എഴുത്തിലും തെളിഞ്ഞ വ്യക്തിത്വം

Posted on: 20 Nov 2014കോഴിക്കോട്: ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഉദ്യോഗസ്ഥനെന്നതിലുപരി എഴുത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയായിരുന്നു ബുധനാഴ്ച പുലര്‍ച്ചെ അന്തരിച്ച എന്‍. ഗോപാലകൃഷ്ണന്‍. ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം എഴുത്തും സാമൂഹിക പ്രവര്‍ത്തനങ്ങളുമായി കര്‍മ നിരതനായിരുന്നു അദ്ദേഹം.
പഠനശേഷം ന്യൂഡല്‍ഹിയിലെത്തിയ ഗോപാലകൃഷ്ണന്‍ യുനെസ്‌കോ ഓഫീസിലും ആകാശവാണിയിലും ജോലി നോക്കി. പിന്നീട് ഇന്ത്യന്‍ റെയില്‍വേ സര്‍വീസില്‍ പ്രവേശിപ്പിച്ചു. പിന്നീട് ദക്ഷിണപൂര്‍വ റെയില്‍വേ ഡിവിഷണല്‍ മാനേജരും ചീഫ് ഫിനാന്‍സ് അഡ്വൈസറുമായി. '94 ല്‍ റെയില്‍വേ ക്ലെയിം ട്രൈബ്യൂണല്‍ അംഗമായിരിക്കെ, ജോലിയില്‍നിന്ന് വിരമിച്ചു.
തന്റെ അനുഭവസമ്പത്ത് മുഴുവന്‍ എഴുത്തിലൂടെ പ്രകാശിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലാണ് അദ്ദേഹം അതുവരെ കൂടുതലായി എഴുതിയിരുന്നത്. കോഴിക്കോട്ടെത്തിയപ്പോള്‍ 'മാതൃഭൂമി'യില്‍ കെ.എന്‍. സൈഗാളിനെക്കുറിച്ചുള്ള ആദ്യ മലയാള ലേഖനം പ്രസിദ്ധീകരിച്ചു. പിന്നീട് മറ്റ് മലയാള പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി എഴുതിത്തുടങ്ങി. ആദ്യത്തെ 20 ലേഖനങ്ങളുടെ സമാഹാരം 'വാഴ്വ് എന്ന പെരുവഴി' പ്രസിദ്ധീകരിച്ചു. നമ്മ വാഴും കാലം, വന്നവഴിയില്‍ കണ്ടതും തോന്നിയതും തുടങ്ങിയ ലേഖനങ്ങളാണ് ആദ്യ കാലത്ത് പ്രസിദ്ധീകരിച്ചത്. മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ഇന്‍സൈഡര്‍ എന്ന പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്തു. എം.ടി. വാസുദേവന്‍ നായരുടെ വിലാപയാത്ര, ഇരുട്ടിന്റെ ആത്മാവ്, വാരാണസി എന്നീ കൃതികളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ഒറിയ കവി രമാകാന്തിന്റെ ശ്രീരാധ എന്ന മഹാകാവ്യം കവി പി.എം. നാരായണനൊപ്പം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിന് 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും നേടി.
ചെറുകഥയുടെ ആഖ്യാനചാരുതയും കവിതയുടെ ഔന്നത്യവും ഉപന്യാസത്തിന്റെ പ്രൗഢിയും ഉള്ളതായിരുന്നു ഗോപാലകൃഷ്ണന്റെ എഴുത്തെന്ന് പ്രശസ്തര്‍ വിലയിരുത്തി. മികച്ച വായനക്കാരന്‍ കൂടിയായ അദ്ദേഹം എം.ടി.യോടും ബഷീറിനോടുമെല്ലാം അടുപ്പം പുലര്‍ത്തിയിരുന്നു. 'സുന്ദരക്കുട്ടന്‍' എന്നാണ് ബഷീര്‍ ഇദ്ദേഹത്തെ വിളിച്ചിരുന്നത്.
സാമൂഹിക ജീവിതത്തിലും ഇടപെടലുകള്‍ നടത്തിയ വ്യക്തിയായിരുന്നു ഗോപാലകൃഷ്ണന്‍. 'തെണ്ടിഫണ്ടെ'ന്ന പേരില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിനായി പണം സ്വരൂപിച്ച് പാവങ്ങള്‍ക്ക് നല്‍കിയിരുന്നു.
ആണിന്റെ മീശ ഉയര്‍ന്ന് നില്‍ക്കണമെന്ന് പറഞ്ഞിരുന്ന അദ്ദേഹത്തിന്റെ മീശയും എല്ലാവര്‍ക്കും കൗതുകമായിരുന്നു. ഒരു ട്യൂബിന് എട്ടു ഡോളര്‍ വില വരുന്ന പ്രത്യേക വാക്‌സ് തന്റെ മീശ പരിപാലനത്തിന് അദ്ദേഹം ഉപയോഗിച്ചിരുന്നു.
കോട്ടയം സ്വദേശിയായ അദ്ദേഹം വര്‍ഷങ്ങളായി കോഴിക്കോട്ടുകാരനായാണ് ജീവിച്ചത്. സുമംഗലയാണ് ഭാര്യ. മകള്‍: ലക്ഷ്മി(യു.എസ്.എ), മരുമകന്‍: രാമന്‍(മൈക്രോസോഫ്റ്റ്, യു.എസ്.എ), സഹോദരങ്ങള്‍: ഹൈമവതി നായര്‍, ശബരീനാഥ്, ഉമാദേവി, ഇന്ദിരാദേവി, ലളിതാംബിക ദേവി, പരേതരായ മായാദേവി, ഡോ.ആര്‍.എന്‍. പണിക്കര്‍. ശവസംസ്‌കാരം വെള്ളിയാഴ്ച നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതല്‍ മൂന്നു വരെ അദ്ദേഹത്തിന്റെ വസതിയായ പഴയ കോര്‍പ്പറേഷന്‍ ഓഫീസിനുസമീപമുള്ള മെയ്‌സിന അപ്പാര്‍ട്ട്‌മെന്റില്‍ പൊതുദര്‍ശനത്തിനു വെക്കും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad