കുടുംബശ്രീ സമ്പൂര്‍ണ ലിങ്കേജ് തിരിച്ചടവ് നടപ്പാക്കും

Posted on: 20 Nov 2014കല്പറ്റ: ജില്ലയില്‍ ബാങ്കുകള്‍ മുഖേന സമ്പൂര്‍ണ ക്രെഡിറ്റ് ലിങ്കേജ്, വായ്പാ തിരിച്ചടവ് കാമ്പയിന്‍ എന്നിവയ്ക്കായി കുടുംബശ്രീ ജില്ലാമിഷന്‍ നടത്തുന്ന പദ്ധതികളുടെ ഭാഗമായി ബാങ്ക് മാനേജര്‍മാര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് വായ്പാ തിരിച്ചടവ് ഉറപ്പുവരുത്താനായി കമ്മിറ്റി രൂപവത്കരിച്ച് തിരിച്ചടവ് ഉറപ്പാക്കും. ബാങ്ക് ബ്രാഞ്ച് മാനേജര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സണ്‍, മെമ്പര്‍ സെക്രട്ടറി, അക്കൗണ്ടന്റ്, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സംഘകൃഷി ഗ്രൂപ്പുകള്‍, ചെറുകിട സംരംഭങ്ങള്‍, മൃഗസംരക്ഷണ മേഖലയിലെ വിവിധ ഗ്രൂപ്പുകള്‍ എന്നിവര്‍ക്കെല്ലാം ഇതിന്റെ ഗുണം ലഭിക്കും. സി.ഡി.എസ്. തലത്തില്‍ പ്രത്യേക കാമ്പയിനുകളും മേളകളും സംഘടിപ്പിക്കും.
അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള മാച്ചിങ് ഗ്രാന്റ്, പലിശ സബ്‌സിഡി, സമ്പൂര്‍ണ വായ്പാ തിരിച്ചടവ്, സമ്പൂര്‍ണ ഗ്രേഡിങ് ആന്‍ഡ് ലിങ്കേജ്, കാര്‍ഷിക വായ്പാപദ്ധതി, സമഗ്ര മൃഗസംരക്ഷണ പദ്ധതികള്‍ തുടങ്ങിയ മുഴുവന്‍ പദ്ധതികള്‍ക്കും ബാങ്ക് മുഖേന സഹായം ഉറപ്പാക്കും. പഞ്ചായത്ത് മുനിസിപ്പല്‍ തലത്തില്‍ അയല്‍ക്കൂട്ട മാച്ചിങ് ഗ്രാന്റ് മേള, ക്രെഡിറ്റ് ലിങ്കേജ് മേള എന്നിവ നടക്കും. അതോടൊപ്പം സി.ഡി.എസ്സുകളില്‍ കുടിശ്ശികയായ ഫയലുകളില്‍ അദാലത്ത് നടത്തി തീര്‍പ്പാക്കും.
മാനന്തവാടി മേഖലാ പരിശീലനം വെള്ളിയാഴ്ച മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ സബ് കളക്ടര്‍ ശീറാം സാംബശിവറാവു ഉദ്ഘടനം ചെയ്യും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad