കുറവിലങ്ങാട്: തമിഴ്നാട്ടില്‍നിന്നുള്ള വരവ് കുറയുകയും ആവശ്യക്കാര്‍ കൂടുകയും ചെയ്തതോടെ ഇറച്ചിക്കോഴി വില ഉയര്‍ന്നു. 136-145 രൂപയ്ക്ക് ഇടയിലാണ് പലയിടങ്ങളിലെ വില. രണ്ടാഴ്ചക്കിടെ കോഴിവിലയില്‍ 51-54 രൂപയുടെ വര്‍ധനവാണുണ്ടായത്. ചരക്ക് സേവന നികുതി (ജി.എസ്.ടി.) നിലവില്‍ വന്നശേഷം ആദ്യമായാണ് ഇറച്ചിക്കോഴി വില ഇത്രയും ഉയരുന്നത്.
രണ്ടാഴ്ച മുന്‍പ് ഇറച്ചിക്കോഴിക്ക് 87 രൂപയായിരുന്നു വില. തമിഴ്നാട്ടില്‍നിന്നുള്ള ഇറച്ചിക്കോഴി കുഞ്ഞുങ്ങളുടെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമായി വ്യാപാരികള്‍ പറയുന്നത്. കേരളത്തിലെ ഫാമുകളിലേക്ക് കോഴിക്കുഞ്ഞുങ്ങളുടെ വരവ് കുറഞ്ഞിട്ട് രണ്ടാഴ്ചയായി. ഇതുമൂലം കേരളത്തിലെ ആഭ്യന്തര ഉത്പാദനവും കുറഞ്ഞു.
മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ഇറച്ചിക്കോഴി എത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ചെലവും കൂടിയായപ്പോള്‍ വില വീണ്ടും കൂടി.
കഴിഞ്ഞമാസം കോഴി ഉത്പാദനം വര്‍ധിച്ചതിനെ തുടര്‍ന്ന് വില 80 രൂപവരെ താഴ്ന്നിരുന്നു. വില ഇടിഞ്ഞതിനാല്‍ കേരളത്തില്‍ ചെറുകിട ഫാമുകള്‍ പൂട്ടിപ്പോകേണ്ട അവസ്ഥവരെയുണ്ടായി. കോഴിയുടെ ഇപ്പോഴത്തെ ലഭ്യതക്കുറവിന് ഇതും ഒരു കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
വില കൂടിയപ്പോഴും കച്ചവടം കൂടുന്നേയുള്ളൂ. പെരുന്നാളും വിവാഹങ്ങളും ഒക്കെയായി ആവശ്യക്കാര്‍ ഏറെയുള്ള സമയത്ത് കോഴി ലഭ്യത കുറയുന്നതില്‍ വ്യാപാരികള്‍ ആശങ്കയിലാണ്. കുടുംബശ്രീ വഴി ഇറച്ചിക്കോഴികളെ വളര്‍ത്തി വില്പനക്കെത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപടി ഒന്നുമായില്ല. സര്‍ക്കാര്‍ വില നിശ്ചയിച്ചാലും നിയന്ത്രിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലെ ഫാം ഉടമകളാണ്.
Content highlights: Poultry farm in Kerala, Chicken, Animal husbandry