ഭണ്ഡാരക്കവര്ച്ചക്കേസുകളിലെ പ്രതി അറസ്റ്റില്‍
Posted on: 03 May 2015
ചാലക്കുടി: പള്ളികളിലെയും ക്ഷേത്രങ്ങളിലെയും ഭണ്ഡാരങ്ങള്‍ കവര്‍ച്ച നടത്തുന്ന കേസ്സിലെ പ്രതി അറസ്റ്റില്‍. മേലൂര്‍ പൂലാനി കുറുപ്പം കീഴാറവീട്ടില് ഭാസ്കര(48)നെയാണ് ചാലക്കുടി സി.ഐ. ബാബു കെ. തോമസും സംഘവും അറസ്റ്റുചെയ്തത്.
ചാലക്കുടി, കൊടകര, ഇരിങ്ങാലക്കുട മേഖലകളില്‍ നിരവധി ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളില്‍നിന്ന് മോഷണം നടത്തിയിട്ടുള്ളതായി ഇയാള്‍ സമ്മതിച്ചതായി സി.ഐ. പറഞ്ഞു. മുമ്പ് പോലീസ് പിടിയിലായിട്ടുള്ള ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. കഴിഞ്ഞയാഴ്ച കലിക്കല്‍ ഭഗവതിക്ഷേത്രത്തിലും ചിറങ്ങര ഭഗവതിക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഈ കേസ് അന്വേഷിക്കുന്നതിനിടയിലാണ് ഭാസ്കരന് പിടിയിലാകുന്നത്. ചാലക്കുടി ടൗണ്‍ ജുമാമസ്ജിദ്, പോട്ട പറക്കൊട്ടിലിങ്കല് ക്ഷേത്രം, കൂടപ്പുഴ പള്ളി, കോട്ടായി കാരണവര്‍ ക്ഷേത്രം, നായരങ്ങാടിക്ഷേത്രം, കൊടകര വാസുപുരം ശ്രീകൃഷ്ണക്ഷേത്രം, കോടാലി കൊടുങ്ങ പള്ളി തുടങ്ങി 28 ഓളം ക്ഷേത്രങ്ങളിലാണ് കവര്‍ച്ച നടത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഇയാളില്‍നിന്നും മോഷ്ടിച്ച നാണയങ്ങള്‍ സ്ഥിരമായി വാങ്ങിയിരുന്നത് അങ്കമാലിയിലെ വ്യാപാരിയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
കേസ്സന്വേഷണസംഘത്തില് എസ്.ഐ.മാരായ ടി.പി. ഫര്‍ഷാദ്, ശ്രീഹരി, സി.പി.ഒ.മാരായ സി.എ. സാദത്ത്, സജി വര്‍ഗ്ഗീസ്, എം. സതീശന്, സി.ബി. ഷെറില്‍, വി. സില്‍ജൊ, കെ.വി. സുനീഷ് എന്നിവരും ഉണ്ടായിരുന്നു.