സന്ധ്യകള്‍ക്ക് കലയുടെ നിറച്ചാര്‍ത്തുമായി റാന്നി ഫാസ്‌

Posted on: 11 Sep 2014റാന്നി: റാന്നിയിലെ കലാസ്വാദകര്‍ക്കായി കലാപരിപാടികള്‍ സംഘടിപ്പിക്കാന്‍ റാന്നി ഫാസ് രംഗത്ത്. തൊണ്ണൂറുകളുടെ തുടക്കംവരെ റാന്നി പി.ജെ.ടി. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സംഘടിപ്പിച്ചിരുന്ന കലാപരിപാടികളുടെ പിന്‍തുടര്‍ച്ചയായാണ് ഫാസ് ഇപ്പോള്‍ രംഗത്തെത്തിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സപ്തംബര്‍ 13ന് വൈകീട്ട് 6.30ന് പി.ജെ.ടി. ഹാളില്‍ നടക്കുന്ന കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 'മാക്ബത്ത്' നാടകത്തിലൂടെ പ്രദര്‍ശനങ്ങള്‍ക്ക് തുടക്കംകുറിക്കും.
5 വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച റാന്നി ഫിലിം ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി (ഫാസ്) കലാപരിപാടികളുടെ സംഘാടനത്തിനായി 'കലാദര്‍ശന്‍ വിഷ്വല്‍ തിയേറ്റര്‍' എന്ന വിഭാഗം രൂപവത്കരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ഒരു വര്‍ഷത്തില്‍ കലാമൂല്യവും വൈവിധ്യവുമുള്ള 4 കലാപരിപാടികള്‍ നടത്താനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിട്ടുള്ളതെന്നും ഇവര്‍ പറഞ്ഞു.
പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡ് എന്നീ വിഭാഗങ്ങളില്‍ ആജീവനാന്ത അംഗത്വവും പേള്‍ വിഭാഗത്തില്‍ ത്രിവത്സര അംഗത്വവും സില്‍വര്‍, ബ്രോണ്‍സ് എന്നിവയില്‍ വാര്‍ഷിക അംഗത്വവുമാണ് നല്‍കിയിട്ടുള്ളത്.
ഫാസ് പ്രസിഡന്റ് ബാജി രാധാകൃഷ്ണന്‍, സെക്രട്ടറി സുനില്‍ മാത്യു, ജനറല്‍ കണ്‍വീനര്‍ എ.ടി.സതീഷ്, കണ്‍വീനര്‍മാരായ എസ്.അജിത്ത്, ബിനു എസ്.നായര്‍, പി.ജി.ഷൈന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Tags:    . Kerala. കേരളം