വളര്‍ത്തുമത്സ്യങ്ങളിലെ നങ്കൂരപ്പുഴു ബാധ


സഹദേവന്‍ പി.

2 min read
Read later
Print
Share

വളര്‍ത്തു മത്സ്യങ്ങളില്‍ വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് നങ്കൂരപ്പുഴു (Anchor worm) ബാധ. മത്സ്യങ്ങളുടെ ശരീരത്തില്‍ ചരടുപോലെ തൂങ്ങിക്കിടക്കുന്ന ഈ പരാദജീവികള്‍ യഥാര്‍ത്ഥത്തില്‍ പുഴുക്കളല്ല, മറിച്ച് ആര്‍ത്രോപോഡ വിഭാഗത്തില്‍പ്പെട്ട കോപ്പിപോഡുകള്‍ ആണ്. വെള്ള കലര്‍ന്ന പച്ചനിറത്തിലോ ചുവപ്പു നിറത്തിലോ ആണ് ഇവ കണ്ടുവരുന്നത്. നങ്കൂരം പോലുള്ള ഇവയുടെ ശിരസ്സ് മത്സ്യങ്ങളുടെ മാംസത്തിലും ആന്തരിക അവയവങ്ങളിലും തുളച്ച് കയറുന്നു. ബാധ ഉണ്ടായാല്‍ ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഡസന്‍ കണക്കിന് പരാദങ്ങള്‍ ഓരോ മീനിലും ഉണ്ടാവും. മറ്റ് മത്സ്യങ്ങളിലേയ്ക്കും പരാദബാധ അതിവേഗം വ്യാപിക്കും.

നങ്കൂരപ്പുഴു തുളഞ്ഞു കയറിയ ഭാഗത്ത് രക്തം വാര്‍ന്നൊഴുകുന്ന ധാരാളം മുറിവുകള്‍ ഉണ്ടാകുന്നു. മത്സ്യങ്ങള്‍ ആഹാരം സ്വീകരിക്കുന്നത് നന്നേ കുറയുകയും ഉന്മേഷക്കുറവുള്ളവയായി തീരുകയും ചെയ്യുന്നു. വ്രണങ്ങളില്‍ ബാക്ടീരിയ ബാധയുണ്ടാവുകയും മത്സ്യങ്ങള്‍ ഒന്നൊന്നായി ചത്തുപോവുകയും ചെയ്യും. പരാദബാധയുള്ള മത്സ്യങ്ങള്‍ കട്ടിയായ പ്രതലങ്ങളില്‍ നിരന്തരം ശരീരം ഉരസുന്നതായി കാണാം.

ഒട്ടുമിക്ക വളര്‍ത്തു മത്സ്യങ്ങളിലും നങ്കൂരപ്പുഴു ബാധ ഉണ്ടാവാറുണ്ടെങ്കിലും സിപ്രിനിഡെ കുടുംബത്തിലെ കട്‌ല, രോഹു, മൃഗാള്‍, കോമണ്‍കാര്‍പ്പ്, ഫിംബ്രിയേറ്റസ് എന്നിവയിലാണ് വളരെ സാധാരണയായി കാണുന്നത്. അലങ്കാര മത്സ്യങ്ങളില്‍ ഗോള്‍ഡ് ഫിഷ്, കോയി എന്നിവയിലും നങ്കൂരപ്പുഴു ബാധ കൂടുതലായി കണ്ടുവരുന്നു.

അധിക തീറ്റ നല്‍കുന്നതോ ധാരാളം ജൈവ മാലിന്യങ്ങള്‍ ഉള്ളതോ ആയ കുളങ്ങളിലാണ് നങ്കൂരപ്പുഴു ബാധ കൂടൂതലായും ഉണ്ടാവുന്നത്. വര്‍ഷത്തില്‍ ഏതു സമയത്തും ബാധ ഉണ്ടാവാമെങ്കിലും മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് പരാദ ബാധക്കുള്ള സാദ്ധ്യത കൂടുതല്‍.

അക്വേറിയത്തില്‍ നങ്കൂരപ്പുഴുബാധ തടയുന്നതിന് ഒന്നോ രണ്ടോ ടീ സ്പൂണ്‍ കറിയുപ്പ് ചേര്‍ക്കുന്നത് ഫലപ്രദമായി കണ്ടിട്ടുണ്ട്. രോഗബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ മത്സ്യങ്ങളെ പിടിച്ചെടുത്ത് പരാദങ്ങളെ ചവണകൊണ്ട് വലിച്ചശേഷം കത്രിക കൊണ്ട് മുറിച്ച് മാറ്റുക. നങ്കൂരപ്പുഴു തുളച്ചു കയറിയ ഭാഗത്തെ രക്തം വാര്‍ന്നൊഴുകിയ മുറിവുകളെ രോഗതീവ്രതയനുസരിച്ച് 10 മുതല്‍ 25 വരെ പി.പി.എം ഗാഢതയുള്ള പൊട്ടാസിയം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകുക. എന്നാല്‍ വളര്‍ത്തു കുളങ്ങളില്‍ ഈ രീതി പ്രായോഗികമല്ല.

കുളങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യങ്ങളെ ഒരു ടാങ്കില്‍ പൊട്ടാസിയം പെര്‍മാംഗനേറ്റ് ചേര്‍ത്ത ജലത്തില്‍ മത്സ്യങ്ങള്‍ അസ്വസ്ഥത കാണിക്കും വരെ ഇട്ട് കുളത്തിലേയ്ക്ക് തിരികെ നിക്ഷേപിക്കുന്നത് രോഗാരംഭത്തില്‍ ഫലപ്രദമാണ്. രണ്ട് ആഴ്ചയിലൊരിക്കല്‍ ഈ വിധത്തില്‍ ചെയ്യേണ്ടിവരും. രോഗം ബാധിച്ച മത്സ്യങ്ങളെ കറിയുപ്പ് ചേര്‍ത്ത ജലത്തില്‍ അല്പനേരം മുക്കിയ ശേഷം പൊട്ടാസിയം പെര്‍മാംഗനേറ്റ് ലായനിയില്‍ ഇട്ടതിനുശേഷം ശുദ്ധജലത്തിലേയ്ക്ക് മാറ്റുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും.

നങ്കൂരപ്പുഴുവിന്റെ മുട്ടകളും മുട്ട വിരിഞ്ഞുണ്ടാവുന്ന ലാര്‍വ്വകളും ജലത്തിലുണ്ടാവുമെന്നതിനാല്‍ കുളത്തിലെ ജലം മാറ്റി പുതുജലം നിറക്കാനും മാലിന്യങ്ങള്‍ പരമാവധി നീക്കം ചെയ്യാനും ശ്രദ്ധിക്കണം.

വെള്ളം മലിനപ്പെടാതിരിക്കാന്‍ ജലസ്ഥിരതയും നല്ല ഗുണമേന്മയുമുള്ള തീറ്റ മാത്രം ഉപയോഗിക്കണം. രോഗബാധയുള്ള കുളങ്ങളില്‍ ഉപയോഗിക്കുന്ന വല, ബക്കറ്റ്, ഉപകരണങ്ങള്‍ എന്നിവ മറ്റ് കുളങ്ങളില്‍ ഉപയോഗിക്കുന്നത് രോഗം വ്യാപിക്കാന്‍ ഇടയാക്കും. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് മുമ്പ് കുളത്തിന്റെ അടിത്തട്ട് ഉഴുത് വെയിലത്ത് നന്നായി ഉണക്കുന്നത് രോഗബാധ ചെറുക്കുന്നതിന് ഉത്തമമാണ്.
(sahadevanpayyadakath@yahoo.co.in)

Content highlights: Aqua culture, Agriculture, Fish, Catla-rohu

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram