നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞു: രക്ഷപ്പെട്ട ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് മുങ്ങി

Posted on: 03 May 2015വറട്ടി: മുല്ലശ്ശേരി കൂമ്പുള്ളി കനാലില്‍ നിയന്ത്രണം വീട്ട് മറിഞ്ഞ കാര്‍ വെള്ളത്തില്‍ മുങ്ങി. രക്ഷപ്പെട്ട കാര്‍ഡ്രൈവര്‍ ഭയന്ന് സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി. ശനിയാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. ഓടിപ്പോയ യുവാവിനെ പിന്നീട് പോലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പൂവ്വത്തൂര്‍ ഭാഗത്തുനിന്ന് വന്നിരുന്ന കാര്‍ കനാലിലേക്ക് മറിഞ്ഞ് കുമിള വരുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. സമീപത്ത് കനാലില്‍ കുളിച്ചുകൊണ്ടിരുന്ന അന്യസംസ്ഥാന തൊഴിലാളിയും കാര്‍ കനാലിലേക്ക് മറിയുന്നത് കണ്ടു. ഇതോടെ പരിഭ്രാന്തിയിലായ ജനം പാലത്തിനു വിവിധ ഭാഗങ്ങളിലായി തടിച്ചുകൂടി, ഉടന്‍ തന്നെ പാവറട്ടി എസ്‌ഐ കെ.ആര്‍. പ്രേമരാജന്‍, സീനിയര്‍ സിപിഒ എസ്. പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി. ഗുരുവായൂരില്‍നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങളും പോലീസും നാട്ടുകാരും വെള്ളത്തിലിറങ്ങി. ഈസമയം കാര്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയിരുന്നു. അഗ്നിശമനസേനാംഗങ്ങള്‍ വിവിധ ടീമുകളായി തിരിഞ്ഞ് കനാലില്‍ തിരച്ചില്‍ നടത്തിയ ശേഷമാണ് കാര്‍ കണ്ടെത്തിയത്. കാറില്‍ യാത്രക്കാരില്ലെന്ന് ഉറപ്പുവരുത്തി. ഇതിനിടെ കാറില്‍നിന്ന് രക്ഷപ്പെട്ടയാള്‍ ഓട്ടോയില്‍ കയറിപ്പോയി എന്നുള്ള വാര്‍ത്ത പരന്നിരുന്നു. ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ കനാലില്‍നിന്നും കയറ്റിയത്.
ഗുരുവായൂര്‍ സിഐ കെ. സുദര്‍ശനനും സ്ഥലത്തെത്തി. കാക്കശ്ശേരി താമരപ്പിള്ളി കറപ്പം വീട്ടില്‍ സഫയറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍ എന്ന് കണ്ടെത്തി. സഫയറിന്റെ ബന്ധുവഴി കാര്‍ വാടകെയ്ക്കടുത്തത് ചാവക്കാട് പാലയൂര്‍ സ്വദേശി കറപ്പംവീട്ടില്‍ ഫവാദ് (28) ആണ് വാഹനം ഓടിച്ചിരുന്നത്. പൂവ്വത്തൂര്‍ ഭാഗത്തുനിന്ന് കാറുമായി ഫവാദ് വരുന്നതിനിടെ കാറിന്റെ ഒരു ടയറിന്റെ കാറ്റ് നഷ്ടപ്പെടുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയുമായിരുന്നു. രക്ഷപ്പെട്ട ഫവാദ് ഭയംമൂലം ഓട്ടോയില്‍ കയറി മുങ്ങുകയായിരുന്നു. പെരിങ്ങാട് ഭാഗത്തേക്ക് പോകുന്നതിനായി കനാലിനു സമീപത്തെ ബണ്ട് റോഡ് തിരിയുന്നതിനിടെയായിരുന്നു അപകടം. പാടൂര്‍ സ്വദേശിയായ സുഹൃത്തിനടുത്തേയ്ക്കാണ് ഇയാള്‍ പോയിരുന്നത്.


More News from Thrissur