്ധീകരണമാണ് ഈ ടാങ്കിന്റെ പ്രത്യേകത. എപ്പോഴും വെള്ളം കറങ്ങിക്കൊണ്ടിരിക്കും. മീനുകള്‍ ഇഷ്ടപ്പെടുന്ന രീതിയിലുള്ള ചലനമാണ് വെള്ളത്തിനുണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു.

പൈപ്പുകളിലൂടെ നിരന്തരം വായു ടാങ്കിലെ വെള്ളത്തിലെത്തിക്കാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ടാങ്കിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റി പുതിയത് നിറയ്ക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെള്ളം ശുദ്ധീകരണമാണ് നടക്കുന്നത്. കൃത്യമായ ഇടവേളകളില്‍ ജലത്തിന്റെ പി.എച്ച്. മൂല്യം (അമ്ല-ക്ഷാര സ്വഭാവം) പരിശോധിക്കും.

കുഞ്ഞുമീനുകളെ വളര്‍ത്താന്‍ മൂന്നു പ്രത്യേക ടാങ്കുകളും ഉണ്ടാക്കിയിട്ടുണ്ട്. അവയും ശുദ്ധീകരണസംവിധാനത്തോടെയാണ്. എട്ടു ലക്ഷത്തോളം രൂപയാണ് മൊത്തം മുതല്‍മുടക്ക്.

റെഡ് ബെല്ലി, ഗിഫ്റ്റ് തിലോപ്പിയ എന്നീ മീനുകളാണ് ഇവിടെ വളരുന്നത്. സമീകൃത മീന്‍തീറ്റയാണ് ഭക്ഷണമായി നല്‍കുന്നത്. മാംസാവശിഷ്ടങ്ങള്‍ ഈ ടാങ്കിലെ മീനുകള്‍ തിന്നിട്ടില്ല. അതിന്റേതായ ഗുണം ഇവയുടെ രുചിയില്‍ പ്രതിഫലിക്കുന്നതായി ജിജി പറയുന്നു. 250 ഗ്രാംവരെ തൂക്കമുള്ള മീനുകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഫാമിലെ വിളവെടുപ്പിന് കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ എത്തിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram