ജീവാണു വളപ്രയോഗം നടത്തിയാല്‍ 30 ശതമാനം ഉത്പാദന വര്‍ധന

Posted on: 20 Nov 2014കല്പറ്റ: നെല്ലിനും വാഴയ്ക്കും മറ്റ് വിളകള്‍ക്കും ജീവാണുവളപ്രയോഗം നടത്തുന്നതിലൂടെ ഉത്പാദനത്തില്‍ 30 ശതമാനത്തിലധികം വര്‍ധന ഉണ്ടാകുമെന്ന് കൃഷിവകുപ്പിന്റെ വയനാട് ലീഡ്‌സ് പ്രോജക്ടിന്റെ കണ്ടെത്തല്‍.
ജില്ലയില്‍ കൃഷിവകുപ്പ് ആത്മ പദ്ധതിയുടെ കീഴില്‍ നടപ്പാക്കിയ ലീഡ്‌സ് പ്രോജക്ടിലൂടെ കഴിഞ്ഞ സീസണില്‍ 660 ഹെക്ടറിലുള്ള നഞ്ച നെല്‍കൃഷിയില്‍ ജീവാണുവളമായ സ്യൂഡോ മോണാസ് പ്രയോഗിച്ചിരുന്നു. ഇപ്പോള്‍ വിളവെടുപ്പിന് തയ്യാറായ നെല്‍കൃഷിയില്‍ 30 ശതമാനത്തിന്റെ വര്‍ധന ജീവാണുവളപ്രയോഗത്തിലൂടെ സാധ്യമായതായി കണ്ടെത്തി. സാധാരണ ഒരു ഹെക്ടറില്‍ 3,000 കിലോ നെല്ല് ഉത്പാദിപ്പിക്കുമ്പോള്‍ ജീവാണുവളപ്രയോഗത്തിലൂടെ 900 കിലോയുടെ അധിക ഉത്പാദനം സാധ്യമായി.
ആത്മ പദ്ധതിയുടെ കീഴില്‍ പാലക്കാട്, വയനാട്, കണ്ണൂര്‍, കൊല്ലം ജില്ലകളിലാണ് ലീഡ്‌സ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ ലീഡ്‌സിന്റെ മേല്‍നോട്ടത്തിലാണ് കര്‍ഷകര്‍ക്ക് വളപ്രയോഗത്തിലും മറ്റ് സാങ്കേതിക കാര്യങ്ങളിലും പരിജ്ഞാനം നല്കുന്നത്.
ഇത്തരത്തില്‍ മറ്റുവിളകളിലും ജീവാണുവളം കഴിഞ്ഞ സീസണില്‍ ഫലപ്രദമായി പ്രയോഗിച്ചിരുന്നു. 86 ഹെക്ടര്‍ വാഴകൃഷിയില്‍ ജീവാണുവളപ്രയോഗം നടത്തിയപ്പോള്‍ പത്തുശതമാനത്തിന്റെ ഉത്പാദന വര്‍ധയുണ്ടായി. ജീവാണുവളപ്രയോഗം വിളകള്‍ക്ക് ഉയര്‍ന്ന രോഗപ്രതിരോധ ശേഷി, കീടരോഗ സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്നു.
കൃഷിവകുപ്പിന്റെ ലീഡ്‌സ് പ്രോജക്ടിന്റെ ആക്ഷന്‍ പ്ലാന്‍ രൂപവത്കരണത്തിന്റെ ഭാഗമായി ഒന്നാംവിളക്കാലത്ത് നടപ്പാക്കിയ സാങ്കേതികവിദ്യ പ്രയോഗത്തിന്റെ അവലോകനത്തിലാണ് ഈ കണ്ടെത്തല്‍. ലീഡ്‌സിന്റെ കീഴിലുള്ള 13 പേരടങ്ങിയ ഫീല്‍ഡ് അസിസ്റ്റന്റുമാരാണ് കര്‍ഷകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നത്. ജില്ലയിലെ രണ്ട് പഞ്ചായത്തിലേക്ക് ഒരു ലീഡ്‌സ് ഫീല്‍ഡ് അസിസ്റ്റന്റാണുള്ളത്. ഫീല്‍ഡ് അസിസ്റ്റന്റിനുകീഴില്‍ ഓരോ പഞ്ചായത്തിലും മൂന്ന് കര്‍ഷക പ്രതിനിധികളുണ്ടാകും. ഈ കര്‍ഷകരുടെ കീഴില്‍ പത്തുവീതം കര്‍ഷകരും.
ഇവര്‍ ഓരോ സീസണിലും വിളകള്‍ക്കുവേണ്ട വളപ്രയോഗം, കീടനിയന്ത്രണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കും. കാര്‍ഷിക ഗവേഷണകേന്ദ്രത്തിലും കൃഷിവകുപ്പ് മുഖേനയും ജീവാണുവളം ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. ലീഡ്‌സ് പദ്ധതിയുടെ ഭാഗമായി പ്രതിമാസ കര്‍ഷകോപദേശ പത്രികയും പ്രസിദ്ധീകരിക്കുന്നുണ്ട്. 4000-ത്തിലധികം കോപ്പി ജില്ലയിലെ കര്‍ഷകര്‍ക്ക് വിതരണംചെയ്യുന്നുണ്ട്.
കല്പറ്റയില്‍ അവലോകനയോഗവും രണ്ടാം സീസണില്‍ വിവിധ വിളകള്‍ക്കുള്ള സാങ്കേതികവിദ്യ രൂപവത്കരണയോഗവും നടത്തി. ലീഡ്‌സിന്റെ കീഴിലുള്ള ഫീല്‍ഡ് അസിസ്റ്റന്റുമാരും ആത്മയുടെ സാങ്കേതികവിദഗ്ധരും പങ്കെടുത്ത ശില്പശാലയും സംഘടിപ്പിച്ചു. ലീഡ്‌സ് സംസ്ഥാന ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് ജോസ് ജോസഫ്, ഡോ. പ്രവീണ (സുഗന്ധവിളവിജ്ഞാന കേന്ദ്രം, കോഴിക്കോട്), ഡോ. അനില്‍കുമാര്‍ (കൃഷി ഓഫീസര്‍, പൂതാടി) എന്നിവര്‍ ക്ലാസെടുത്തു.
ആത്മ പ്രോജക്ട് ഡയറക്ടര്‍ എം. ലക്ഷ്മീദേവി, ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍മാരായ ഡോ. കെ. ആശ, ഡോ. അനില്‍ സ്‌കറിയ, ലീഡ്‌സ് ജില്ലാ ടെക്‌നോളജി മാനേജര്‍ ലിന്‍ജു തോമസ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad