ഗതാഗതക്കുരുക്ക്: ബസ്സുകള്‍ വൈകി; കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡില്‍ വാക്കേറ്റം
Posted on: 03 May 2015
തൃശ്ശൂര്‍: ഗതാഗതക്കുരിക്കില്‍പ്പെട്ട് ബസ്സുകള്‍ എത്താന്‍ വൈകിയത് കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡില്‍ വാക്കേറ്റത്തിനും ബഹളത്തിനും വഴിവെച്ചു. യാത്രക്കാര്‍ പെരിന്തല്‍മണ്ണയിലേക്കുള്ള ബസ് തടയുകയും ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.
ശനിയാഴ്ച ഏഴ് മണിക്കുശേഷം പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസ്സുകള്‍ ഒന്നും തൃശ്ശൂര്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡില്‍ എത്തിയിരുന്നില്ല. ഗതാഗതക്കുരുക്കാണ് അധികൃതര്‍ കാരണമായി പറയുന്നത്. അതേസമയം തൃശ്ശൂരില്‍നിന്നും പുറപ്പെടുന്ന ഈഭാഗത്തേയ്ക്കുള്ള ബസ്സുകള്‍ ഒന്നും ഈ സമയത്തുണ്ടായിരുന്നില്ല.
ഒമ്പതുമണിയോടെയാണ് ഒരു പെരിന്തല്‍മണ്ണ ബസ് തൃശ്ശൂര്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡില്‍ എത്തിയത്. ഈ ഭാഗത്തേക്ക് യാത്രക്കാരായി മൂന്ന് ബസ്സിനുള്ള ആളെങ്കിലും സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നു. ബസ്സില്‍ കയറാന്‍ സാധിക്കാതിരുന്ന ആളുകള്‍ ഇതേതുടര്‍ന്ന് ബഹളം വെച്ചു. പുറപ്പെട്ടുന്നിരുന്ന ബസ് ഇവര്‍ തടയുകയും ചെയ്തു. പോലീസ് എത്തി അനുനയിപ്പിച്ചാണ് ബസ്സിന് പോകാന്‍ അവസരം ഒരുക്കിയത്.
അപ്പോഴേക്കും ഗതാഗതക്കുരിക്കില്‍ കിടന്നിരുന്ന മലപ്പുറം ഭാഗത്തേയ്ക്കുള്ള പല ബസ്സുകളും എത്തുകയും ചെയ്തു. മാള തുടങ്ങി നിരവധി ഭാഗങ്ങളിലേയ്ക്കുള്ള ബസ്സുകള്‍ ഇത്തരത്തില്‍ ഗതാഗതക്കുരിക്കില്‍ കുടുങ്ങി സമയം വൈകിയതായി അധികൃതര്‍ അറിയിച്ചു.