തയ്യല്‍തൊഴിലാളികള്‍ക്ക് പുതിയ സംഘടന

Posted on: 20 Nov 2014കല്പറ്റ: കെ.എസ്.ടി.എ-എന്‍. എന്ന പേരില്‍ തയ്യല്‍തൊഴിലാളികള്‍ പുതിയ സംഘടന ജില്ലയില്‍ രൂപവത്കരിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ.എസ്.ടി.എ.യുടെ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. മനോഹരന്റെ നേതൃത്വത്തിലാണ് പുതിയ സംഘടന.
സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കെ.എസ്.ടി.എ.യുടെ ജില്ലാ സെക്രട്ടറിയായിരുന്ന മനോഹരനെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതായും കെ.എസ്.ടി.എ. സംസ്ഥാന ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അറിയാതെ മെമ്പര്‍ഷിപ്പും മറ്റു പിരിവുകളും നടത്തുകയും മെമ്പര്‍മാരുടെ പാസ്ബുക്കുകള്‍ തടഞ്ഞുവെക്കുകയും ചെയ്തു എന്നാരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മനോഹരന്‍ പറഞ്ഞു. മോഹന്‍ദാസിനെ ജില്ലാ പ്രസിഡന്റാക്കിയതിനാലാണ് കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റി പിരിച്ചുവിടേണ്ടി വന്നത്.
ഈ സാഹചര്യത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് കഴിഞ്ഞില്ല. അതാണ് കമ്മിറ്റി പരിച്ചുവിടാന്‍ കാരണമായത്. തനിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ നിയമനടപടി സ്വീകരിക്കും. ജില്ലയില്‍ കെ.എസ്.ടി.എ. പിരിച്ചുവിട്ടെങ്കിലും സംഘടനയുടെ മുന്‍ ജില്ലാ പ്രസിഡന്റും തയ്യല്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രഥമ ചെയര്‍മാനുമായിരുന്ന കെ.സി. നാണു രൂപവത്കരിച്ച തയ്യല്‍ പ്രസ്ഥാനമെന്ന നിലയിലാണ് അദ്ദേഹത്തിന്റെ പേരുകൂടി ചേര്‍ത്തുകൊണ്ട് കെ.എസ്.ടി.എ-എന്‍. എന്ന പേരില്‍ പുതിയ സംഘടന രൂപവത്കരിച്ചത്. കെ.കെ. ചാക്കോ, റോസ്‌ബെല്‍ ജോസ്, പത്മാവതി, അനിതാ തിലകാനന്ദ്, തങ്കമണി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad