'ഞായറാഴ്ച' മികച്ച നാടകം; ഷൈജു അന്തിക്കാട് സംവിധായകന്‍

Posted on: 02 Oct 2014ശ്ശൂര്‍: സംഗീതനാടക അക്കാദമിയുടെ സംസ്ഥാന അമച്വര്‍ നാടകമത്സരത്തില്‍ കൊച്ചി ആക്ടേഴ്‌സ് തിയറ്ററിന്റെ 'ഞായറാഴ്ച' മികച്ചനാടകമായി തിരഞ്ഞെടുക്കപ്പെട്ടു. നാടകത്തിന്റെ സംവിധായകന്‍ ഷൈജു അന്തിക്കാട് മികച്ച സംവിധായകനായി. കൂത്തുപറമ്പ് മലയാള കലാനിലയം നാടകവേദിയുടെ 'കാണി'യാണ് മികച്ച രണ്ടാമത്തെ നാടകം. 'എറന്‍ഡിറ ഒരു രാജ്യമാണ്' എന്ന നാടകം സംവിധാനം ചെയ്ത ശരത് രേവതി മികച്ച രണ്ടാമത്തെ നാടക സംവിധായകനായി.
സത്യജിത്താണ് മികച്ച നടന്‍. ഹിമ ശങ്കര്‍ മികച്ച നടിയായി. സുധി പാനൂര്‍ രണ്ടാമത്തെ മികച്ച നടനും സന്ധ്യ രണ്ടാമത്തെ മികച്ച നടിയുമായി. സേവ് ഔവര്‍ സോള്‍ എന്ന നാടകം രചിച്ച ശശിധരന്‍ നടുവില്‍ മികച്ച നാടക രചയിതാവായി. കാണി എന്ന നാടകം രചിച്ച ജിനോ ജോസഫാണ് മികച്ച രണ്ടാമത്തെ നാടകരചയിതാവ്. മേഖലാ മത്സരങ്ങളില്‍ നിന്നു തിരഞ്ഞെടുത്ത ആറ് നാടകങ്ങളാണ് സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തതെന്ന് സംഗീതനാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍നായര്‍, വിധികര്‍ത്താക്കളായ ചലച്ചിത്രസംവിധായകന്‍ മഞ്ജുളന്‍, ഹരികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി.കെ. ഹരിദാസന്‍, എ.വി. സജീവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആറ് നാടകങ്ങള്‍ക്കും ഒരു ലക്ഷം രൂപ വീതം അക്കാദമി ധനസഹായം നല്‍കും.
ശില്പവും സര്‍ട്ടിഫിക്കറ്റും 25,000 രൂപയുമാണ് മികച്ച നാടകത്തിന് ലഭിക്കുക. ശില്പവും സര്‍ട്ടിഫിക്കറ്റും 15,000 രൂപയുമാണ് രണ്ടാമത്തെ നാടകം, മികച്ച സംവിധായകന്‍, മികച്ച നാടകരചന എന്നിവയ്ക്ക് ലഭിക്കുന്നത്. ശില്പവും സര്‍ട്ടിഫിക്കറ്റും 10,000 രൂപയുമാണ് മികച്ച രണ്ടാമത്തെ സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി, മികച്ച രണ്ടാമത്തെ നാടക രചന എന്നിവയ്ക്ക് ലഭിക്കുക. ശില്പവും സര്‍ട്ടിഫിക്കറ്റും 5000 രൂപയുമാണ് രണ്ടാമത്തെ നടനും നടിക്കും ലഭിക്കുക. 75 നാടക രചനകളില്‍ നിന്നാണ് 12 നാടകങ്ങള്‍ തിരഞ്ഞെടുത്ത് മേഖലാ തലത്തില്‍ അവതരിപ്പിച്ചത്.


More News from Thrissur