SPECIAL NEWS
  Jul 28, 2015
ആ 40,000 കടുവകള്‍ എവിടെപ്പോയി
കെ.ഗീത
ജൂലായ് 29 - ലോക കടുവാദിനം

ഇരുപതാം നൂറ്റാണ്ടാരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രം 40,000 കടുവകളുണ്ടായിരുന്നു. രാജ്യത്ത് ഇപ്പോള്‍ അവശേഷിക്കുന്നത് 2226 എണ്ണം മാത്രം. കടുവാസംരക്ഷണത്തിന്റെ പ്രധാന്യം എത്ര വര്‍ധിച്ചിരിക്കുന്നു എന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ലോകകടുവാദിനം നമ്മളോട് പറയുന്നതും മറ്റൊന്നല്ല


ഫോട്ടോ: Aitya Dicky Singh


ഭൂമുഖത്ത് തനത് ആവാസവ്യവസ്ഥയില്‍ മൂവായിരം എണ്ണത്തില്‍ താഴെ മാത്രമുളള ഒരു ജന്തുവിഭാഗത്തെ നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം 700 കോടിയിലധികം വരുന്ന മനുഷ്യവര്‍ഗ്ഗത്തെ ഓര്‍മ്മിപ്പിക്കാനുള്ള ദിവസമാണ് ജൂലായ് 29-ലോക കടുവാദിനം. കടുവകളെയും അവയുടെ ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനും അവ നേരിടുന്ന പ്രശ്‌നങ്ങളെകുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്.

ഏകദേശം 20 ലക്ഷം വര്‍ഷംമുമ്പ് കിഴക്കന്‍ ചൈനയിലാണ് കടുവകളുടെ ഉല്‍ഭവം. അവിടെ നിന്ന് വടക്ക് റഷ്യയിലെ അമൂര്‍ പ്രദേശം വരെയും, തെക്ക് ഇന്തോനേഷ്യന്‍ ദ്വീപുകള്‍, തെക്ക് പടിഞ്ഞാറന്‍ ഇന്തോ-ചൈന, ഇന്ത്യന്‍ ഉപഭൂഖണ്ഡം, കിഴക്കന്‍ ടര്‍ക്കി തുടങ്ങി കാസ്പിയന്‍ കടല്‍ വരെയും പല ഉപജാതികളിലായി കടുവകളുടെ ആവാസവ്യവസ്ഥ വ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് അവയുടെ ആവാസവ്യവസ്ഥ ഏറെ ശോഷിച്ചിരിക്കുന്നു, തുടര്‍ച്ച നഷ്ടപ്പെട്ടിരിക്കുന്നു.

ഇരുപതാം നൂറ്റാണ്ട് തുടങ്ങുമ്പോള്‍ കടുവകളുടെ ഒമ്പത് ഉപജാതികള്‍ ഭൂമിയിലുണ്ടായിരുന്നു. ഇതില്‍ ബാലി, ജാവന്‍, കാസ്പിയന്‍ എന്നീ ഉപജാതികള്‍ ഇരുപതാം നൂറ്റാണ്ടില്‍ തന്നെ വേട്ടയാടല്‍ മൂലം അന്യംനിന്നു. തെക്ക്-മധ്യ ചൈനയില്‍ ഉണ്ടായിരുന്ന ഉപജാതിയെ (South China Tiger) കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി സ്വാഭാവിക ആവാസവ്യവസ്ഥയില്‍ കണ്ടിട്ടേയില്ല. ഫലത്തില്‍ അവയും അന്യം നിന്നു എന്നു പറയാം. ശേഷിക്കുന്ന അഞ്ച് ഉപജാതികളില്‍ അമൂര്‍ നദിക്കരയിലെ കാടുകളില്‍ കാണുന്ന സൈബീരിയന്‍ കടുവ, തെക്ക് കിഴക്കന്‍ ഏഷ്യയിലെ ചുരുക്കം ചില വനപ്രദേശങ്ങളില്‍ കാണുന്ന ഇന്തോ-ചൈനീസ് കടുവ, സുമാത്രന്‍ ദ്വീപുകളില്‍ കാണുന്ന സുമാത്രന്‍ കടുവ, മലായ് ഉപദ്വീപില്‍ കാണുന്ന മലയന്‍ കടുവ എന്നീ നാല് ഉപജാതികളില്‍ ഓരോന്നിലും അഞ്ഞൂറ് എണ്ണത്തില്‍ താഴെ മാത്രമേ ഇന്ന് അവശേഷിക്കുന്നുളളു. ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ഭൂട്ടാന്‍, ബര്‍മ്മ, നേപ്പാള്‍ എന്നിവിടങ്ങളിലായി ഏകദേശം 3000 ല്‍ താഴെ മാത്രം വരുന്ന റോയല്‍ ബംഗാള്‍ കടുവ ആണ് എണ്ണത്തില്‍ ഏറ്റവുമധികമുളള ഉപജാതി. ഇവയില്‍ പകുതിയിലധികവും ഇന്ത്യയിലെ വനങ്ങളിലാണ് ഇപ്പോഴുള്ളത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ 40,000 കടുവകളുണ്ടായിരുന്നത് 2006 ലെ കണക്കെടുപ്പില്‍ 1411 മാത്രമായി ചുരുങ്ങി. വേട്ടയാടല്‍, കടുവത്തോല്‍ തുടങ്ങി മറ്റു ശരീര ഭാഗങ്ങളുടെ അന്താരാഷ്ട്ര തലത്തിലുളള അനധികൃത വ്യാപാരം, ആവാസവ്യവസ്ഥയുടെ ശോഷണം എന്നിവയാണ് ഇതിനു മുഖ്യ കാരണം. ഒരു നൂറ്റാണ്ടുകൊണ്ടുണ്ടായ ഗണ്യമായ ഈ കുറവ് കടുവകളുടെ സംരക്ഷണം എത്രയധികം ഗൗരവമര്‍ഹിക്കുന്ന വിഷയമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 2010 ലെ കണക്കെടുപ്പില്‍ ഇന്ത്യയില്‍ കടുവയുടെ എണ്ണം 1706 ആയി വര്‍ദ്ധിച്ചു എങ്കിലും അവയുള്ള ആവാസവ്യവസ്ഥയുടെ വിസ്തൃതി കുറഞ്ഞതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും ഒടുവില്‍ 2014 ല്‍ നടത്തിയ കണക്കെടുപ്പില്‍ ഇന്ത്യയില്‍ 2226 കടുവകളുള്ളതായി കണക്കാക്കുന്നു.

ഫോട്ടോ: Aitya Dicky Singh


കടുവകളുടേയും അവയുടെ ആവാസവ്യവസ്ഥകളുടെയും സംരക്ഷണത്തിനായി പല പ്രവര്‍ത്തനങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്നുണ്ട്. വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ മുതലായ സംരക്ഷിത മേഖലകളുടെ രൂപീകരണവും പരിപാലനവും, 1973 ല്‍ തുടങ്ങിയ പ്രോജക്ട് ടൈഗര്‍, ഇക്കോ ഡവലപ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍, പങ്കാളിത്ത വനപരിപാലനം എന്നിവ അവയില്‍ ചിലത് മാത്രമാണ്. വന്യജീവികളുടെ വേട്ട നിരോധിച്ചുകൊണ്ടുളള നിയമ വ്യവസ്ഥകള്‍ ഉള്‍ക്കൊളളിച്ച് 1972 ല്‍ നിര്‍മ്മിച്ച വന്യജീവിസംരക്ഷണ നിയമത്തിന്റെ ഒന്നാംപട്ടികയിലാണ് കടുവകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ അവയെ സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കടുവാ വേട്ട ഏഴ് വര്‍ഷം വരെ തടവും, 25000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

1973 ല്‍ ആരംഭിച്ച കടുവാസംരക്ഷണ പദ്ധതി കടുവാസംരക്ഷണ രംഗത്ത് വലിയൊരു വഴിത്തിരിവാണ്. കടുവാസങ്കേതങ്ങള്‍ രൂപീകരിച്ച് കടുവകളുടെ ആവാസവ്യവസ്ഥകളുടെ സംരക്ഷണം, മെച്ചപ്പെട്ട പരിപാലനം, വനാശ്രിത സമൂഹത്തിന്റെ ഉന്നമനത്തിനും വനത്തിന്‍മേലുളള ദോഷകരമായ ആശ്രിതത്വം കുറയ്ക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഈ പദ്ധതിയില്‍ നടപ്പിലാക്കുന്നത്. ശാസ്ത്രീയമായ വനപരിപാലനത്തിനും, മോണിറ്ററിംഗിനും വേണ്ട ശാസ്ത്രസാങ്കേതിക സഹായവും, സംരക്ഷണ ഉദ്യോഗസ്ഥര്‍ക്കും വനാശ്രിത സമൂഹത്തിനും വേണ്ട പരിശീലനവും ലഭ്യമാക്കുന്നതിനുളള അവസരങ്ങള്‍ കടുവാസങ്കേതങ്ങള്‍ക്കുണ്ട്. വനത്തില്‍ ക്യാമറകള്‍ സ്ഥാപിച്ച് കടുവകളുടെ ചിത്രം എടുത്ത് ഓരോ കടുവയെയും തിരിച്ചറിയുന്നതിനും അവയുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനുമുളള സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. ഭാരതത്തില്‍ തുടക്കത്തില്‍ ഒന്‍പത് കടുവാസങ്കേതങ്ങളുണ്ടായിരുന്നത് ഇന്ന് 45 എണ്ണമായി. കേരളത്തിലെ പെരിയാര്‍ വന്യജീവി സങ്കേതവും, പറമ്പിക്കുളം വന്യജീവി സങ്കേതവും കടുവാസങ്കേതങ്ങളാണ്.

വന്യജീവി സംരക്ഷണ നിയമത്തിന് 2006 ല്‍ വരുത്തിയ ഭേദഗതി അനുസരിച്ച് ഭാരതത്തിലെ കടുവാസംരക്ഷണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തു ന്നതിനും മെച്ചപ്പെട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ഒരു ദേശീയ കടുവാസംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ കടുവകളേയും വംശനാശ ഭീഷണി നേരിടുന്ന മറ്റു മൃഗങ്ങളേയും സംബന്ധിച്ച കുറ്റകൃത്യങ്ങളെക്കുറിച്ചുളള രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സംരക്ഷണ ഉദ്യോഗസ്ഥര്‍ക്ക് യഥാസമയം വിവരങ്ങള്‍ കൈമാറുന്നതിനും ഒരു ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും രൂപീകരിച്ചിട്ടുണ്ട്. കടുവ ഉള്‍പ്പെടെയുളള വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുന്നതിന് ഒറ്റയ്ക്കും കൂട്ടായും പ്രയത്‌നിക്കുന്ന വളരെയധികം ആള്‍ക്കാരും സംഘനകളും ഉണ്ട്. ഈ കൂട്ടായ്മകളുടെയെല്ലാം ഫലമാണ് ഇന്ന് ലോകത്തില്‍ ബാക്കി നില്‍ക്കുന്ന വനങ്ങളും ജൈവവൈവിധ്യവും.

നമ്മുടെ വനങ്ങളില്‍ ഭക്ഷ്യശൃംഖലയുടെ ഏറ്റവും മേല്‍ത്തട്ടില്‍ നില്‍ക്കുന്ന ഒരു മാംസഭോജിയാണ് കടുവ. മാന്‍, കാട്ടി, കാട്ടുപന്നി എന്നിവയാണ് പഥ്യാഹാരം. വല്ലപ്പോഴും മറ്റു ചെറു സസ്തനികളേയോ പക്ഷികളേയോ വലിയ മീനിനേയോ പിടിച്ചു തിന്നെന്നുവരാം. പ്രായാധിക്യം കൊണ്ടോ, അസുഖമോ മുറിവുകളോ കൊണ്ട് വേട്ടയാടാന്‍ സാധിക്കാതെ വരുമ്പോഴോ മാത്രമാണ് കടുവകള്‍ വളര്‍ത്തു മൃഗങ്ങളെ പിടിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു കടുവ ഒരു വര്‍ഷം ശരാശരി 50 മാനുകളെ തിന്നുമെന്നാണ് കണക്ക്. ഓരോ വര്‍ഷവും ഇത്രയും മാനുകളെ ഭക്ഷണമായി കടുവയ്ക്ക് ലഭിക്കണമെങ്കില്‍ ആ വനപ്രദേശത്ത് 500 മാനുകളെങ്കിലും വേണമെന്നാണ് അനുമാനം. മറ്റു മാര്‍ജ്ജാര വംശജീവികളെ അപേക്ഷിച്ച് കടുവയ്ക്ക് വെളളത്തിന്റെ ലഭ്യത വളരെ പ്രധാനമാണ്. പതിയിരുന്ന് ഇരയുടെ മേലെ ചാടിവീണ് വേട്ടയാടുന്ന കടുവയ്ക്ക് കുറ്റിച്ചെടികളും ചെറിയ സസ്യങ്ങളുംകൊണ്ടുളള മറയും ആവശ്യമാണ്.

ഫോട്ടോ: Aitya Dicky Singh


ചുരുക്കിപ്പറഞ്ഞാല്‍ വലിയ മരങ്ങള്‍ മാത്രമല്ല പുല്ലും മറ്റു സസ്യജാലങ്ങളും ജലവും സമൃദ്ധമായുളള ഒരു വലിയ വനപ്രദേശത്തിന് മാത്രമേ കടുവകളെയും അവയുടെ ഇര ജീവികളെയും സംരക്ഷിക്കാനാവു. ഇങ്ങനെയുളള വനങ്ങള്‍ തന്നെയാണ് മനുഷ്യന്റെ കുടിവെളളത്തിന്റെയും കാര്‍ഷികവിളകളുടെ വന്യജനുസ്സുകളുടേയും ചെറുകിട വനവിഭവങ്ങളുടേയും ഔഷധസസ്യങ്ങളുടേയും കലവറ. 1993 ല്‍ റഫീക്ക് അഹമ്മദ് എഴുതിയ 'പുലിയിറക്കം' എന്ന കവിതയിലെ വരികള്‍ക്ക് ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുണ്ട്.

'നേരിട്ടുപോന്നു നീരിത്തിരി മോന്തണം
കാണിനേരം കണ്ണടച്ചു മയങ്ങണം
നീ നരന്‍ ഞാന്‍ നരി എന്നതിലപ്പുറം
നേരുകളില്ലയോ നമ്മെ ബന്ധിപ്പതായ്?'

കടുവയെ സംരക്ഷിക്കുന്നതിലൂടെ സംരക്ഷിക്കുന്നത് നമ്മളെ തന്നെയാണ് - നമ്മുടെ ഭാവിയെയാണ്.

പ്രായപൂര്‍ത്തിയായ ഏകദേശം 20-25 പെണ്‍ കടുവകളുളള ഒരു കൂട്ടമാണ് കടുവകളെ സംബന്ധിച്ചിടത്തോളം വംശത്തെ നിലനിര്‍ത്താന്‍ പോന്ന ജീവനക്ഷതയുളള ഗണം. ഇത്രയും കടുവകളെ നിലനിര്‍ത്തുന്നതിന് ഏകദേശം 800-1000 ചതുരശ്ര കി.മീ. വിസ്തൃതിയുളള, മനുഷ്യന്റെ ഇടപെടല്‍ താരതമ്യേന കുറവുളള തുടര്‍ച്ചയായുളള വനപ്രദേശങ്ങള്‍ ആവശ്യമാണ്.

2014 ലെ കണക്കനുസരിച്ച് ലോകത്തില്‍വെച്ച് കടുവകളുടെ ഏറ്റവും വലിയ കൂട്ടമുള്ളത് കേരള-തമിഴ്‌നാട്-കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന ഭൂപ്രദേശത്താണ്. നാഗര്‍ഹോള, ബന്ദിപ്പൂര്‍, മുതുമല, സത്യമംഗലം, ബി.ആര്‍.ടി എന്നീ കടുവാസങ്കേതങ്ങളും വയനാട്, ബ്രഹ്മഗിരി, കാവേരി മുതലായ വന്യജീവിസങ്കേതങ്ങളും ഉള്‍പ്പെടുന്നതാണ് ഈ വനപ്രദേശം.

വംശത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ ജീവനക്ഷമതയുളള കടുവയുടെ കൂട്ടങ്ങള്‍ ഭൂമിയില്‍ അവശേഷിക്കുന്നത് കേരളത്തിലെ കാടുകളിലെ ഏതാനും ഭാഗങ്ങളിലും കൂടിയാണ്. കാടിനോടും വനജീവികളോടുമുളള നമ്മുടെ സമീപനവും, സഹവര്‍ത്തിത്വത്തിനുളള സഹിഷ്ണുതയും ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഗതി തീരുമാനിക്കും.
(കേരള വനംവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് ലേഖിക)
 

Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -