കേരളത്തിലെ കോഴിക്കൃഷി ഇന്നും 'അടുക്കള മുറ്റത്തെ കോഴിക്കൃഷി' തന്നെ !


നിത.എസ്.വി

6 min read
Read later
Print
Share

കോഴികളെ വളര്‍ത്താനുള്ള ചെലവാണ് കേരളത്തിലെ കോഴിക്കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നതെന്ന് പലരും അനുഭവത്തില്‍ നിന്ന് വ്യക്തമാക്കുന്നു. മുട്ടക്കോഴികളും ഇറച്ചിക്കോഴികളും അലങ്കാരക്കോഴികളും വളര്‍ത്തി പരിചയ സമ്പന്നരായ ചില കര്‍ഷകര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇവിടെ .

കോഴിക്കുഞ്ഞുങ്ങളുടെയും മുട്ടകളുടെയും അഭാവം

പെരുമ്പാവൂര്‍ അടിസ്ഥാനമാക്കി കോഴിക്കൃഷി നടത്തുന്ന പ്രമോദ് പറയുന്നത് ഏകദേശം 12 ലക്ഷത്തോളം ആളുകള്‍ തൊഴിലെടുക്കുന്ന ഈ മേഖല കുടുംബിനികള്‍ക്കും നല്ലൊരു വരുമാന മാര്‍ഗമാണെന്നാണ്.

'കോഴിക്കൃഷി തുടങ്ങിയ ആദ്യകാലങ്ങളില്‍ 60 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ണവളര്‍ച്ചയെത്തി രണ്ട് കിലോ ആയി വളര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ 40 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട് കിലോ ആയി പൂര്‍ണവളര്‍ച്ചയെത്തി വില്‍ക്കാവുന്ന സാങ്കേതിക വിദ്യ വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇൗ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പങ്കു വഹിച്ചിരിക്കുന്നത് വെങ്കടേശ്വര പോലുള്ള കമ്പനികളാണ് . ഇന്ത്യയില്‍ പല ബ്രീഡുകള്‍ ഇന്ന് നമുക്ക് കിട്ടും.'

നല്ല കോഴിക്കുഞ്ഞുങ്ങളുടെയും വിരിയിക്കാനുള്ള മുട്ടകളുടെയും അഭാവമാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്ന് ഈ കോഴിക്കര്‍ഷകന്‍ പറയുന്നു. 'ഇപ്പോള്‍ ഒരു കോഴിക്കുഞ്ഞിന്റെ വില 45 രൂപ അല്ലെങ്കില്‍ 50 രൂപയാണ്. ഇത്രയും പൈസ കൊടുത്ത് വാങ്ങുന്ന കോഴിക്കുഞ്ഞിനെ കര്‍ഷകന്‍ വളര്‍ത്തി വലുതാക്കി 50 രൂപയ്ക്ക് താഴെ വില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത് . ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. യൂണിവേഴ്‌സിറ്റിയും സര്‍ക്കാരും ആനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്ട്‌മെന്റും കോഴിക്കര്‍ഷകരുമെല്ലാം കൂട്ടായി ശ്രമിച്ചുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരുത്തേണ്ട കാലമായി.'

'അസുഖങ്ങളാണ് കോഴിക്കര്‍ഷകരുടെ ഏറ്റവും വലിയ വെല്ലുവിളി. മാര്‍ക്കറ്റിങ്ങും വെല്ലുവിളിയാണ്. ആവശ്യമില്ലാത്ത ദുഷ്പ്രചരണങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് കണ്ടും കേട്ടും സാധാരണ ജനങ്ങള്‍ കോഴിയിറച്ചി കഴിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. ഇത്തരം പ്രചരണങ്ങളില്‍ വാസ്തവമില്ല. വെറ്റിനറി യൂണിവേഴ്‌സിറ്റിയിലെ പൂക്കോട് കോഴികള്‍ക്ക് ഹോര്‍മോണ്‍ കുത്തിവെച്ച് പരീക്ഷണം നടത്തിയിട്ടുണ്ട്. ഹോര്‍മോണ്‍ നല്‍കിയാല്‍ കോഴി ചത്തുപോകുകയാണ് ചെയ്യുന്നത്. അവയ്ക്ക് ജീവിച്ചിരിക്കാന്‍ കഴിയില്ല. മന്തിന്റെ സിറം കുത്തിവെച്ച് കോഴികളെ വളര്‍ത്താന്‍ കഴിയില്ല. മന്തിന്റെ രോഗാണു മനുഷ്യശരീരത്തിനുള്ളില്‍ കയറിക്കഴിഞ്ഞാല്‍ അറുപതും നൂറും ദിവസം കഴിഞ്ഞിട്ടാണ് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്. 40 ദിവസം വളര്‍ച്ചയുള്ള കോഴിയുടെ ഉള്ളില്‍ എങ്ങനെയാണ് അത് കുത്തിവെച്ച് വലുതാക്കാന്‍ കഴിയുന്നത്?' ഇങ്ങനെയുള്ള പ്രചരണങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ ഒത്തുചേര്‍ന്നു നിന്നാല്‍ വളരെ വലിയ സാധ്യതകളാണ് കേരളത്തിലെ കോഴിക്കൃഷിക്കുള്ളതെന്ന് ഇദ്ദേഹം ഓര്‍മിപ്പിക്കുന്നു.

കോഴി വളര്‍ത്തല്‍ മേഖല ഓര്‍ഗനൈസ്ഡ് സെക്ടര്‍ ആയി

25 വര്‍ഷങ്ങളായി കോഴി വളര്‍ത്തല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് കൃഷ്ണകുമാര്‍. ആനിമല്‍ ഹെല്‍ത്ത് കമ്പനിയുടെ ഫ്രാഞ്ചൈസിയും സൂപ്പര്‍ ഡിസ്ട്രിബ്യൂട്ടറുമായിട്ടുള്ള ഒരു സംരംഭത്തിന്റെ ചുമതല വഹിക്കുന്ന കൃഷ്ണ കുമാര്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ ഇന്ന് കോഴി വളര്‍ത്തല്‍ മേഖല ഓര്‍ഗനൈസ്ഡ് സെക്ടര്‍ ആയിത്തന്നെ വളര്‍ന്നിട്ടുണ്ടെന്നതാണ്. 'ബ്രോയിലര്‍ ഫാമിങ്ങും മുട്ടക്കോഴി വളര്‍ത്തലുമെല്ലാം ഇന്ന് വളരെ മുന്നോട്ട് വന്നിരിക്കുന്നു. കോഴിത്തീറ്റ, മരുന്ന് എന്നിവയിലെല്ലാം ഈ മേഖല വളരെയധികം വളര്‍ന്നിട്ടുണ്ട്.'

അഴകു നിറഞ്ഞ അലങ്കാരക്കോഴിയിനങ്ങള്‍

അലങ്കാരക്കോഴികളും കരിങ്കോഴികളും വളര്‍ത്തുന്ന സജി എബ്രഹാമിനെ പരിചയപ്പെടാം. വിദേശികളും സ്വദേശികളുമായ നിരവധി അലങ്കാരക്കോഴികള്‍ സജിയുടെ ഫാമിലുണ്ട്. കോഴി വളര്‍ത്തലിലൂടെ വരുമാനമുണ്ടാക്കുന്ന കര്‍ഷകനാണ് സജി. മല്ലപ്പള്ളി ഇലവുങ്കല്‍ പാറച്ചേരിലുള്ള വീട്ടില്‍ കമ്പിവല കൊണ്ടുള്ള കൂടുകളിലും അറക്കപ്പൊടിയും കുമ്മായവും ചേര്‍ത്തുള്ള ലിറ്ററിലുമായിട്ടാണ് കോഴികളെ വളര്‍ത്തുന്നത്. ഒരു കോഴിക്ക് രണ്ട് സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണം എന്ന അളവിലാണ് കോഴികള്‍ക്കായി കൂട് ഒരുക്കിയത്.

ഓണഗഡോറി, വൈറ്റ് അമേരിക്കന്‍ ബാന്‍ഡം, കൊഷ്യന്‍ ബാന്‍ഡം, ഫ്രിസിലര്‍, പോളീഷ് ക്യാപ്പിന്റെ മൂന്ന് ഇനങ്ങളായ പോളീഷ് ക്യാപ്പ് ബ്ലാക്ക്, ഗോള്‍ഡന്‍, സില്‍വര്‍, മില്ലി റെഡ്, ഗെയ്ന്‍ ബാന്‍ഡം, സൈബ്‌റേറ്റ്, ബ്ലാക്ക് അമേരിക്കന്‍ ബാന്‍ഡം എന്നിങ്ങനെയുള്ള വിവിധയിനത്തില്‍പ്പെട്ട കോഴികള്‍ സജിയുടെ ഫാമിലുണ്ട്. നാടന്‍ കോഴികളെയും വളര്‍ത്തുന്നുണ്ട്.

കോഴികളുടെ പരിചരണത്തില്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് സജി ഓര്‍മിപ്പിക്കുന്നു. കേരളത്തില്‍ നിന്ന് നിരവധി ആളുകള്‍ കരിങ്കോഴിക്ക് വേണ്ടിയും അലങ്കാരക്കോഴിക്കു വേണ്ടിയും സജിയെ സമീപിക്കുന്നുണ്ട്.

കാണാം....അലങ്കാരക്കോഴികളെ

ഓണഗഡോറി : നീളന്‍ വാലാണ് ഓണഗഡോറിയുടെ പ്രത്യേകത. ജന്‍മദേശം ജപ്പാനാണ്. ചുവന്ന ഭംഗിയുള്ള പൂവുകളാണ്. കാഴ്ചയില്‍ നാട്ടുകോഴിയെപ്പോലെ തന്നെ.

മില്ലി റെഡ് - ഷൂസുകള്‍ അണിഞ്ഞതുപോലെ തൂവലുകള്‍ നിറഞ്ഞു നില്‍ക്കുന്ന കാലുകളാണ് മില്ലി റെഡിന്റെ ആകര്‍ഷീണയത. പൂവനെ കാണാനാണ് കൂടുതല്‍ ഭംഗി.

ഗോള്‍ഡന്‍ പോളിഷ് ക്യാപ്പ് : ഇവയെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം. ചുണ്ടുകള്‍ സാധാരണ കോഴികളുടെ ചുണ്ടുകളില്‍ നിന്ന് വ്യത്യസ്തമാണ്. 10000 രൂപയ്ക്ക് മുകളില്‍ വിലയുണ്ടായിരുന്നു ഇതിന്.

പോളിഷ് ക്യാപ്പ് ബ്ലാക്ക്- വെള്ളത്തൂവലുകള്‍ തൊപ്പിയിട്ട് നില്‍ക്കുന്ന ഇനമാണ് പോളിഷ് ക്യാപ്പ് ബ്ലാക്ക്. എപ്പോഴും പേടിച്ചിരിക്കുന്ന ഭാവമാണ് ഇവയ്ക്ക്. ജോടിക്ക് 3000 രൂപയാണ് വില. ആയുസ് 4 വര്‍ഷം.

സെറാമ- നാടന്‍ കോഴിയിനങ്ങള്‍ പോലെ ഏറ്റവും ചെറിയ കോഴിയാണ് സെറാമ. കാഴ്ചയില്‍ മുട്ടയിടുന്ന കോഴിയാണോ എന്ന് സംശയിക്കും. 1500 രൂപയാണ് ഒരു ജോഡി സെറാമയുടെ വില. ഭാരമില്ലാത്തതിനാല്‍ നന്നായി പറക്കുന്ന ഇനമാണ്.

കോഷന്‍ ബാന്‍ഡം- ഈ ഇനത്തില്‍പ്പെട്ട കോഴികളുടെ ജന്‍മദേശം ചൈനയാണ്. ഉരുണ്ടയിനം കോഴികളാണ് ഇവ. ഇവയുടെ കാലില്‍ ഷൂസ് പോലെയുള്ള തൂവലുകള്‍ കൊണ്ട് മൂടിയിരിക്കും. എണ്ണക്കറുപ്പിന്റെ ഭംഗിയാണ് ഇവയ്ക്ക്. ഒരു ജോഡിക്ക് 1500 രൂപയാണ് വില.

സെബ്‌റേറ്റ് - തൂവലിന്റെ മധ്യഭാഗം വെള്ളയും ചുറ്റും കറുപ്പും കലര്‍ന്ന കോഴികളാണ് ഇവ. ഒരു ജോഡിക്ക് 2500 രൂപയാണ് വില.

നിക്കോഹാരി -കാലിന് നീളക്കുറവുള്ള ഇത്തരം കോഴികള്‍ മനുഷ്യനുമായി വേഗം ഇണങ്ങും. ആന്‍ഡബാര്‍ നിക്കോബാര്‍ ദ്വീപസമൂഹമാണ് ജന്‍മദേശം

കരിങ്കോഴികള്‍

ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലെ നാടന്‍ കോഴികളാണ് ഇവ. കടകനാഥ് എന്ന സ്ഥലമാണ് ജന്‍മദേശം. ഇവയുടെ ഇറച്ചി ആരോഗ്യദായകമാണ്. അതിനാലാണ് ഡിമാന്റ്. പ്രായപൂര്‍ത്തിയായ പൂവന് 2 കിലോയാണ് തൂക്കം. പിടക്കോഴിക്ക് ഒന്നരക്കിലോ. ഇറച്ചിക്ക് കറുപ്പ് നിറമാണ്. രോഗപ്രതിരോധശേഷിയുള്ളയിനമായതിനാല്‍ വളര്‍ത്താന്‍ ചിലവ് കുറവാണ്. കുറച്ച് മുട്ടകള്‍ മാത്രമേ കരിങ്കോഴികള്‍ ഇടുകയുള്ളു.

കൂട്ടിലിട്ടും തുറന്നുവിട്ടും കരിങ്കോഴികളെ വളര്‍ത്താറുണ്ട്. പറമ്പില്‍ നെറ്റ് കൊണ്ട് വേലി തീര്‍ത്താണ് ഇവയെ തുറന്നുവിടുന്നത്. കൂട് ഒരുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. കമ്പിവല അഥവാ സ്‌ക്വയര്‍ മെഷ് കൊണ്ട് നാല് സ്‌ക്വയര്‍ ഫീറ്റുള്ള കൂട്ടിലാണ് അലങ്കാരക്കോഴികളെ വളര്‍ത്തുന്നത്. തീറ്റ കൊടുക്കാനും വെള്ളം കൊടുക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

ഉത്പാദനം ലാഭകരമല്ല; തീറ്റച്ചെലവ് കൂടുതല്‍ : ഡോ. അജിത് ബാബു

മൃഗസംരക്ഷണ വകുപ്പിലെ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയര്‍ വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്ന ഡോ.അജിത് ബാബു പറയുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം കോഴിവളര്‍ത്തല്‍ ഇപ്പോളും അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നാണ്. 'നമ്മുടെ ഉത്പാദനത്തിന്റ 80 ശതമാനവും ഇപ്പോള്‍ ലഭ്യമാകുന്നത് അടുക്കള മുറ്റത്തെ കോഴി വളര്‍ത്തലിലൂടെയാണ്്. കേരളത്തില്‍ വ്യാവസായിക രീതിയിലുള്ള ഒരു ഉത്പാദനം ഇപ്പോളും പ്രായോഗിക തലത്തിലെത്തിയിട്ടില്ല. വലിയ വലിയ പൗള്‍ട്രി ഫാമുകളും തീറ്റ ഉത്പാദിപ്പിക്കുന്ന ഫാക്റ്ററികളുമൊന്നും കേരളത്തിലില്ല. അതുകൊണ്ട് തന്നെ ചെറുകിട രീതിയിലുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് നമ്മുടെ പദ്ധതികള്‍ പോലും മുന്നോട്ട് പോകുന്നത്.'

എട്ടു വര്‍ഷം വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ പൗള്‍ട്രി വിഭാഗത്തില്‍ ജോലി ചെയ്ത ഡോ.അജിത് ബാബു മൂന്ന് വര്‍ഷങ്ങളായി കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്റ് മാനേജ്‌മെന്റില്‍ സ്‌പെഷല്‍ ഓഫീസറായിരുന്നു. അയല്‍ സംസ്ഥാനങ്ങളിലെ കോഴി വളര്‍ത്തലും കേരളത്തിലെ കോഴിക്കൃഷിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഡോ.അജിത് ബാബു വിശദമാക്കുന്നു.

'കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കോഴിവളര്‍ത്തല്‍ പദ്ധതി എന്ന പേരില്‍ നമ്മള്‍ വിതരണം ചെയ്യുന്നത് സങ്കരയിനം കോഴിക്കുഞ്ഞുങ്ങളെയാണ്. ഇത്തരം കോഴികള്‍ വര്‍ഷത്തില്‍ 180 മുട്ടകള്‍ മാത്രമേ ഇടുകയുള്ളു. അതുകൊണ്ടുതന്നെ സ്വയം പര്യാപ്തത എന്ന ആശയം മുന്‍നിര്‍ത്തി സങ്കരയിനം കോഴികളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ അത്രയേറെ കോഴികളെ ആവശ്യമായി വരും. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ആവശ്യാനുസരണം മുട്ടകള്‍ ലഭ്യമാണ്. അവിടെ നടക്കുന്നത് ഊര്‍ജിതമായ ഉത്പാദനമാണ്. വന്‍കിട ഫാമുകളില്‍ ലക്ഷക്കണക്കിന് കോഴികളെ വളര്‍ത്തി അവയില്‍ നിന്നും യന്ത്രവത്കൃത സംവിധാനങ്ങളിലൂടെ മുട്ടകള്‍ ശേഖരിച്ച് പായ്ക്ക് ചെയ്ത് വിതരണത്തിന് എത്തിക്കുകയെന്നതാണ് അയല്‍സംസ്ഥാനങ്ങളിലെ രീതി. തമിഴ്‌നാടാണ് ഏറ്റവും കൂടുതല്‍ മുട്ട ഉത്പാദിപ്പിക്കുന്ന സംസ്ഥാനം. നാമക്കല്‍ അറിയപ്പെടുന്നത് തന്നെ മുട്ട ഉത്പാദനത്തിന്റെ തലസ്ഥാനമായാണ്.'

കേരളത്തില്‍ ഉത്പാദനം ലാഭകരമല്ലെന്നും തീറ്റച്ചെലവ് കൂടുതലാണെന്നും ഇദ്ദേഹം പറയുന്നു. ഒരു മുട്ടക്കോഴിക്ക് 110 ഗ്രാം സമീകൃത കോഴിത്തീറ്റ നല്‍കണമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഈ തീറ്റ നല്‍കണമെങ്കില്‍ കേരളത്തിലെ ശരാശരി കര്‍ഷകന് 2 രൂപ 80 പൈസ തീറ്റച്ചെലവ് വരും. ഇതേ അളവിലുള്ള തീറ്റ തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കുന്നത് രണ്ട് രൂപയില്‍ താഴെയാണ്. അങ്ങനെ വരുമ്പോള്‍ ഒരു മുട്ടയുടെ പുറത്ത് 80 പൈസയോളം കേരളത്തിലെ കോഴിക്കര്‍ഷകര്‍ക്ക് ചെലവ് വരുന്നു.

ഇതിന്റെ കാരണം തീറ്റയുടെ അസംസ്‌കൃത പദാര്‍ഥങ്ങളായ ചോളം, തവിട്, സോയ എന്നിവയ്‌ക്കെല്ലാം നമ്മള്‍ക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുവെന്നതാണെന്ന് ഇദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഇങ്ങനെ കൊണ്ടുവരുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗപ്പെടുത്തി കേരളത്തില്‍ തീറ്റ ഉത്പാദിപ്പിക്കുമ്പോള്‍ തീറ്റയുടെ ചിലവ് കൂടുന്നു. അപ്പോള്‍ വലിയൊരു ഇന്‍വെസ്റ്റ്‌മെന്റ് വരുന്നു.

കോഴികളെ വീട്ടുവളപ്പില്‍ തുറന്നുവിട്ട് വളര്‍ത്തുന്ന കേരളത്തില്‍ 1000 കോഴികളെ ഒരുമിച്ച് വളര്‍ത്തുമ്പോള്‍ അതിനാവശ്യമായ സ്ഥലം വേണം. ഇത്രയേറെ ജനസാന്ദ്രതയുള്ള കേരളത്തില്‍ അതിനുള്ള സാധ്യത വളരെക്കുറവാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിയമങ്ങളും ആരോഗ്യവകുപ്പിന്റെ പരിശോധനകളും പഞ്ചായത്തിന്റെ നിയമങ്ങളുമെല്ലാം പാലിക്കേണ്ടി വരുന്ന കോഴിക്കര്‍ഷകന് ഓരോ വര്‍ഷവും 50 അല്ലെങ്കില്‍ 100 മീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരുടെ സമ്മതപത്രം ഹാജരാക്കേണ്ടതുണ്ട്. ഇത് കോഴിക്കര്‍ഷകര്‍ക്ക് പ്രായോഗികമായി വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാല്‍ത്തന്നെ വലിയ ഫാമുകള്‍ കേരളത്തില്‍ വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമേ നിര്‍മിക്കാന്‍ കഴിയുകയുള്ളുവെന്ന് ഡോ.അജിത് ബാബു വ്യക്തമാക്കുന്നു.

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന എഗ്ഗര്‍ നഴ്‌സറികളാണ് കേരളത്തിലെ കോഴി കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം. കേരളത്തിലെ കോഴിക്കര്‍ഷകരെ വളരാന്‍ അനുവദിക്കാത്തതത് ആര്? (തുടരും)

Content highlights: Agriculture, Animal husbandry, Ornamental chicken, Challenges

Read more : Part 1 :വിപണിയില്‍ ഡിമാന്‍ഡ്, തൊഴിലവസരം ഏറെ, വഴിയറിയാതെ കേരളം

Part 2: 'കൈയില്‍ പൈസയുണ്ടെന്ന് കരുതി നിങ്ങള്‍ ബ്രോയിലര്‍ ഫാം തുടങ്ങരുത്'

വായനക്കാരുടെ അഭിപ്രായം രേഖപ്പെടുത്താം: feedback@mpp.co.in

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram