തിര തീരോത്സവം: സമദാനിക്കും ദിലീപിനും വിജയകുമാരിക്കും പുരസ്‌കാരം

Posted on: 03 May 2015തൃശ്ശൂര്‍: പെരിഞ്ഞനം തിര തീരോത്സവം 2015ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക മാനവസൗഹൃദ പുരസ്‌കാരത്തിന് എം.പി. അബ്ദുസ്സമദ് സമദാനിയെ തിരഞ്ഞെടുത്തു. ബഹദൂര്‍ സ്മാരക അഭിനയപ്രതിഭാ പട്ടം നടന്‍ ദിലീപിനാണ്. കഴിമ്പ്രം വിജയന്‍ സ്മാരക നാട്യപ്രതിഭാ പുരസ്‌കാരത്തിന് വിജയകുമാരി ഒ. മാധവന്‍ അര്‍ഹയായി.
വി.കെ. ഗോപാലന്‍ സ്മാരക പുരസ്‌കാരത്തിന് കേരളത്തിലെ മികച്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് ലഭിച്ച എങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുനിലിനെ തിരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആറിന് വൈകീട്ട് ആറിന് തിര തീരോത്സവവേദിയില്‍ ഇന്നസെന്റ് എം.പി. പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. സി.എന്‍. ജയദേവന്‍ എം.പി. പങ്കെടുക്കും. മെയ് ഒന്നുമുതല്‍ തീരോത്സവം ആരംഭിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് പെരുവനം കുട്ടന്‍ മാരാര്‍ താളമിട്ട് തുടക്കംകുറിച്ച് 500 പേര്‍ അണിനിരക്കുന്ന പഞ്ചാരിമേളം അരങ്ങേറും. പെരിഞ്ഞനം പഞ്ചായത്തിലെ നിര്‍ധനരായ 33 രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി മന്ത്രി എം.കെ. മുനിര്‍ ഉദ്ഘാടനം ചെയ്യും. ഏഴിന് ഉച്ചയ്ക്ക് മൂന്നിന് 'സാംസ്‌കാരിക കേരളം ഇന്നലെ ഇന്ന്' വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 10ന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ അഡ്വ. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ., സോമന്‍ താമരക്കുളം, വൃന്ദ പ്രേംദാസ്, എം.എ. വിജയന്‍, കെ.കെ. സച്ചിത് എന്നിവര്‍ പങ്കെടുത്തു.


More News from Thrissur