സൗദിയുടെ അഞ്ച് അതിര്‍ത്തി രക്ഷാസൈനികര്‍ കൊല്ലപ്പെട്ടു
ദുബായ്: യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൗദി പ്രദേശമായ നജ്‌റാനില്‍ വിമതരുമായുള്ള പോരാട്ടത്തില്‍ സൗദിയുടെ അഞ്ച് അതിര്‍ത്തി രക്ഷാസൈനികര്‍ കൊല്ലപ്പെട്ടു. യെമനില്‍ ഹൂതി വിമതരുമായുള്ള പോരാട്ടത്തില്‍ യു.എ.ഇ.യുടെ ഒരു സൈനികനും കൊല്ലപ്പെട്ടതായി സായുധസേനാ ജനറല്‍ കമാന്‍ഡ് അറിയിച്ചു. ഹൂതികള്‍ക്കെതിരെ മആരിബില്‍ മുന്നേറ്റം നടത്തുന്നതിനിടെയാണ് സൈനികന്‍ കൊല്ലപ്പെട്ടത്.
ഇതോടെ, 'ഓപ്പറേഷന്‍ റീസ്റ്റോര്‍ ഹോപ്' സൈനിക നീക്കത്തിനിടെ കൊല്ലപ്പെടുന്ന യു.എ.ഇ. സൈനികരുടെ എണ്ണം 59 ആയി. സൈനികന്റെ മരണത്തില്‍ സായുധസേനാ ജനറല്‍ കമാന്‍ഡ് അനുശോചിച്ചു. ഹൂതികളുടെ ശക്തികേന്ദ്രമായ മആരിബില്‍ യു.എ.ഇ. വ്യോമസേനാ മുന്നേറ്റം നടത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വാം' വ്യക്തമാക്കി. ശക്തമായ ജെറ്റാക്രമണമാണ് യു.എ.ഇ. നടത്തുന്നത്.
സൗദിസൈനികരുടെ മരണത്തെക്കുറിച്ച് സൗദി സംയുക്ത സേനാ കമാന്‍ഡ് ആണ് പ്രഖ്യാപനം നടത്തിയത്. സര്‍ജന്റ് ഫഹദ് അബ്ദുല്ലാ അല്‍ ഖതനി, കോര്‍പ്പറല്‍ മുഹമ്മദ് ജുര്‍ബാന്‍ അല്‍ ഖതനി, യഹ്യ ഗലൈസ് അല്‍ഹദ്രി, സാലിം അവാദ് അല്‍ ഖതനി, അലി മുഹമ്മദ് അല്‍ ഖതനി എന്നിവരാണ് കൊല്ലപ്പെട്ട സൗദി സൈനികര്‍.