ശനിയാഴ്ചയിലെ ഗതാഗതക്കുരുക്ക്
Posted on: 03 May 2015
ഒല്ലൂരിലും ജനം വലഞ്ഞു
ഒല്ലൂര്‍: ശനിയാഴ്ച അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്കില്‍പ്പെട്ട് യാത്രക്കാര്‍ മണിക്കൂറുകളോളം വലഞ്ഞു. പൂരം അവധിയും പൊതുപണിമുടക്കും മെയ്ദിനവും കഴിഞ്ഞുള്ള പ്രവൃത്തിദിനമായതിനാല്‍ നൂറുകണക്കിനു വാഹനങ്ങളാണ് കുരുക്കില്‍ കാത്തുകിടന്നത്. ഇതിനിടെ ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസ്സുകളും ഒല്ലൂര്‍ വഴി തിരിച്ചുവിട്ടത് കുരുക്കിന്റെ രൂക്ഷത കൂട്ടി. ശനിയും ഞായറും പനംകുറ്റിച്ചിറ പള്ളിയിലെ തിരുനാള്‍ കൂടിയായതിനാല്‍ സെന്ററില്‍ പതിവിലും തിരക്കാണ് കഴിഞ്ഞദിവസം അതിരാവിലെ മുതല്‍ക്കെ ഉണ്ടായത്. മാത്രമല്ല, ഒല്ലൂരിലെയും സമീപ ഇടവകകളിലുമൊക്കെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണച്ചടങ്ങും ശനിയാഴ്ചയായതിനാല്‍ ഒട്ടേറെ യാത്രക്കാരും വാഹനങ്ങളുമൊക്കെ ഒല്ലൂരിന്റെ കൈവഴികളിലും നിറയെ ഉണ്ടായിരുന്നു. ഒല്ലൂരിലെ കുരുക്ക് കണക്കിലെടുത്ത് കുരിയച്ചിറയിലും തലോരിലുമൊക്കെ വാഹനങ്ങള്‍ തിരിച്ചുവിട്ട് നിയന്ത്രണമുണ്ടായെങ്കിലും ഫലമുണ്ടായില്ല. ക്രിസ്റ്റഫര്‍ നഗര്‍, കമ്പനിപ്പടി, എസ്റ്റേറ്റ് ജങ്ഷന് തുടങ്ങിയ ഭാഗത്തെ ഉള്‍വഴികളിലും നിയന്ത്രണം തെറ്റി വന്ന വാഹനങ്ങള്‍ അഴിയാക്കുരുക്ക് തീര്‍ത്തു. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ഗതാഗത തടസ്സത്തിന് അല്പം ശമനമുണ്ടായെങ്കിലും വൈകീട്ട് വീണ്ടും പ്രശ്നം രൂക്ഷമാവുകയായിരുന്നു. ഗതാഗത നിയന്ത്രണത്തിന് ജങ്ഷനില്‍ ആളില്ലാതിരുന്നതും ജനങ്ങളെ വലച്ചു.