വയനാട്ടില്‍ പിടികൊടുക്കാതെ മാവോവാദികള്‍

Posted on: 20 Nov 2014*പോലീസ് നടപടി പ്രഹസനമാകുന്നു


മാനന്തവാടി:
വയനാട് ജില്ലയില്‍ മാവോവാദികള്‍ക്കായുള്ള പോലീസിന്റെ അന്വേഷണം പ്രഹസനമായി മാറുന്നതായി പരാതി.
ചില ഉന്നതോദ്യോഗസ്ഥരുടെ താത്പര്യക്കുറവ് മൂലമാണ് ഇതെന്നാണ് ആക്ഷേപം. മറ്റിടങ്ങളെ അപേക്ഷിച്ച് വയനാട്ടില്‍ മാവോവാദികള്‍ക്ക് കേന്ദ്രീകരിക്കാനും ഒളിച്ചുകഴിയാനും ഒട്ടേറെ സൗകര്യങ്ങളുണ്ട്. ആദിവാസികോളനികള്‍ കേന്ദ്രീകരിച്ചാണ് വയനാട്ടില്‍ മിക്കപ്പോഴും മാവോവാദികളെത്താറ്. അവരുടെ ഇല്ലായ്മകള്‍ മുതലെടുത്ത് നീക്കം നടത്താനുള്ള ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. സാധാരണ പോലീസുകാര്‍ക്ക് പുറമേ തണ്ടര്‍ബോള്‍ട്ട് ജില്ലയില്‍ വന്നിട്ടും മാവോവാദികളുടെ പൊടി പോലും കണ്ടെത്താന്‍ ആര്‍ക്കുമാവുന്നില്ല.
മാവോവാദികള്‍ തിരുനെല്ലിയില്‍ തമ്പടിക്കാന്‍ സാധ്യതയുണ്ടെന്ന വിവരം ആഴ്ചകള്‍ക്കുമുമ്പ് പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍, കാര്യക്ഷമമായ മുന്‍കരുതല്‍ നടപടികളുണ്ടായില്ല. നൂതന ആയുധങ്ങളുമായി വിലസുന്ന മാവോവാദികള്‍ ഡിവൈ.എസ്.പി.ക്ക് നേരേ തോക്കുചൂണ്ടി രക്ഷപ്പെട്ട സംഭവം വരെ ജില്ലയിലുണ്ടായിട്ടുണ്ട്. മാനന്തവാടി താലൂക്കിലെ തൊണ്ടര്‍നാട് വില്ലേജിലെ കോളനിയിലായിരുന്നു ഇത്. മാവോവാദികള്‍ പോലീസുകാരനെയും കുടുംബാംഗങ്ങളെയും വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി.
മാവോവാദിപ്രശ്‌നം വയനാട്ടിലെ പോലീസുകാര്‍ക്ക് വലിയ തലവേദനയാണ്. മിക്കവരും ഇതിന്റെ പേരില്‍ അധികജോലി ചെയ്യേണ്ടിവരുന്നു. മാവോവാദികളെ നേരിടാന്‍ ആധുനിക ആയുധങ്ങള്‍ ഇല്ലെന്നത് മറ്റൊരു പ്രശ്‌നമാണ്. 1960-കളില്‍ അസം റൈഫിള്‍സ് ഉപയോഗിച്ചിരുന്ന തോക്കുമായാണ് വയനാട്ടിലെ പോലീസുകാര്‍ മാവോവാദികളെ തേടിയിറങ്ങുന്നത്. എ.ആര്‍. ക്യാമ്പില്‍ പൊടിപിടിച്ചുകിടന്ന തോക്കുകളാണ് ഇതിനായി മിനുക്കിയെടുത്തത്.
ജീവന്‍ പണയംവെച്ച് നടത്തുന്ന ദൗത്യത്തില്‍ ഉന്നത പോലീസ് ഓഫീസര്‍മാരുടെ പ്രചോദനം വേണ്ട പോലെ ലഭിക്കുന്നില്ലെന്ന ആരോപണവും പരക്കെയുണ്ട്. വയനാടിന്റെ മുക്കും മൂലയുമറിയുന്ന മിടുക്കരായ പോലീസ് ഓഫീസര്‍മാര്‍ ജില്ലയില്‍ത്തന്നെയുണ്ട്. എന്നാല്‍, മാവോവാദികളെ പിടികൂടാനായി ഇവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പരിശോധന നടത്താനൊന്നും ഉന്നതോദ്യോഗസ്ഥര്‍ തയ്യാറാവാറില്ല. കീഴുദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന ആരോപണവുമുണ്ട്.
ചൊവ്വാഴ്ച തിരുനെല്ലിയിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ചെത്തിയ മാവോവാദികള്‍ ഇവിടെ ഫ്ലക്‌സ് ബോര്‍ഡും വെക്കുകയുണ്ടായി. 'പശ്ചിമഘട്ടം സംരക്ഷിക്കുക, അനധികൃത ഹോംസ്റ്റേകള്‍ക്കെതിരെ നടപടി സ്വീകരിക്കുക' തുടങ്ങിയ ആവശ്യങ്ങളാണ് ഫ്ലക്‌സിലുണ്ടായിരുന്നത്.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad