മത്സ്യ ഉത്പാദനത്തില്‍ കേരളം നാലാം സ്ഥാനത്തേക്ക്: അയലയും ചാളയും വീണ്ടും കുറഞ്ഞു


2 min read
Read later
Print
Share

2012 വരെ രാജ്യത്തെ മത്സ്യ ഉത്പാദനത്തില്‍ കേരളമായിരുന്നു ഒന്നാം സ്ഥാനത്ത്

തോപ്പുംപടി: മത്സ്യോത്പാദനത്തില്‍ കേരളം നാലാം സ്ഥാനത്തേക്ക്. ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. 2012 വരെ രാജ്യത്തെ മത്സ്യ ഉത്പാദനത്തില്‍ കേരളമായിരുന്നു ഒന്നാം സ്ഥാനത്ത്. 2013-ല്‍ മൂന്നാം സ്ഥാനത്തായി. ഇതാദ്യമായാണ് നാലാം സ്ഥാനത്തേക്ക് പോകുന്നത്.

രാജ്യത്തെ മൊത്തം മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട് സി.എം.എഫ്.ആര്‍.ഐ. തയ്യാറാക്കിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.82 ലക്ഷം ടണ്ണാണ് കേരളത്തിന്റെ മൊത്തം മത്സ്യ ഉത്പാദനം. പോയ വര്‍ഷത്തെ അപേക്ഷിച്ച് 7.7 ശതമാനത്തിന്റെ നേരിയ വര്‍ധനയുണ്ടായെന്നതാണ് കേരളത്തിന് ആശ്വാസമായിട്ടുള്ളത്.

തമിഴ്‌നാട് രണ്ടാം സ്ഥാനത്തും (6.7 ലക്ഷം ടണ്‍), കര്‍ണാടകം (5.29 ലക്ഷം ടണ്‍) മൂന്നാം സ്ഥാനത്തുമുണ്ട്. അതേസമയം, ഇന്ത്യയുടെ മൊത്തം മത്സ്യ ഉത്പാദനം ആറു ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു.

കൂന്തല്‍, വറ്റ, കണവ, മാന്തള്‍ (നങ്ക്), പാമ്പാട തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളാണ് കേരളത്തിന് കൂടുതലായി ലഭിച്ചത്. ചാള, അയല, നത്തോലി തുടങ്ങിയ ഉപരിതല മീനുകളുടെ ഉത്പാദനത്തില്‍ വലിയ തകര്‍ച്ചയുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അയലയുടെ ഉത്പാദനം 47,000 ടണ്ണായി കുത്തനെ കുറഞ്ഞു. പോയ വര്‍ഷം ഇത് 70,000 ടണ്ണായിരുന്നു. ചാള 43,500 ടണ്ണായി കുറഞ്ഞു.

പോയ വര്‍ഷം 68,500 ടണ്‍ ചാളയാണ് ലഭിച്ചത്. നത്തോലിയുടെ ഉത്പാദനത്തിലും ഏതാണ്ട് 4000 ടണ്ണിന്റെ കുറവുണ്ടായി. നേരത്തെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചിരുന്നത് ചാളയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി അയലയെക്കാള്‍ കുറഞ്ഞ രീതിയിലാണ് ചാള ലഭിക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2012-ല്‍ നാലു ലക്ഷം ടണ്‍ ചാളയാണ് കേരളം പിടിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം ചാള വരവ് കുത്തനെ കുറയുകയായിരുന്നു.

നാലു വര്‍ഷത്തിനിടയില്‍ ചാള ഉത്പാദനം 800 ശതമാനം കുറഞ്ഞു. പരമ്പരാഗത വിഭാഗത്തിലുള്ള മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യ ഇനങ്ങളാണ് ഗണ്യമായി കുറഞ്ഞത്. കേരളത്തില്‍ 80 ശതമാനം തൊഴിലാളികളും പരമ്പരാഗത വിഭാഗത്തില്‍പ്പെടുന്നവരാണ്. തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മത്സ്യവിലയുടെ കാര്യത്തിലും ഇടിവുണ്ടായതായി കണക്കുകള്‍ പറയുന്നു.

ലാന്‍ഡിങ് സെന്ററുകളില്‍ നാലു ശതമാനവും റീട്ടെയില്‍ വിലയില്‍ 15 ശതമാനവും വിലയിടിവാണുണ്ടായത്. അതേസമയം രാജ്യത്തെ മൊത്തം കണക്കെടുക്കുമ്പോള്‍ മീന്‍വില കൂടിയതായാണ് റിപ്പോര്‍ട്ട്. റീട്ടെയില്‍ വിലയില്‍ 12 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. എന്നിട്ടും കേരളത്തിലെ മത്സ്യത്തൊഴിലാളിക്ക് പിടിച്ച മീനിന് ശരിയായ വില ലഭിച്ചില്ല.

മലയാളികള്‍ ഒരു കിലോഗ്രാം ചാളയ്ക്ക് 120 രൂപ നല്‍കുമ്പോള്‍, അത് പിടിക്കുന്ന തൊഴിലാളിക്ക് കേവലം 55 രൂപയാണ് ലഭിക്കുന്നതെന്നും സി.എം.ആര്‍.ഐ.യുടെ കണക്കുകള്‍ പറയുന്നു. ഇപ്പോള്‍ കേരളത്തിനു ലഭിക്കുന്ന മീനിന്റെ 40 ശതമാനവും അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നതാണ്. അതുകൊണ്ടാണ് ഉത്പാദന തകര്‍ച്ചയുടെ ആഴം സംസ്ഥാനം അറിയാതെ പോകുന്നത്.

ഉത്പാദനത്തകര്‍ച്ച വഴി കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 10,000 കോടിയുടെ നഷ്ടമുണ്ടായതായും കണക്കുകള്‍ പറയുന്നു. ചെറുമീന്‍ പിടിത്തവും അതിനു കാരണമായി. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തിന് മത്സ്യ വറുതി പാക്കേജ് അനുവദിക്കണമെന്നും സി.എം.ആര്‍.ഐ. നിര്‍ദേശിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram