ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി നഗരം

Posted on: 03 May 2015അവധിദിവസങ്ങള്‍ക്കു ശേഷമുള്ള പ്രവൃത്തിദിവസം

തൃശ്ശൂര്‍: തുടര്‍ച്ചയായി മൂന്ന് അവധിദിവസങ്ങള്‍ക്കു ശേഷം വന്ന ശനിയാഴ്ച രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് നഗരം വീര്‍പ്പുമുട്ടി. രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്കിന് വൈകീട്ടോടെയാണ് ശമനമായത്. പതിവ് വിട്ട് നഗരത്തിനകത്ത് മാത്രമല്ല, നഗരത്തിന് പുറത്തേയ്ക്കും ശനിയാഴ്ചത്തെ കുരുക്ക് വ്യാപിച്ചതാണ് ജനങ്ങളെ കൂടുതല്‍ വലച്ചത്.
തൃശ്ശൂര്‍ പൂരവും അഖിലേന്ത്യാ പൊതുപണിമുടക്കും മെയ്ദിനവും കഴിഞ്ഞുള്ള പ്രവൃത്തിദിവസം ഗതാഗതക്കുരുക്കില്‍പ്പെട്ട് ജനങ്ങള്‍ നട്ടംതിരിയുന്ന കാഴ്ചയ്ക്കാണ് രാവിലെ മുതല്‍ നഗരവും പരിസരപ്രദേശങ്ങളും സാക്ഷ്യം വഹിച്ചത്. കൊടും ചൂടില്‍ കുരുക്കില്‍പ്പെട്ട ബസ്സുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ യാത്രചെയ്തിരുന്ന ജനങ്ങള്‍ വലഞ്ഞു. ഗതാഗതക്കുരുക്ക് ഉണ്ടാവാനിടയുള്ള പല സ്ഥലങ്ങളിലും വാഹനങ്ങള്‍ തിരിച്ചുവിടാന്‍ ട്രാഫിക്ക് പോലീസിനെ നിയോഗിച്ചില്ലെന്ന് ആരോപണമുണ്ട്.
ശനിയാഴ്ച നടത്തിയ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശനപ്പരീക്ഷയ്ക്കുള്ള സെന്ററുകള്‍ നഗരത്തിലായിരുന്നു. പരീക്ഷയെഴുതാന്‍ എത്തിയവരും കൂടിയായതോടെ രാവിലെ മുതല്‍ നഗരത്തിലെ തിരക്ക് വര്‍ദ്ധിച്ചു. മിക്ക പള്ളികളിലും കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണച്ചടങ്ങുകള്‍ ശനിയാഴ്ച നടന്നതിനാല്‍ അവിടേയ്ക്കുള്ളവരുടെ തിരക്കും ഗതാഗത തടസ്സത്തിന് കാരണമായി.
കണിമംഗലം റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം ടാറിടല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്ത് നൂറുമീറ്റര്‍ ദൂരം ഗതാഗതം ഒറ്റവരിയാക്കി നിയന്ത്രിച്ചത് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടാനിടയാക്കി. തുടര്‍ച്ചയായ അവധിദിവസങ്ങള്‍ക്കുശേഷമുള്ള ശനിയാഴ്ച വാഹനത്തിരക്കേറിയ ഈ റോഡില്‍ ടാറിടല്‍ ജോലികള്‍ നടത്തിയത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. ഈ റോഡിലൂടെ സര്‍വ്വീസ് നടത്തുന്ന ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസ് സര്‍വ്വീസിനെയും റോഡിലെ പണികള്‍ ബാധിച്ചു.
കുരുക്ക് നിയന്ത്രിക്കാന്‍ കഴിയാതെവന്നപ്പോള്‍ ഈ റൂട്ടിലെ സ്വകാര്യബസ്സുകള്‍ ഒല്ലൂര്‍വഴി തിരിച്ചുവിട്ടെങ്കിലും പൂര്‍ണ്ണമായും ഗതാഗതം തടസ്സപ്പെടുന്നതൊഴിവാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. നഗരത്തിനകത്തെ തിരക്കു കാരണം ഈ റൂട്ടിലെ സ്വകാര്യബസ് സര്‍വ്വീസുകള്‍ പലതും കൊക്കാല മെട്രോ ആസപത്രിക്ക് സമീപം അവസാനിപ്പിക്കേണ്ടിവന്നു.
നഗരത്തില്‍ ദിവാന്‍ജിമൂല, പൂത്തോള്‍, കൊക്കാല, വെളിയന്നൂര്‍, ചെട്ടിയങ്ങാടി, എം.ജി. റോഡ്, ആമ്പക്കാട് ജങ്ഷന്‍, സ്വരാജ് റൗണ്ട് എന്നിവിടങ്ങളിലാണ് കുരുക്ക് രൂക്ഷമായത്. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പൂത്തോള്‍ ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വഞ്ചിക്കുളം വഴി പടിഞ്ഞാറേക്കോട്ട ഭാഗത്തേക്ക് പോലീസ് വാഹനങ്ങള്‍ തിരിച്ചുവിട്ടു.

തിരക്കിന് കാരണം പരീക്ഷയെന്ന് ട്രാഫിക് പോലീസ്

തൃശ്ശൂര്‍:
ശനിയാഴ്ച നഗരത്തിലുണ്ടായ ഗതാഗതക്കുരുക്കിന് കാരണം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പ്രവേശനപ്പരീക്ഷയെന്ന് ട്രാഫിക് പോലീസ്. പരീക്ഷയ്‌ക്കെത്തിയവരാണ് നഗരത്തിലെ തിരക്ക് വര്‍ദ്ധിപ്പിച്ചതെന്ന് വ്യക്തമാക്കിയ പോലീസ്, വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ലെന്ന് ചൂണ്ടിക്കാട്ടി.


More News from Thrissur