മനുഷ്യന്റെ ആഹാരത്തില്‍ ശരാശരി 70 ഗ്രാം മാംസ്യം ആവശ്യമാണ്. എന്നാല്‍ നമുക്ക് ലഭിക്കുന്നത് 50 ഗ്രാം മാത്രമാണ്. ഇവ ലഭ്യമാകണമെങ്കില്‍ കൂടുതല്‍ മാംസ്യം ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടതുണ്ട്. കോഴി മാംസം കഴിക്കുന്നതിലൂടെ ശരീരത്തില്‍ മാംസ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാം.
മാംസോല്‍പാദനത്തിനായി വളര്‍ത്തുന്ന കോഴികള്‍ 8 മുതല്‍ 12 ആഴ്ച വരെ പ്രായമാകുമ്പോള്‍ നാലു മുതല്‍ നാലര കിലോഗ്രാം വരെ തീറ്റ ആവശ്യമുള്ളവയാണ്. ഈ സമയത്ത് ഇവയ്ക്ക് ഒന്നര കിലോഗ്രാം മുതല്‍ രണ്ട് കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും. സാധാരണയായി എട്ടാഴ്ചവരെയാണ് ഇറച്ചിക്കോഴികളെ വളര്‍ത്തി വരുന്നത്. ഇതിനേക്കാള്‍ മുമ്പേ കോഴികളെ വിറ്റ് കാശാക്കുന്നവരുണ്ട്.
പാര്‍പ്പിടം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഒരു കോഴിക്ക് ഒരു ചതുരശ്ര അടി എന്ന തോതില്‍ സ്ഥലം നല്‍കണം (100 കോഴികള്‍ക്ക് 100 ചതുരശ്ര അടി)
- കൂട് നഗരത്തില്‍ നിന്നും ജനവാസ പ്രദേശങ്ങളില്‍ നിന്നും അകലെ ആയിരിക്കണം.
- കൂട് വരെ റോഡ് സൗകര്യം ഉണ്ടായിരിക്കണം
- തീറ്റയും മറ്റു വസ്തുക്കളും ഷെഡ്ഡിനടുത്തേക്ക് എത്തിക്കാനുള്ള സൗകര്യത്തിനായാണ് ഇത്
- കോഴിക്കുഞ്ഞുങ്ങള്‍ വരുന്നതിന് മുമ്പ് തന്നെ 'ലിറ്റര്‍' (വസിക്കുവാനുള്ള തറയുടെ സജ്ജീകരണം) ഒരുക്കിയിരിക്കണം
- തറവിരിക്കുന്നതിനായി മരപ്പൊടിയോ, ഉമിയോ ഉപയോഗിക്കാം
- ആദ്യ ദിവസം ചോളപ്പൊടി (ചെറുകഷ്ണങ്ങള്‍) അരിപ്പൊടി മുതലായവ കടലാസില്‍ നല്‍കാം.
- അധികം ഉയരമില്ലാത്ത ചെറിയ പാത്രങ്ങളില്‍ വെള്ളവും നല്‍കാം.
- മൂലകളില്‍ പോയി കാത്തിരിക്കാന്‍ 'ചിക്കന്‍ഗാര്‍ഡ്' നല്‍കിയിരിക്കണം.
- ക്രമമായ അളവില്‍ ചൂട് കിട്ടത്തക്കവണ്ണം ബള്‍ബുകള്‍ സജ്ജീകരിച്ച് വെയ്ക്കണം.
- ചൂട് കൂടുതലാണെങ്കില്‍ ഇവ ബള്‍ബില്‍നിന്ന് അകന്ന് നില്‍ക്കും.
- അപ്പോള്‍ ബള്‍ബ് ഉയര്‍ത്തി ചൂട് ക്രമീകരിക്കാം. ചൂട് കുറവാണെങ്കില്‍ എല്ലാ കുഞ്ഞുങ്ങളും ബള്‍ബിന്റെ അടിവശത്ത് വന്ന് കൂട്ടത്തോടെ കിടക്കും. അപ്പോള്‍ ബള്‍ബ് താഴ്ത്തിക്കൊടുക്കാം.
- മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം 'ചിക്കന്‍ ഗാര്‍ഡ്' ഒഴിവാക്കാം
- 'സറ്റാര്‍ട്ടര്‍' തീറ്റ മൂന്ന് ആഴ്ച വരെ നല്‍കണം.
- പിന്നീട് 'ഫിനിഷര്‍' തീറ്റ 40-56 ദിവസം വരെ നല്‍കാം.
- ഷെഡ്ഡിനടുത്ത് ക്ഷുദ്രജീവികളുടെ ഉപദ്രവം ഉണ്ടായിരിക്കരുത്
- ഷെഡ്ഡും പരിസരവും മലിനമാവരുത്. അണുനാശിനി ഉപയോഗിച്ച് ഷെഡ്ഡിന്റെ പരിസരം വൃത്തിയാക്കണം
- ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം ഇവ വളരേണ്ടത്. ഷെഡ്ഡിനകത്ത് സംഗീതം നല്‍കിയാല്‍ ഇവയുടെ മാനസികമായ വളര്‍ച്ചകാരണം കൂടുതല്‍ ഭക്ഷണം കഴിക്കുകയും കൂടുതല്‍ തൂക്കം വരുകയും ചെയ്യും.
- ഷെഡ്ഡിന് രണ്ടടി പൊക്കത്തില്‍ ഇഷ്ടികയോ കല്ലോ വെച്ച് ചുവരുകള്‍ നിര്‍മിക്കണം. പിന്നീട് നാല് അടി പൊക്കിയാല്‍ 'വലകള്‍' ഉപയോഗിച്ച് പൊക്കണം.
- ഷെഡ്ഡിന്റെ മേല്‍ക്കൂര ഓല, ഓട് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് നിര്‍മിക്കാം.
- പരിചരിക്കുന്ന ആള്‍ക്കാര്‍ 'ശുചിത്വം' പാലിക്കണം.
- കൂട്ടില്‍ വെള്ളം വീണുകഴിഞ്ഞാല്‍ ആ ഭാഗത്തുള്ള 'ലിറ്റര്‍' ഉടന്‍ മാറ്റണം.
- ഒരു ബാച്ച് കോഴികളെ വിറ്റുകഴിഞ്ഞാല്‍ 'ലിറ്റര്‍' മാറ്റണം, അണുനാശിനി ഉപയോഗിച്ച് കൂട് വൃത്തിയാക്കിയതിനുശേഷം പുതിയ ലിറ്റര്‍ ഇട്ട് കൊടുക്കണം.
- ലിറ്ററില്‍ ചെറിയ തോതില്‍ കുമ്മായം ഇട്ട് ഇളക്കി വിരിച്ചാല്‍ കോഴികാഷ്ടത്തിന്റെ ദുര്‍ഗന്ധവും അണുക്കളേയും ഒഴിവാക്കാം.
- ചുരുങ്ങിയത് 15 ദിവസം കഴിഞ്ഞതിനു ശേഷം വേണം പുതിയ ബാച്ച് കോഴികളെ ഷെഡില്‍ വളര്‍ത്തുവാന്‍.
- മഴക്കാലങ്ങളില്‍ മഴ ഷെഡില്‍ അടിച്ചുകയറാതെ ശ്രദ്ധിക്കണം.
- ധാതുലവണ മിശ്രിതങ്ങളും ജീവകങ്ങളും അടങ്ങിയ മരുന്നുകള്‍ നല്‍കണം.
- തീറ്റ, പാത്രത്തില്‍ നിറച്ച് ഇടരുത്. മുക്കാല്‍ ഭാഗം തീറ്റ നിറച്ചാല്‍ മതിയായി കഴിയുമ്പോള്‍ വീണ്ടും വീണ്ടും നല്‍കാന്‍ മറക്കരുത്. തീറ്റ പാഴായി പോകാതിരിക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്.
- ഇവ പേടിച്ചാല്‍ 'അഡ്രിനലിന്‍' എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുകയും തൂക്കം കുറയുകയും ചെയ്യും. അതുകൊണ്ട് ഇവയ്ക്ക് സന്തോഷം നല്‍കി വളര്‍ത്തണം.