ആര്യന്‍ നമ്പൂതിരിയുടെ സവിശേഷമായ സാമവേദാലാപനം ഇനി ഓര്‍മ്മ ...

Posted on: 03 May 2015വടക്കാഞ്ചേരി : പാഞ്ഞാള്‍ തോട്ടത്തില്‍ ആര്യന്‍ നമ്പൂതിരിയുടെ ഉച്ചസ്ഥായിയിലുള്ള സാമാലാപനം സവിശേഷവും ഹൃദ്യവുമായിരുന്നു. അതിരാത്രത്തിന്റെ സ്തുതികള്‍ ഹൃദിസ്ഥമായിരുന്ന ആര്യന്‍ നമ്പൂതിരി മികച്ച പരിശീലകനുമായിരുന്നു.
പാഞ്ഞാള്‍ ഗവ: ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരിക്കെ 40വര്‍ഷം മുന്നേ നടന്ന പാഞ്ഞാള്‍ അതിരാത്രത്തിലാണ് യാഗച്ചടങ്ങുകളില്‍ ആര്യന്‍ നമ്പൂതിരി സാന്നിദ്ധ്യമറിയിച്ചത്. തുടര്‍ന്ന് ബ്രിട്ടനിലെ വെയില്‍സ് സര്‍വ്വകലാശാലയില്‍ തിയേറ്റര്‍ വിദഗ്ധനായ ഫിലിപ്പ് സലീനിയുടെ ക്ഷണമനുസരിച്ച് കിള്ളിമംഗലം ഡോക്യുമെന്റേഷന്‍ ഡയറക്ടര്‍ കുഞ്ചു വാസുദേവനോടൊപ്പം സന്ദര്‍ശനം നടത്തി.അവിടത്തെ പ്രശസ്തമായ ക്രിസ്ത്യന്‍ പള്ളിയിലായിരുന്നു ആര്യന്‍ നമ്പൂതിരിയുടെ സാമവേദാലാപനം.'ഗീവിങ്ങ് വോയ്‌സ്' എന്ന പേരില്‍ സ്‌കോട്ടലന്റില്‍ നടന്ന പരിപാടിയില്‍ താത്പര്യമെടുത്ത ചില വിദേശികളെ സാമവേദ സ്തുതി പഠിപ്പിക്കാനും ആര്യന്‍ നമ്പൂതിരി സന്നദ്ധനായി. വെയില്‍സ് യൂണിവേഴ്‌സിറ്റി ആദരിക്കുകയും ചെയ്തു.
തുടര്‍ന്ന് പോളണ്ടിലെ ക്രാക്കോയില്‍ പാഞ്ഞാളിലെ സാമവേദ പണ്ഡിതരോടൊപ്പം കുഞ്ചു വാസുദേവന്റെ നേതൃത്വത്തില്‍ അവിടെയും സര്‍വ്വകലാശാലയില്‍ സാമവേദത്തെ പരിചയപ്പെടുത്തി. നൂറ്റാണ്ടുകളുടെ പഴക്കമുളള പോളണ്ടിലെ ജൂത പളളിയിലിലും സാമവേദാലാപനം നടത്തി. പാഞ്ഞാള്‍, കുണ്ടൂര്‍ അതിരാത്രങ്ങളില്ലെല്ലാം സാമ ഋത്വിക്കുകളില്‍ സുബ്രഹ്മണ്യനായിരുന്നു ആര്യന്‍ നമ്പൂതിരിയുടെ ചുമതല. കാലടി സംസ്‌കൃത സര്‍വ്വകലാശാലയ്ക്കും കിള്ളിമംഗലം ഡോക്യുമെന്റേഷന്‍ സെന്ററിനും വേണ്ടി സാമവേദാലാപനം റിക്കാഡിങ്ങില്‍ പൂര്‍ണ്ണമായി സഹകരിച്ച ആര്യന്‍ നമ്പൂതിരിക്ക് സാമവേദ പാരമ്പര്യം നാശോന്മുഖമാവാതെ പരിരക്ഷിക്കണിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു.


More News from Thrissur