മൂന്നാര്‍:
ദേശീയപാത ഉപരോധസമരം അവസാനിപ്പിച്ചെങ്കിലും മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ സ്ത്രീത്തൊഴിലാളികള്‍ കൂലിക്കൂടുതലിനും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള സമരവുമായി മുന്നോട്ട്. ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ മെല്ലെപ്പോക്ക് സമരം തുടരാനുള്ള തീരുമാനത്തിലാണിവര്‍.

500 രൂപ ശമ്പളം, 20 ശതമാനം ബോണസ് എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ചൊവ്വാഴ്ച വിവിധ എസ്റ്റേറ്റുകളില്‍ തൊഴിലാളികള്‍ പണി ആരംഭിച്ചെങ്കിലും വൈകീട്ട് മുദ്രാവാക്യം വിളിച്ച് പ്രകടനമായാണ് ഇവര്‍ നുള്ളിയെടുത്ത കൊളുന്തുമായി ഫാക്ടറിയിലേക്ക് മടങ്ങിയത്. ശമ്പളചര്‍ച്ച നടക്കുന്ന സപ്തംബര്‍ 26 വരെ സമരം തുടരും. ദിവസം 21 കിലോ കൊളുന്തുമാത്രം നുള്ളിക്കൊണ്ടാണ് തൊഴിലാളികള്‍ സമരം തുടരുന്നത്. വിലക്കയറ്റം രൂക്ഷമായിട്ടും ശമ്പളവര്‍ധന നടപ്പാക്കാത്തതും അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കാത്തതുമാണ് തൊഴിലാളികളെ പ്രകോപിപ്പിക്കുന്നത്. മൂന്നുവര്‍ഷമായി ശമ്പളം കിട്ടിയിട്ടില്ലെന്നും കൂട്ടുമ്പോള്‍ത്തന്നെ 20-25 പൈസയുടെ വര്‍ധനയാണു വരുത്തുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ജോലിസമയമെങ്കിലും പലപ്പോഴും പുലര്‍ച്ചെ 5.30 മുതല്‍തന്നെ ജോലി തുടങ്ങും. അധികജോലി ചെയ്താലും പല കാരണങ്ങള്‍ പറഞ്ഞ് കൂലി നിഷേധിക്കുകയാണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

21 കൊളുന്ത് നുള്ളിയാല്‍ 232 രൂപയാണ് കൂലി കിട്ടുക. 24 ദിവസം പണിയെടുക്കുന്ന തൊഴിലാളിക്ക് ശരാശരി 2000-2500 രൂപയാണ് പ്രതിമാസം കിട്ടുന്നത്. പി.എഫ്., വൈദ്യുതിചാര്‍ജ്, വിറകുകാശ്, തൊഴിലാളികള്‍ക്ക് കൊടുക്കുന്ന തേയിലയുടെ വില, എന്നുതുടങ്ങി നിരവധി ഇനങ്ങളില്‍ പണം പിടിച്ചശേഷമാണ് ശമ്പളം നല്‍കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.

സ്ത്രീകളുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം അവരുടെ മുന്‍കൈയില്‍ത്തന്നെയാണ് മുന്നോട്ടു പോകുന്നത്. പുരുഷതൊഴിലാളികളെയും ട്രേഡ് യൂണിയന്‍ നേതാക്കളെയും മാറ്റിനിര്‍ത്തി മുന്നോട്ടുപോകാന്‍തന്നെയാണ് ഇവരുടെ തീരുമാനം.