TOP STORIES TODAY
  Apr 02, 2014
ഇടുക്കി വന്യജീവിസങ്കേതത്തില്‍ അപൂര്‍വ ചിത്രശലഭങ്ങളെ കണ്ടെത്തി
ജോസഫ് മാത്യു

തൊടുപുഴ:
ഇടുക്കി വന്യജീവിസങ്കേതത്തില്‍ അഞ്ചുതരം അപൂര്‍വ്വ ചിത്രശലഭങ്ങളെ കണ്ടെത്തി. ചെറുപഞ്ചനേത്രി(ബേബി ഫൈവ് റിങ്), കരിവേലനീലി (ബ്രൈറ്റ് ബാബുള്‍ ബ്ലൂ), ഓക്കില ശലഭം (ബ്ലൂ ഓക്ക് ലീഫ്), കനിതുരപ്പന്‍(കൊര്‍ണേലിയന്‍), കാട്ടുതുള്ളന്‍(കൂര്‍ഗ് ഫോറസ്റ്റ് ഹൂപ്പര്‍) എന്നിവയാണിത്. തൃശ്ശൂര്‍ കൊടകരയിലെ ബട്ടര്‍ഫ്ലൈ ആര്‍ട്ട് ഫൗണ്ടേഷനിലെ ഡോ.ഉണ്ണിക്കൃഷ്ണന്‍ പുളിക്കല്‍, ടി.പി.അരുണ്‍ എന്നിവരാണ് ഒന്നര വര്‍ഷത്തോളം നീണ്ട നിരീക്ഷണവും പഠനവും നടത്തിയത്.

ചെറുപഞ്ചനേത്രി കേരളത്തില്‍ അത്യപൂര്‍വമായി കാണുന്ന ചിത്രശലഭമാണ്. കേരളം, തമിഴ്‌നാട്, മ്യാന്‍മര്‍ എന്നിവിടങ്ങളിലാണ് ഇത് അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പശ്ചിമഘട്ടത്തിന്റെ പശ്ചിമവശത്ത് ആദ്യമായാണ് കരിവേലനീലിയെ കണ്ടെത്തുന്നത്. മഴനിഴല്‍ പ്രദേശമായ ചിന്നാര്‍ പോെലയുള്ള ചൂടുള്ള പ്രദേശങ്ങളില്‍ മാത്രം കാണുന്ന ഇതിനെ, പശ്ചിമവശത്ത് കണ്ടെത്തിയത് ഇവിടെയും ചൂട് കൂടുന്നതിന്റെ ലക്ഷണമായി കണക്കാക്കാമെന്ന് ഗവേഷകര്‍ പറയുന്നു. കനിതുരപ്പന്‍, ഓക്കില ശലഭം, കാട്ടുതുള്ളന്‍ എന്നിവയെയും സംസ്ഥാനത്ത് വളരെ അപൂര്‍വമായേ കാണാനാവൂ. ഷോല-പുല്‍മേട് മേഖലകളിലാണ് എല്ലാത്തിനെയും കണ്ടെത്തിയത്. പകല്‍സമയങ്ങളില്‍ മാത്രം സജീവമാകുന്ന ഇനങ്ങളാണ് എല്ലാം. സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഈയിടെ നടത്തിയ പഠനത്തില്‍ മലബാര്‍ ഫ്ലാഷ്, ഗോള്‍ഡന്‍ ട്രീ ഫ്ലാറ്റര്‍ എന്നീ ഇനങ്ങളെയും കണ്ടെത്തിയിരുന്നു. ഇതോടെ ഇടുക്കി വന്യജീവിസങ്കേതത്തില്‍ 148 തരം ചിത്രശലഭങ്ങളായി.

വര്‍ഷത്തില്‍ നാല് സീസണില്‍ നിരീക്ഷണം നടത്തിയാണ് അപൂര്‍വമായ അഞ്ചെണ്ണത്തെ കണ്ടെത്തിയതെന്ന് ഡോ. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. അപൂര്‍വ ജീവജാലങ്ങളെ കണ്ടെത്തുന്നതിന്റെ അര്‍ഥം വന്യജീവിസങ്കേതത്തിലെ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ്. കഴിഞ്ഞ മൂന്നുനാല് വര്‍ഷമായി കാട്ടുതീ തടയാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടുണ്ട്. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ കെ.സജി, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയചന്ദ്രന്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു നിരീക്ഷണവും പഠനവും.

Latest news

- -