വേനല്‍ച്ചൂട് കോഴികളെ ബാധിക്കുന്നതെങ്ങനെ ?


ഡോ. മുഹമ്മദ് ആസിഫ് എം.

7 min read
Read later
Print
Share

പൊള്ളുന്ന വെയിലിനെക്കുറിച്ചോര്‍ക്കുമ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പലര്‍ക്കും മടിയാണ്. അത്രയ്ക്കുണ്ട് പകല്‍ച്ചൂട്. നിര്‍ജ്ജലീകരണവും സൂര്യാഘാതവും സൂര്യതാപവുമടക്കം ഉണ്ടാവാനിടയുള്ള വേനല്‍ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ തന്നെ നല്‍കിക്കഴിഞ്ഞു. ഉയര്‍ന്ന അന്തരീക്ഷ താപനിലയും ആര്‍ദ്രതയും മനുഷ്യരിലെന്നപോലെ മൃഗങ്ങളിലും പക്ഷികളിലും നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

കോഴി വളര്‍ത്തലിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷതാപനില 19 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഈ അനുകൂല താപപരിധിയില്‍ വരുന്ന നേരിയ മാറ്റങ്ങള്‍ പോലും പക്ഷികളുടെ ആരോഗ്യത്തെയും ഉത്പാദനത്തെയും സാരമായി ബാധിക്കും.

കോഴികളുടെ സ്വാഭാവിക ശരീരതാപനില പൊതുവെ ഉയര്‍ന്നതാണ്. 41 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയാണത്. ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും 30 ഡിഗ്രി സെല്‍ഷ്യസ് മീതെ അന്തരീക്ഷതാപനില ഉയരുന്നതും കോഴികളുടെ ശരീരതാപനിയന്ത്രണ സംവിധാനത്തെ തകരാറിലാക്കുന്നു. ഒപ്പം ദഹനപ്രക്രിയ വഴിയും മറ്റും ശരീരത്തിനകത്ത് താപം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും.

വിയര്‍പ്പുഗ്രന്ഥികള്‍ ഇല്ലാത്തതിനാല്‍ ബാഷ്പീകരണത്തിലൂടെ അധിക ശരീരതാപം പുറന്തള്ളാന്‍ കഴിയാതെ പക്ഷികള്‍ ഉഷ്ണസമ്മര്‍ദ്ദത്തിലാവും. കട്ടികൂടിയ തൂവല്‍ ആവരണവും തൊലിക്കടിയിലെ കൊഴുപ്പുപാളികളും ഈ സമ്മര്‍ദ്ദത്തെ കൂട്ടും. ഇത് ഫലപ്രദമായി നിയന്ത്രിക്കാത്ത പക്ഷം പക്ഷികള്‍ കൂട്ടമായി മരണപ്പെടുകയും ചെയ്യാം.

ഉഷ്ണസമ്മര്‍ദ്ദം കോഴികളില്‍

നന്നായി തീറ്റയെടുത്തിരുന്ന കോഴികള്‍ പെട്ടെന്ന് തീറ്റയോട് മടുപ്പ് കാണിക്കല്‍, ഉയര്‍ന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛ്വാസം, വായ് തുറന്ന് പിടിച്ചുള്ള ശ്വാസമെടുപ്പ്, ധാരാളം വെള്ളം കുടിക്കുന്നതും തണലിടങ്ങളില്‍ കൂട്ടമായി തൂങ്ങിനില്‍ക്കുന്നതുമെല്ലാം ഉഷ്ണസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്.

കൂടുതല്‍ സമയം നില്‍ക്കാനുള്ള പ്രവണത കാണിക്കുന്നതും ചിറകുകള്‍ ഉയര്‍ത്തിയും, വിടര്‍ത്തിയിടുന്നതുമാണ് മറ്റു ലക്ഷണങ്ങള്‍. മുട്ടക്കോഴികളില്‍ മുട്ടയുല്‍പ്പാദനം 30 മുതല്‍ 40 ശതമാനംവരെ പെട്ടെന്ന് കുറയുന്നതിനൊപ്പം മുട്ടയുടെ വലുപ്പവും പുറംതോടിന്റെ കനവും കുറയുന്നതിനും മുട്ടകള്‍ പെട്ടെന്ന് പൊട്ടുന്നതിനും ഉഷ്ണസമ്മര്‍ദ്ദം കാരണമാവും.

കൂടുകളില്‍ അടച്ചിട്ട് വളര്‍ത്തുന്ന പക്ഷികളാണ് ഡീപ്പ് ലിറ്റര്‍ രീതിയില്‍ വളര്‍ത്തുന്ന പക്ഷികളേക്കാള്‍ കൂടുതലായി ഉഷ്ണസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുക. മുട്ടക്കോഴികളേക്കാള്‍ ബ്രോയിലര്‍ ഇറച്ചിക്കോഴികളെയാണ് ഉഷ്ണസമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ ബാധിക്കുക. ചൂട് കാരണം തീറ്റയെടുപ്പും, തീറ്റപരിവര്‍ത്തനശേഷിയും കുറയുന്നത് ഇറച്ചി കോഴികളില്‍ വളര്‍ച്ചയും ഭാരവും കുറയാന്‍ കാരണമാവും. താപനില 32 ഡിഗ്രിക്ക് മുകളില്‍ ഓരോ ഡിഗ്രി വര്‍ദ്ധിക്കും തോറും തീറ്റപരവര്‍ത്തനശേഷിയും, വളര്‍ച്ചയും 5 ശതമാനം വരെ കുറയും. മാത്രവുമല്ല പ്രതിരോധശേഷി കുറയുന്നത് കാരണം കോഴിവസന്ത , കോഴിവസൂരി , കണ്ണുചീയല്‍ രോഗം അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയുള്ള കാലം കൂടിയാണ് വേനല്‍.

ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പം കോക്‌സീഡിയോസിസ് , മൈക്കോ ടോക്‌സിക്കോസിസ് അഥവാ പൂപ്പല്‍ വിഷബാധ തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാഹചര്യമൊരുക്കും. കോഴികളെ അത്യുഷ്ണത്തില്‍ നിന്ന് കാത്തുരക്ഷിക്കാന്‍ ശ്രദ്ധാപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ വേണം.

ഉഷ്ണസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍

അത്യുഷ്ണത്തെ പ്രതിരോധിക്കാന്‍ കോഴികള്‍ക്ക് യഥേഷ്ടം തണുത്ത ശുദ്ധജലം ലഭ്യമാക്കണം. സാധാരണയേക്കാള്‍ നാലിരട്ടി വരെ കൂടുതല്‍ കുടിവെള്ളം കോഴികള്‍ക്ക് ആവശ്യമായി വരും. സാധാരണ ക്രമീകരിക്കുന്നതിനേക്കാള്‍ ഇരട്ടിയെണ്ണം അധിക വെള്ളപ്പാത്രങ്ങളും 10% അധിക സ്ഥലവും ഷെഡില്‍ ഒരുക്കണം. ശുദ്ധജലം ഉറപ്പുവരുത്തുന്നതോടൊപ്പം വിപണിയില്‍ ലഭ്യമായ വിവിധ ഇലക്‌ട്രോലൈറ്റ് മിശ്രിതങ്ങള്‍ (ഇലക്‌ട്രോകെയര്‍, ഇലക്‌ട്രോലൈറ്റ് സി, ടോളോലൈറ്റ് തുടങ്ങിയ ) ഒരു ലിറ്റര്‍ കുടിവെള്ളത്തില്‍ രണ്ട് ഗ്രാം എന്ന അളവില്‍ ചേര്‍ത്ത് കോഴികള്‍ക്ക് നല്‍കണം. ഒരോ നാല് ലിറ്റര്‍ വെള്ളത്തിലും അഞ്ച് ഗ്രാം വീതം പഞ്ചസാരയും അപ്പക്കാരവും (ബേകിംഗ് സോഡ), ഉപ്പും, പൊട്ടാസ്യം ക്ലോറൈഡ് പൊടിയും ചേര്‍ത്ത് ഇലക്‌ട്രോലൈറ്റ് ലായനി തയ്യാറാക്കിയും പക്ഷികള്‍ക്ക് നല്‍കാം.
ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തല്‍ വേനലില്‍ ഏറെ പ്രധാനമാണ്. അല്ലാത്തപക്ഷം സാല്‍മണെല്ലോസിസ്, കോളിഫാം തുടങ്ങിയ രോഗങ്ങള്‍ ഫാമിന്റെ പടികയറിയെത്തും. കുടിവെള്ളം അണുവിമുക്തമാക്കുന്നതിനായി ബ്ലീച്ചിംഗ് പൗഡറോ, വിപണിയില്‍ ലഭ്യമായ Sokrena, Zysept, Tetrasan തുടങ്ങിയ (1 മി.ലി വീതം 10 ലിറ്റര്‍ വെള്ളത്തില്‍) രാസസംയുക്തങ്ങളോ ഉപയോഗിക്കാം. 500 ലിറ്റര്‍ വെള്ളത്തില്‍ 2.5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്തിളക്കി അരമണിക്കൂറിന് ശേഷം കോഴികള്‍ക്ക് നല്‍കാം. തുടര്‍ച്ചയായി എല്ലാ ദിവസവും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ദിവസേനെ 500 ലിറ്റര്‍ വെള്ളത്തില്‍ 1.5 ഗ്രാം എന്ന കണക്കില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ചാല്‍ മതി. 0.01% പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയും കുടിവെള്ളം അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം.

20 ലിറ്റര്‍ വീതം വെള്ളത്തില്‍ 500 മി. ഗ്രാമിന്റെ ക്ലോറിന്‍ ടാബ്‌ലറ്റ് ചേര്‍ത്തും വെള്ളം ശുദ്ധീകരിക്കാം. പത്ത് ലിറ്റര്‍ വെള്ളത്തില്‍ ഒരു മില്ലീലിറ്റര്‍ വീതം പോവിഡോണ്‍ അയഡിന്‍ ലായനി ചേര്‍ത്തും കുടിവെള്ളം അണുവിമുക്തമാക്കാം. ഒരു മില്ലീലിറ്റര്‍ വീതം വിനാഗിരി, അസറ്റിക് ആസിഡ് അഞ്ച് ലിറ്റര്‍ കുടിവെള്ളത്തില്‍ ചേര്‍ത്താല്‍ അപകടകരമായ അണുക്കള്‍ നശിക്കും.

കുടിവെള്ള ടാങ്കും, വിതരണ പൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് മറച്ചാല്‍ വെള്ളം ചൂടുപിടിക്കുന്നത് തടയാം. മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ച് കൂട്ടില്‍ ഒരുക്കുന്നതും, കുടിയ്ക്കുന്നതിനൊപ്പം കോഴികള്‍ക്ക് അവയുടെ തലമുക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരിക്കുന്നതും നല്ലതാണ്. ജലശേഖരണ ടാങ്കുകള്‍ തണലുള്ളിടത്തേക്ക് മാറ്റുകയോ തണല്‍ മേലാപ്പ് ഒരുക്കുകയോ വേണം.

സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് മേല്‍ക്കൂര നനക്കുന്നതും, മേല്‍ക്കൂരയ്ക്ക് മുകളില്‍ ചണച്ചാക്കോ തെങ്ങോലമടഞ്ഞോ വിരിക്കുന്നതും വശങ്ങളില്‍ ചണച്ചാക്ക് നനച്ച് തൂക്കിയിടുന്നതും ഫാമിനുള്ളിലെ ചൂട് കുറയ്ക്കും. മേല്‍ക്കൂര വെള്ളപൂശുന്നതും പ്രയോജനപ്രദമാണ്. ഒപ്പം മേല്‍ക്കൂരയ്ക്ക് കീഴെ ഇരുണ്ടതോ കറുത്തതോ ആയ പെയിന്റ് പൂശുകയും ചെയ്യാം. മേല്‍ക്കൂരയ്ക്ക് മുകളില്‍ ഓല വിരിക്കുമ്പോള്‍ ചായ്പ്പ് 3-5 അടിവരെ നീട്ടി വിരിക്കാന്‍ ശ്രദ്ധിക്കണം. മേല്‍ക്കൂരയ്ക്ക് കീഴെ ഓലയോ ഗ്രീന്‍ നെറ്റോ ഉപയോഗിച്ച് അടിക്കൂര (സീലിംങ്ങ്) ഒരുക്കുന്നതും ഉള്ളിലെ താപം കുറയ്ക്കും.

നല്ല വായുസഞ്ചാരം ഉറപ്പുവരുത്തണം. വശങ്ങളിലും ചുമരുകളിലും വലക്കണ്ണികളിലും അടിഞ്ഞുകൂടിയ മാറാലയും തൂവല്‍ മറ്റ് അവശിഷ്ടങ്ങളുമെല്ലാം വൃത്തിയാക്കി വായുസഞ്ചാരം സുഗമമാക്കണം. വായുസഞ്ചാരം സുഗമമാക്കാന്‍ ഫാനുകളും ഘടിപ്പിക്കാം. ഷെഡ്ഡിന്റെ മധ്യഭാഗത്ത് തറയില്‍ നിന്നും മേല്‍ക്കൂരയിലേക്ക് 3-3.5 മീറ്റര്‍ വരെ ഉയരം ഉണ്ടായിരിക്കേണ്ടത് മികച്ച വായുസഞ്ചാരത്തിന് അനിവാര്യമാണ്.
ഡീപ് ലിറ്റര്‍ രീതിയിലാണ് വളര്‍ത്തുന്നതെങ്കില്‍ പഴയ ലിറ്റര്‍ മാറ്റി രണ്ട് ഇഞ്ച് കനത്തില്‍ പുതിയ ലിറ്റര്‍ വിരിക്കാനും ശ്രദ്ധിക്കണം. ചൂടു കുറഞ്ഞ സമയങ്ങളില്‍ 2-3 തവണ തറ വിരിപ്പ് ഇളക്കി നല്‍കണം.വേനലില്‍ തറവിരിപ്പൊരുക്കാന്‍ അര്‍ക്കപ്പൊടിയേക്കാള്‍ ഉത്തമം ചകിരിച്ചോറാണ്.

പുതിയ കോഴി ഷെഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ അത് കിഴക്ക്-പടിഞ്ഞാറ് (East-West) ദിശയില്‍ പണികഴിപ്പിക്കാന്‍ ശ്രമിക്കണം. ഇത് സൂര്യപ്രകാശം നേരിട്ട് പക്ഷികളുടെ മേല്‍ പതിക്കുന്ന സാഹചര്യത്തെ ഒഴിവാക്കും. ഒപ്പം ഫാമിന് ചുറ്റും ധാരാളം തണല്‍ മരങ്ങളും, ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുകയും ചെയ്യാം. കിഴക്ക് പടിഞ്ഞാറ് ദിശയില്‍ പണിതീര്‍ത്ത ഷെഡിന്റെ തെക്കെ ഭാഗത്ത് തെങ്ങോലകൊണ്ട് ആറടി വീതിയുള്ള പന്തല്‍/ഷാമിയാന നീളത്തില്‍ കെട്ടുന്നത് ഷെഡിനുള്ളില്‍ നേരിട്ട് ചൂടേല്‍ക്കുന്നത് തടയും.

വേനലും തീറ്റക്രമീകരണവും

ഉയര്‍ന്ന ചൂടുകാരണം തീറ്റയെടുക്കുന്നത് കുറയുന്നതിനാല്‍, കുറഞ്ഞ അളവില്‍ കൂടുതല്‍ പോഷകമൂല്യം അടങ്ങിയ തീറ്റകള്‍ വേണം നല്‍കേണ്ടത്. തീറ്റ ചെറുതായി നനച്ച് നല്‍കുന്നതും നല്ലതാണ്. തീറ്റ കഴിച്ച് 4 മുതല്‍ 6 മണിക്കൂറിന് ശേഷമാണ് ദഹനപ്രക്രിയ താപം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുക. പുറത്ത് തണുത്ത അന്തരീക്ഷമാണെങ്കില്‍ ഈ താപം എളുപ്പത്തില്‍ പുറന്തള്ളാന്‍ കഴിയും.

ഇതുറപ്പുവരുത്തുന്നതിനായി അതിരാവിലെയോ വൈകുന്നേരമോ, രാത്രിയോ ആയി വേണം കോഴികള്‍ക്ക് തീറ്റ നല്‍കാന്‍. ഒരു സമയം മൊത്തം തീറ്റ നല്‍കുന്നതിന് പകരം പലതവണകളായി വിഭിജിച്ച് നല്‍കണം. മൂന്നിലൊന്ന് തീറ്റ പുലര്‍ച്ചേ 4 - 5 മണിക്കിടയിലും ബാക്കി തീറ്റ വൈകീട്ട് 3 മണിക്ക് ശേഷവും രാത്രിയും നല്‍കാം. അതിരാവിലെ തീറ്റ നല്‍കുമ്പോള്‍ കൂട്ടില്‍ മതിയായ വെളിച്ചം നല്‍കണം.

പകല്‍ മുഴുവന്‍ ധാരാളം വെള്ളവും ധാതുമിശ്രിതങ്ങളും കുറഞ്ഞ തോതില്‍ പച്ചപ്പുല്ല് അടക്കമുള്ള തീറ്റകളും നല്‍കാം. 50 എണ്ണം കോഴികള്‍ക്ക് 1 കിലോഗ്രാംവരെ മേന്‍യുള്ള പച്ചപ്പുല്ല് അരിഞ്ഞ് തീറ്റയായി നല്‍കാം. ജലാംശം കൂടിയ ഇലകളും അസോളയടക്കമുള്ള തീറ്റവിളകളും പക്ഷികള്‍ക്ക് നല്‍കാം.

പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ,സി,ഡി,ഇ അടക്കമുള്ള പോഷകങ്ങള്‍ അടങ്ങിയ വിറ്റാമിന്‍ ധാതുലവണ മിശ്രിതങ്ങള്‍ (ഗ്രോവിപ്ലക്‌സ്, വിമറാല്‍) തീറ്റയില്‍ 20-30 ശതമാനം വരെ കൂടുതലായി ഉള്‍പ്പെടുത്തണം. കാത്സ്യം 3-3.5 ശതമാനം വരെ മുട്ടക്കോഴികളുടെ തീറ്റയില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കക്കയുടെ പുറന്തോട്, പൊടിച്ച തരികള്‍ ഇതിനായി ഉപയോഗപ്പെടുത്താം.

സോഡിയം സാലിസിലേറ്റ്, അമോണിയം ക്ലോറൈഡ്/നവസാരം (1%), പൊട്ടാസ്യം ക്ലോറൈഡ് സോഡിയം ബൈ കാര്‍ബണേറ്റ് തുടങ്ങിയ ഘടകങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു ശതമാനം വീതം എന്ന നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കാം. സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം), 1% എന്ന നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കുന്നത് മുട്ടയുടെ പുറംതോടിന്റെ ഗുണവും മെച്ചപ്പെടുത്തും. യീസ്റ്റ് അടങ്ങിയ തീറ്റ മിശ്രിതങ്ങള്‍ (ഫീഡ്അപ് യീസ്റ്റ്)തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനനവും തീറ്റയെടുപ്പും കാര്യക്ഷമമാവും.

ഫാമുകളില്‍ മാത്രമല്ല മുറ്റത്തെയും മട്ടുപ്പാവിലെയുമെല്ലാം ചെറിയ കോഴിക്കൂടുകളില്‍ ചൂട് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പാലിക്കണം.

വേനല്‍രോഗങ്ങളും കരുതലും

വേനല്‍ക്കാലത്ത് കോഴികളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളില്‍ മുഖ്യമാണ് കോഴിവസന്തയും, കോഴിവസൂരിയും കണ്ണുചീയല്‍ രോഗവും ഇന്‍ഫക്ഷ്യസ് ബര്‍സല്‍ രോഗവും.
കൂട്ടംകൂടി കൂടിന്റെ ഒരു മൂലയില്‍ തലതാഴ്ത്തി തൂങ്ങി നില്‍ക്കല്‍, ധാരാളം വെള്ളം കുടിക്കുമെങ്കിലും തീറ്റയെടുക്കാതിരിക്കല്‍, വെള്ളകലര്‍ന്ന വയറിളക്കം തുടങ്ങിയവയാണ് വൈറസ് ബാധമൂലമുണ്ടാകുന്ന കോഴിവസന്ത രോഗത്തിന്റെ ലക്ഷണങ്ങള്‍. വൈറസ് ബാധയേറ്റു മൂന്നു മുതല്‍ മൂന്നാഴ്ചക്കുള്ളില്‍ വിവിധ ലക്ഷണങ്ങള്‍ വിവിധ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. രോഗബാധയേറ്റ കോഴികളുമായുള്ള സമ്പര്‍ക്കത്തിലൂടെയും അവയുടെ കാഷ്ഠം കലര്‍ന്ന് മലിനമായ കുടിവെള്ളം, തീറ്റവസ്തുക്കള്‍ എന്നിവയിലൂടെയും, വായുവിലൂടെയും വസന്ത രോഗം അതിവേഗത്തില്‍ പടര്‍ന്നു പിടിക്കും. തീവ്രത കൂടിയ വൈറസ് ബാധയില്‍ രണ്ട് മൂന്ന് ദിവസത്തിനകം മരണം സംഭവിക്കും.

പച്ച കലര്‍ന്ന വയറിളക്കം, കണ്ണുകളില്‍ നിന്നും, മൂക്കില്‍ നിന്നും നീരൊലിപ്പ്, പോളവീക്കം, ( കണ്‍ജങ്റ്റിവൈറ്റീസ്), ആയാസപ്പെട്ടുള്ള ശ്വസനം എന്നിവയാണ് ബാക്ടീരിയകള്‍ കാരണമായുണ്ടാവുന്ന ഓര്‍ണിത്തോസിസ് അഥവാ കണ്ണുചീയല്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഗുരുതരമായ രോഗം ബാധിച്ച പക്ഷികളുടെ കണ്ണ് പഴുത്ത് ചീയുന്നതായും കാണാം.പക്ഷികള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെയും, വായുവിലൂടെയും രോഗം പകരും.

വേനല്‍ കാലത്ത് കണ്ടുവരുന്ന മറ്റൊരു പ്രധാന വൈറസ് രോഗമാണ് കോഴികളിലെ വസൂരി രോഗം. ഒരുതരം കൊഴുത്ത ദ്രാവകം നിറഞ്ഞു കൊക്കിനു മുകളിലും കണ്ണിനു ചുറ്റും, കാലുകളിലും കാണപ്പെടുന്ന കുമിളകള്‍ പിന്നീട് പൊട്ടി അരിമ്പാറപോലെ ഉറച്ചതായി തീരുന്നതാണ് വസൂരി രോഗം. തൊലിപ്പുറത്തു കാണപ്പെടുന്ന വസൂരി രോഗം അത്ര മാരകമല്ലെങ്കിലും, ശരീരത്തിന്റെ ഉള്ളില്‍ പിടിപെടുന്ന വസൂരിയുടെ രൂപമായ, ഡിഫ്ത്തീരിറ്റിക് ഫോം അതീവ ഗുരുതരമാണ്. രൂക്ഷഗന്ധത്തോടു കൂടിയ വായിലും ദഹനവ്യൂഹത്തിലും രൂപപ്പെടുന്ന കുമിളകള്‍ കാരണം ഭക്ഷണം എടുക്കാന്‍ കഴിയാതെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നു.

പ്രധാനമായും 3-6 ആഴ്ച പ്രായമുള്ള ബ്രോയ്‌ലര്‍ കോഴികളെ ബാധിക്കുന്ന സാംക്രമിക വൈറസ് രോഗമാണ് ഗുംബാറോ അഥവാ ഇന്‍ഫക്ഷ്യസ് ബര്‍സല്‍ രോഗം. പക്ഷികള്‍ക്ക് പ്രതിരോധശേഷി നല്‍കുന്ന അവയവങ്ങളെയും, കോശങ്ങളെയും നശിപ്പിക്കുന്ന ഈ രോഗബാധയേറ്റാല്‍ മറ്റു പാര്‍ശ്വാണുബാധകള്‍ക്കും സാധ്യതയേറെയാണ്. പക്ഷികളിലെ മരണ നിരക്ക് 70% വരെയാണ്. ഗുംബാറോ രോഗം പിടിപെട്ടാല്‍ പക്ഷികളിലെ മരണ നിരക്ക് 70% വരെയാകും.

കോഴിവസന്ത, കോഴിവസൂരിയടക്കമുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ ചികിത്സ ഉറപ്പുവരുത്തണം.അല്ലാത്തപക്ഷം പടര്‍ന്നു പിടിക്കാന്‍ ഇടയുണ്ട്. ഗുംബാറോ രോഗം, വസൂരി രോഗം, കോഴിവസന്തയടക്കമുള്ള രോഗങ്ങള്‍ക്ക് ഫലപ്രദമായ പ്രതിരോധകുത്തിവെപ്പുകള്‍ ലഭ്യമായതിനാല്‍ മുന്‍കൂട്ടി കുത്തിവെപ്പുകള്‍ എടുത്ത് പക്ഷികളെ സുരക്ഷിതമാക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം.
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് 4-7 ദിവസം പ്രായത്തിലും മുതിര്‍ന്ന പക്ഷികള്‍ 8, 16-18 ആഴ്ചകളിലുമായി മൂന്ന് തവണ വസന്തരോഗത്തിനെതിരെ പ്രതിരോധമരുന്ന് നല്‍കണം. ആദ്യ തവണ തുള്ളി മരുന്നായി എഫ്/ലസോട്ട മരുന്നും പിന്നീട് ചിറകിലെ തൊലിക്കടിയില്‍ കുത്തിവെപ്പായി ആര്‍.ഡി.കെ. മരുന്നുമാണ് നല്‍കേണ്ടത്. 6 മാസത്തെ ഇടവേളകളില്‍ കുത്തിവെയ്പ് ആവര്‍ത്തിക്കാം. ഇതുവരെ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാത്ത കോഴികള്‍ക്കും അവസാന കുത്തിവെപ്പിന് ശേഷം ആറ് മാസം കഴിഞ്ഞവയ്ക്കും ഇപ്പോള്‍ വസന്തക്കെതിരെ കുത്തിവെയ്പ് എടുക്കാം. കോഴികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകളും വിരമരുന്നുകളും നല്‍കുന്നത് അതിരാവിലെയോ വൈകുന്നേരമോ ആയി ക്രമീകരിക്കണം.

പക്ഷികളുടെ സ്വാഭാവിക പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ ലിവര്‍ ടോണിക്കുകള്‍, മള്‍ട്ടി വൈറ്റമിന്‍ മരുന്നുകള്‍ എന്നിവയും നല്‍കാം. ഓര്‍ണിത്തോസിസ് രോഗം ബാധിച്ച പക്ഷികളുടെ കണ്ണുകള്‍ ബോറിക് ആസിഡിന്റെ നേര്‍പ്പിച്ച ലായനി ഉപയോഗിച്ച് കഴുകി ആന്റിബയോട്ടിക് ലേപനങ്ങള്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പ്രയോഗിക്കുന്നത് ഫലപ്രദമാണ്. മൂന്ന് മുതല്‍ അഞ്ച് ദിവസംവരെ തുടര്‍ച്ചയായി ടെട്രാസൈക്ലിന്‍ ആന്റിബയോട്ടിക് കുത്തിവെപ്പായി നല്‍കുന്നതും നല്ലതാണ്. ടെട്രാസൈക്ലിന്‍, ഡോക്‌സിസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കുന്ന സമയത്തു താല്‍ക്കാലികമായി കാത്സ്യം അടങ്ങിയ ടോണിക്കുകള്‍ നല്‍കാതിരുന്നാല്‍ മരുന്നിന്റെ ഫലപ്രാപ്തി വര്‍ദ്ധിക്കും.

കോഴിപ്പേനടക്കമുള്ള ബാഹ്യ പരാദങ്ങള്‍ക്ക് വേനലില്‍ സാധ്യത കൂടും. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ ബാഹ്യപരാദനാശിനികള്‍ പ്രയോഗിക്കണം. തീറ്റകള്‍ ഒരാഴ്ചയിലധികം വാങ്ങി സൂക്ഷിച്ച് വെച്ച് ഉപയോഗിക്കുന്നത് പൂപ്പല്‍ബാധയ്ക്ക് സാധ്യത ഉയര്‍ത്തും. തീറ്റവസ്തുക്കള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം തീറ്റസാധനങ്ങളില്‍ പൂപ്പല്‍ ബാധയേല്‍ക്കാതെ കരുതുകയും വേണം.

Content highlights: Animal husbandry, Chicken, Agriculture
.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram