മട്ടുപ്പാവിൽ മുട്ടക്കോഴി; നിങ്ങള്‍ക്കും കോഴിയെ വളര്‍ത്തിക്കൂടേ?


1 min read
Read later
Print
Share

മുട്ടയ്ക്കൊക്കെ എന്താ വില... ഇങ്ങനെപോയാൽ ദിവസവും മുട്ട വാങ്ങാൻ പോക്കറ്റ് അനുവദിക്കുമെന്ന് തോന്നുന്നില്ല. എങ്കിൽ നിങ്ങൾക്കൊരു കോഴിയെ വളർത്തിക്കൂടേ?

കോഴിയോ...? രണ്ട് ചീരനടാൻ സ്ഥലമില്ല, എന്നിട്ടല്ലേ കോഴി...നിങ്ങൾക്ക് വീട്ടിൽ ടെറസില്ലേ, ഉണ്ടെന്നാണെങ്കിൽ ഒന്നിനെയല്ല, ആറെണ്ണത്തിനെ വളർത്തിക്കോളൂ... പറയുന്നത് കൊല്ലം ജില്ലാപഞ്ചായത്താണ്.

സ്ഥലപരിമിതി പലർക്കും കൃഷി ചോദ്യചിഹ്നമാക്കി മാറ്റിയപ്പോഴാണ് പരിഹാരമാർഗമായി മട്ടുപ്പാവുകൃഷി എന്ന ആശയം അവതരിച്ചത്. തുണി ഉണങ്ങാനിടാനായി ഉപയോഗിച്ചിരുന്ന മട്ടുപ്പാവിൽ ചീരയും പടവലവും വിളയാൻ തുടങ്ങിയപ്പോൾ എഴുതപ്പെട്ടത് പുത്തൻ കൃഷിസംസ്കാരമാണ്. ഇതിന്റെ അടുത്ത തലത്തിലേക്കുള്ള വളർച്ചയായിരുന്നു മട്ടുപ്പാവിലെ കോഴിവളർത്തൽ.

ഇതിന്റെ സാധ്യത മനസ്സിലാക്കിയാണ് ജില്ലാപഞ്ചായത്ത് നഗരവാസികൾക്കായി പുതിയ പദ്ധതി ആവിഷ്കരിച്ചത്. കഴിഞ്ഞ 25-ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മന്ത്രി കെ.രാജു പങ്കെടുത്ത ചടങ്ങിൽ ആൻ എന്ന കർഷകയ്ക്ക് മുട്ടക്കോഴികളെ നൽകി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ആശ ശശിധരനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

5,000 രൂപ ഉപഭോക്തൃവിഹിതവും 5,000 രൂപ സർക്കാർ സബ്സിഡിയും എന്നരീതിയിലാണ് അപേക്ഷകർക്ക് ആറ്്‌ മുട്ടക്കോഴികളെവീതം നൽകുന്നത്. കോഴികളെ മാത്രമല്ല നൽകുന്നത്. മട്ടുപ്പാവിൽ ഇവയെ വളർത്താനായി കൂടും ആറുകിലോ കോഴിത്തീറ്റയും ഒപ്പമുണ്ട്‌.

കൂട്ടിൽ മുട്ട ശേഖരിക്കാനുള്ള സംവിധാനംമുതൽ കോഴിക്ക് വെള്ളം കൊടുക്കാനുള്ള സംവിധാനംവരെയുണ്ട്. ഓരോ തട്ടിലും മൂന്ന് കോഴികൾ എന്നനിലയ്ക്ക് രണ്ട് തട്ടുകളാണ് കൂടിനുള്ളത്.

ആയിരത്തിലധികം മുട്ട ഈ കോഴികളിൽനിന്നു ലഭിക്കുമെന്ന് ഗാരന്റി. മട്ടുപ്പാവിൽ മറ്റെന്തെങ്കിലും കൃഷിയുണ്ടെങ്കിൽ വളത്തിനും ഓടേണ്ട.

ആദ്യഘട്ടമെന്നനിലയിൽ 40 പേർക്കാണ് കോഴികളെ വിതരണം ചെയ്തത്. എന്നാൽ സംഗതിയറിഞ്ഞ് വിളിക്കുന്നവരുടെ എണ്ണത്തിന് കണക്കില്ലെന്നാണ് പദ്ധതിയുടെ അമരക്കാരികൂടിയായ വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ആശ ശശിധരൻ പറയുന്നത്.

കോർപ്പറേഷൻ പരിധിയിലുള്ളവർക്കുമാത്രമേ നൽകാനാവൂ എന്ന മാനദണ്ഡമാണ് പലർക്കും വിനയായത്. എന്നാൽ ഇതുപോലെ സ്വീകാര്യത ലഭിക്കുകയാണെങ്കിൽ പദ്ധതി കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ രണ്ടാമതൊന്ന്‌ ചിന്തിക്കാനില്ലെന്നും അധികൃതർ പറയുന്നു.

Content highlights: Chickens, Agriculture, Terrace, Animal husbandry

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram