NagaraPazhama

കോഴിക്കോട്ടെ സ്ഥലപ്പേരുകളുടെ വേരുകള്‍

Posted on: 21 Jul 2013

ലൈല പി.
സമുദ്രസഞ്ചാരികള്‍ക്കും കച്ചവടക്കാര്‍ക്കും എന്നും പ്രിയപ്പെട്ട നാടായിരുന്നു മലബാര്‍. സുദീര്‍ഘമായ കടല്‍ത്തീരവും നദികളും കായലുകളും അഴിമുഖങ്ങളും മലബാറിനെ സഞ്ചാരികള്‍ക്കു പ്രിയമുള്ളതാക്കി.

അറബികളാണ് കേരളത്തെ ആദ്യമായി 'മലബാര്‍' എന്നു വിളിച്ചത്. തദ്ദേശവാസികള്‍ മലയാളം, അല്ലെങ്കില്‍ അതിന്റെ ചുരുക്കരൂപമായ മലയം (മലനാട്), കേരളം (കേരങ്ങളുടെ നാട്) എന്നൊക്കെയാണ് വിളിച്ചിരുന്നത്. 'ബാര്‍' എന്നാല്‍ അറബിഭാഷയില്‍ 'വന്‍കര' എന്നും പേര്‍ഷ്യന്‍ ഭാഷയില്‍ 'രാജ്യം' എന്നുമാണര്‍ഥം. 'മലബാര്‍' എന്നാല്‍ മലകളുടെ നാട്. അറബികള്‍ക്കുശേഷം വന്ന യൂറോപ്യന്‍ യാത്രികനായ മാര്‍ക്കോപോളോ 'മെലിബാര്‍' എന്നും ഇബ്‌നുബത്തൂത്ത 'മലിബാര്‍' എന്നും വിളിച്ചു. ഈ വിശേഷണം നാടിന്റെ ഭൂപ്രകൃതിയെ സാര്‍ഥകമാക്കുന്നുണ്ടെന്ന് വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ പറയുന്നു.

കോഴിക്കോട്

ചുള്ളിക്കാടും ചതുപ്പുമായി, ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന സ്ഥലം, തുറമുഖനഗരവും രാജ്യത്തിലെ മഹത്തായ വാണിജ്യകേന്ദ്രമായി വികസിച്ചതും കച്ചവടക്കാരുടെയും ഭാഗ്യാന്വേഷികളുടെയും ആശാകേന്ദ്രമായി മാറിയതും പതിമൂന്നാംനൂറ്റാണ്ടില്‍ സാമൂതിരിമാരുടെ കാലത്താണ്. തളിക്ഷേത്രം കേന്ദ്രമാക്കി കോവിലകവും കോട്ടയും പണിത് ഭരണം ആരംഭിച്ച ആദ്യത്തെ സാമൂതിരി മാനവിക്രമന്‍ അന്ന് തലസ്ഥാനത്തിനു നല്കിയ പേര് 'വിക്രമപുരം' എന്നാണ്.

കോവിലും കോട്ടയും ഒന്നിച്ചുള്ള സ്ഥലമായതുകൊണ്ട് ഈ പ്രദേശം കോവില്‍ക്കോട്ട, കോയില്‍ക്കോട്ട എന്നൊക്കെ അറിയപ്പെട്ടു. കോയില്‍ക്കോട് പിന്നീട് 'കോഴിക്കോടെ'ന്ന് രൂപാന്തരം പ്രാപിച്ചു. അറബികള്‍ 'ക്വായില്‍ കൂത്ത്' എന്നും തമിഴര്‍ 'കല്ലിക്കോട്ടെ' എന്നും പോര്‍ച്ചുഗീസുകാര്‍ 'കാലിക്കറ്റ' എന്നും വിളിച്ചുവന്നു.

കോഴിക്കോട്ടുനിന്ന് കയറ്റിയയച്ചിരുന്ന 'കാലിക്കോ' എന്ന വളരെ നേര്‍ത്ത ചീട്ടിത്തുണികള്‍ ലോകപ്രശസ്തമായിരുന്നു. കാലിക്കോ തുണികളുടെ നാട് എന്നര്‍ഥത്തിലാണ് പോര്‍ച്ചുഗീസുകാരടക്കമുള്ള പാശ്ചാത്യര്‍ കോഴിക്കോടിനെ 'കാലിക്കറ്റ' എന്നു വിളിച്ചത്.

മാനാഞ്ചിറ

മനോഹരമായ ഉദ്യാനങ്ങളും വിശാലമായ അകത്തളങ്ങളും ഇടനാഴികളും വൃക്ഷത്തോപ്പുകളും നടുമുറ്റങ്ങളും കെട്ടുറപ്പുള്ള കോട്ടയും പടിപ്പുരകളുംകൊണ്ടലംകൃതമായ പ്രൗഢമായ വിക്രമപുരം കൊട്ടാരവളപ്പിലെ തെളിനീര്‍ക്കുളമായിരുന്നു 'മാനാഞ്ചിറ'. സാമൂതിരിമാരുടെ കൊട്ടാരവളപ്പിലെ അവശേഷിക്കുന്ന ഏകനിര്‍മിതിയും ഇതുതന്നെ. കൊട്ടാരത്തിലെ മുഴുവന്‍ അന്തേവാസികളുടെയും ദാഹമകറ്റിയിരുന്ന ചിറയ്ക്ക്, ആദ്യത്തെ സാമൂതിരിയുടെ ഓര്‍മയ്ക്കായി 'മാനന്‍ചിറ' എന്ന് നാമകരണം ചെയ്തു. കാലത്തിന്റെ കുത്തൊഴുക്കില്‍ 'മാനന്‍ചിറ' മാനാഞ്ചിറയായി. ഇന്ന് നഗരത്തിന് അലങ്കാരവും കുളിര്‍മയുമായി മാറിയ ചിറ നഗരവാസികളുടെ കുടിവെള്ളസ്രോതസ്സുകൂടിയാണ്. മാനാഞ്ചിറയ്ക്കടുത്തുള്ള മൈതാനം സാമൂതിരിമാരുടെ അംഗരക്ഷകരുടെ കായികാഭ്യാസപ്രകടനവേദിയായിരുന്നു.

മുതലക്കുളം

മാനാഞ്ചിറയ്ക്കു കിഴക്കുവശത്തുള്ള മുതലക്കുളത്തിന്റെ പേരില്‍ മാത്രമേ കുളമുള്ളൂ. കുളം സ്ഥിതി ചെയ്തിരുന്നിടത്തിപ്പോള്‍ ചെറിയ മൈതാനമാണുള്ളത്. കൊട്ടാരത്തിലെ ഈ കുളത്തില്‍ മുതലകളെ വളര്‍ത്തിയത് ജലശിക്ഷാനടപടികള്‍ക്കു വേണ്ടിയാണെന്ന് അനുമാനിക്കാം. കൊട്ടാരത്തിലെ അടുക്കളക്കുളമായിരുന്നു ഇതെന്ന് മറ്റൊരഭിപ്രായവുമുണ്ട്.

പാളയം

സാമൂതിരിമാരുടെ കോട്ട സ്ഥിതിചെയ്തിരുന്ന സ്ഥലം ഇന്നും കോട്ടപ്പറമ്പെന്നാണ് അറിയപ്പെടുന്നത്. കോട്ടയ്ക്കടുത്ത് സൈനികര്‍ തമ്പടിച്ചിരുന്ന സ്ഥലമാണ് പാളയം. പാളയം എന്ന വാക്കിനര്‍ഥം സൈനികത്താവളം എന്നാണ്. സാമൂതിരിയുടെ പടപ്പാളയമായിരുന്ന ഈ സ്ഥലത്താണ് ഏറനാട് മുപ്പതിനായിരവും, പോലനാട് പതിനായിരവും പരേഡ് നടത്തിയിരുന്നത്.

ചാലപ്പുറം

തളി ക്ഷേത്രപരിസരത്ത് കോവിലകത്തോടു ചേര്‍ന്ന് ബ്രാഹ്മണര്‍ക്കായുള്ള വേദാന്തപാഠശാലകള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലമാണിത്. ശാലാപുരം (വേദപാഠശാലകളുള്ള സ്ഥലം) മലയാളീകരിച്ചാണ് ചാലപ്പുറമായത്. തളിക്ഷേത്രത്തോടു ചേര്‍ന്നാണ് സാമൂതിരിമാരുടെ കെട്ടിലമ്മമാര്‍ക്കുള്ള അമ്പാടി കോവിലകം പണി കഴിപ്പിച്ചത്.

പട്ടുതെരുവ്

നഗരസഭ ഓഫീസിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ കടലോരപ്രദേശം മധ്യകാലഘട്ടത്തില്‍ പട്ടുവില്പനയുടെ കേന്ദ്രമായിരുന്നു. ചൈനയില്‍നിന്നെത്തിയിരുന്ന കച്ചവടക്കാര്‍ അവരുടെ ഉത്പന്നങ്ങളായ പട്ടും മുത്തും ഭരണികളും പിഞ്ഞാണപ്പാത്രങ്ങളും മറ്റും വില്പന നടത്തിയിരുന്ന ഈ പ്രദേശം, ആദ്യം ചീനത്തെരുവെന്നാണ് അറിയപ്പെട്ടിരുന്നത്. ചൈനയില്‍നിന്നെത്തിയ സഞ്ചാരികള്‍ കോഴിക്കോടിനു ചൈനയുമായുള്ള കച്ചവടബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. പോര്‍ച്ചുഗീസുകാരുടെ വരവോടെ ചൈനയുമായുള്ള കച്ചവടബന്ധം നിലച്ചു. കാഞ്ചീപുരത്തുനിന്ന് പരമ്പരാഗത പട്ടുതുണികള്‍ വില്ക്കാനെത്തിയവര്‍ താമസിച്ചിരുന്നതും ഈ തെരുവിലാണെന്നു പറയപ്പെടുന്നു.
മുസ്‌ലിങ്ങളോടൊപ്പം ഗുജറാത്തികളും പാഴ്‌സികളും ആംഗ്ലോ ഇന്ത്യക്കാരും ജൈനമതക്കാരും താമസിച്ചിരുന്ന ഈ സ്ഥലം, കോഴിക്കോടിന്റെ സാംസ്‌കാരികസമന്വയത്തിന് ഉത്തമോദാഹരണമാണ്.

മാങ്കാവ്

മാനവിക്രമന്‍ സാമൂതിരിയുടെ തോട്ടം എന്നര്‍ഥത്തില്‍ 'മാനന്‍കാവ്' എന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. കാലാന്തരത്തില്‍ 'മാനന്‍കാവ്' ലോപിച്ച് മാങ്കാവായി. സാമൂതിരി രാജവംശത്തിന്റെ ഒരു ശാഖ കോവിലകം കെട്ടി താമസിച്ചിരുന്ന സ്ഥലമാണ് മാങ്കാവ്.

കല്ലായി

തടിവ്യവസായത്തിലൂടെ ലോകഭൂപടത്തില്‍ ഇടം നേടിയ കല്ലായി കോഴിക്കോടിന്റെ യശസ്സ് ലോകം മുഴുവന്‍ വ്യാപിപ്പിച്ചു. തടിവ്യവസായത്തില്‍ ലോകത്തില്‍ രണ്ടാംസ്ഥാനമുണ്ടായിരുന്ന 'കല്ലായി' പോര്‍ളാതിരിയെ തോല്പിച്ച് സാമൂതിരി ആദ്യമായി പിടിച്ചെടുത്ത കടല്‍ത്തീരമാണ്. പുഴയും കടലും ചേരുന്ന ഈ അഴിമുഖം കല്ലു പാകി വഞ്ചികള്‍ക്ക് അടുക്കാന്‍ പാകത്തില്‍ ഉപയോഗയോഗ്യമാക്കി. കല്ലു പാകിയ അഴി 'കല്ലഴി' എന്നും പിന്നീട് 'കല്ലായി' എന്നും അറിയപ്പെട്ടു. പുഴക്കരയിലെ മില്ലുകളില്‍ ഈര്‍ന്നെടുത്ത പണിത്തരങ്ങള്‍ 'കല്ലഴിയിലൂടെ ലോകത്തിന്റെ നാനാഭാഗത്തേക്കും സഞ്ചരിച്ചു.

തിരുവണ്ണൂര്‍

ഇവിടത്തെ ചോള വാസ്തുശില്പമാതൃകയിലുള്ള ശിവക്ഷേത്രത്തിന് ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് കരുതുന്നു. സാമൂതിരിക്കു മുന്‍പ് ഭരിച്ചിരുന്ന ചേരരാജാക്കന്മാരുടെ കാലത്ത് നിര്‍മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. ഐശ്വര്യം വിളയാടിയിരുന്ന ഊരായിരുന്നതിനാല്‍ ആദ്യമിത് 'തിരുവന്നൂരെന്നും' പിന്നീട് തിരുവണ്ണൂരെന്നും അറിയപ്പെട്ടു. സാമൂതിരികുടുംബത്തിലെ ഒരു ശാഖ ഈ ക്ഷേത്രം കേന്ദ്രമാക്കിയാണ് പുതിയ കോവിലകം പണിതു താമസിച്ചത്. 'തിരുമുന്നൂര്‍' എന്ന പേര് രൂപാന്തരപ്പെട്ടാണ് തിരുവണ്ണൂരായതെന്നും അഭിപ്രായമുണ്ട്.

ബേപ്പൂര്

തേക്കില്‍ തീര്‍ത്ത കൊത്തുപണികളാല്‍ മനോഹരമാക്കപ്പെട്ട സമുദ്രയാനം തേടിയാണ് പുരാതനകാലംമുതല്‍ വിദേശികള്‍ ബേപ്പൂരെത്തിയത്. സാമൂതിരിക്കു മുന്‍പ് പരപ്പനാട് രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ബേപ്പൂര്, അന്ന് ഈ തുറമുഖത്തെ വെയ്പ് ഊര്‍' എന്നാണ് വിളിച്ചിരുന്നത്. വെയ്പ് ഊര്‍ എന്നാല്‍ 'കടല്‍ എറിഞ്ഞിട്ട സ്ഥലം'. കാലങ്ങള്‍ കടന്നുപോയപ്പോള്‍ വെയ്പ് ഊര്‍ 'ബേപ്പൂരായി' പരിണമിച്ചു.

ഫറോക്ക്

മലബാര്‍ കീഴടക്കിയ ടിപ്പുസുല്‍ത്താനാണ് ഫറോക്കിന് ആ പേരു നല്കിയത്. മലബാറിന്റെ തലസ്ഥാനമാക്കാന്‍ ടിപ്പു തീരുമാനിച്ചത് നല്ലൂരിനടുത്ത് മമ്മിളിപ്പറമ്പും പരിസരവുമാണ്. പുതിയ തലസ്ഥാനത്തിനു ടിപ്പു നല്കിയ പേര് 'ഫറൂക്കാബാദ്' എന്നാണ്. 'ഫറൂക്ക' എന്ന വാക്കിന് അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ ഭരണസൗകര്യത്തിനായി വിഭജിക്കപ്പെട്ട സ്ഥലം എന്നര്‍ഥം. 'ആബാദ്' എന്നാല്‍ പട്ടണം. ഫറൂക്കാബാദ് പിന്നീട് ഫറൂക്കിയ എന്നറിയപ്പെട്ടു. ഫറൂക്കിയ ഒടുവില്‍ ഫറോക്കായ് മാറി. ടിപ്പുസുല്‍ത്താന്‍ പണികഴിപ്പിച്ച കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കാണാം.

പുതിയങ്ങാടി

കോഴിക്കോടിന്റെ പ്രാന്തത്തിലുള്ള ഒരു കൊച്ചു തുറമുഖമാണ് പുതിയങ്ങാടിയെന്ന് വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വെസ്റ്റ് ഹില്ലിനു വടക്കുള്ള കടലോരപ്രദേശമാണിത്. പണ്ട് മലബാറില്‍ കച്ചവടത്തിനെത്തിയ അറബികള്‍, ഈ തുറമുഖത്തുവെച്ചാണ് തങ്ങള്‍ കൊണ്ടുവന്ന ചരക്കുകള്‍ വില്പന നടത്തിയതും ഇവിടുത്തെ ചരക്കുകള്‍ ശേഖരിച്ചതും. അറബികള്‍ ഇവിടെ തങ്ങുന്ന രണ്ടുമൂന്നു മാസം ഇതൊരു കച്ചവടകേന്ദ്രമായി മാറും. അങ്ങനെ പുതിയതായി രൂപംകൊണ്ട അങ്ങാടിക്ക് 'പുതിയങ്ങാടി' എന്ന പേരു വന്നു.

കാപ്പാട്

എലത്തൂരിനു വടക്കുള്ള ഈ കടല്‍ത്തീരം പാറകള്‍ നിറഞ്ഞതാണ്. 'കപ്പക്കടവ്' എന്നാണ് ഇതാദ്യം അറിയപ്പെട്ടത്. കപ്പക്കടവെന്നാല്‍ കപ്പലുകള്‍ക്കടുക്കാനുള്ള കടവ്. വാസ്‌കോഡ ഗാമയുടെ വരവോടെയാണ് കാപ്പാട് ചരിത്രത്തില്‍ ഇടം നേടിയത്. ചെറിയ വഞ്ചികള്‍ക്കുമാത്രം അടുക്കാന്‍ കഴിയുന്ന കടവായിരുന്നു കാപ്പാട്. അതുകൊണ്ട് കാപ്പാട് പുറംകടലില്‍ നങ്കൂരമിട്ട ഗാമയുടെ കപ്പല്‍ കുറേക്കൂടി സുരക്ഷിതമായിരുന്ന കൊയിലാണ്ടി തുറമുഖത്തേക്കു നീങ്ങി. അവിടെ നങ്കൂരമിട്ടശേഷം ഗാമയും ആളുകളും ചെറുതോണികളിലായി സഞ്ചരിച്ച് കരയിലിറങ്ങി. കൊയിലാണ്ടി ചരക്ക് കയറ്റിറക്കമുള്ള ഇടത്തരം തുറമുഖമായിരുന്നുവെന്ന് ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ചാലിയം

പോര്‍ച്ചുഗീസുകാരുടെ ശക്തിദുര്‍ഗമായിരുന്ന ചാലിയംകോട്ട സ്ഥിതിചെയ്തിരുന്നത് ഇവിടെയാണ്. ചാലിയത്തെ മുഖ്യനെ കൈക്കൂലി കൊടുത്ത് പാട്ടിലാക്കിയാണ് നയതന്ത്രപ്രധാനമായ ചാലിയത്ത് അഞ്ചു മാസംകൊണ്ട് പോര്‍ച്ചുഗീസുകാര്‍ കോട്ട പണിതത്. കടലിനഭിമുഖമായി നിര്‍മിക്കപ്പെട്ടിരുന്ന ഈ കോട്ട സാമൂതിരിക്ക് ഏറ്റവും വലിയ തലവേദനയായി മാറി. ക്ഷുഭിതനായ സാമൂതിരി പോര്‍ച്ചുഗീസുകാരോട് പകരംവീട്ടാന്‍ അവസരം കാത്തുനിന്നു. സാമൂതിരി തന്റെ നാവികപടത്തലവനായ കുഞ്ഞാലിമരയ്ക്കാരുടെ സഹായത്തോടെ ചാലിയംകോട്ട തകര്‍ത്തതോടെയാണ് പോര്‍ച്ചുഗീസുകാരുടെ കോഴിക്കോട്ടെ ശക്തി ക്ഷയിച്ചുതുടങ്ങിയത്.

സാമൂതിരിയുടെ കാലത്ത് ചാലിയന്മാര്‍ (നെയ്ത്തുകാര്‍) താമസിച്ചിരുന്ന സ്ഥലമായതുകൊണ്ടാണ് ഈ പ്രദേശത്തിന് ചാലിയം എന്ന പേര്‍ ലഭിച്ചതെന്നും പറയപ്പെടുന്നു.

(മലബാര്‍ : പൈതൃകവും പ്രതാപവും എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാംMathrubhumiMatrimonial