കണ്ണൂര്‍: കൊലപാതകക്കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന അഞ്ചുതടവുകാരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. 14 വര്‍ഷത്തിലേറെ ശിക്ഷ അനുഭവിച്ചവരാണ് ഇപ്പോള്‍ മോചിതരാകുന്നവരെല്ലാം.
തിരുവനന്തപുരം വനിതാ ഓപ്പണ്‍ ജയിലിലെ പന്തളം സ്വദേശി ദേവകി, ഏറ്റുമാനൂര്‍ സ്വദേശി സൗധ, ലക്ഷ്മി എന്നിവരും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ എറണാകുളം സ്വദേശി ബര്‍ളി, നന്ദനന്‍ എന്നിവരെയാണ് മോചിപ്പിക്കുന്നത്. ഇതില്‍ സൗദ 17 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതാണ്.
2013 ഡിസംബറില്‍ ചേര്‍ന്ന ജയില്‍ ഉപദേശകസമിതിയാണ് മൂന്ന് സ്ത്രീതടവുകാരെ മോചിപ്പാക്കാന്‍ ശുപാര്‍ശചെയ്തത്. 2014 ജനവരിയിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശകസമിതി ബര്‍ളിയെയും നന്ദനനെയും മോചിപ്പിക്കാന്‍ ശുപാര്‍ശചെയ്തു. സൗദയെ മോചിപ്പിക്കാന്‍ നേരത്തേയും ഉപദേശകസമിതി ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യം ഗവര്‍ണര്‍ അംഗീകരിക്കാത്തതിനാല്‍ അന്ന് മോചിതയായില്ല. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ശിക്ഷയിളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുശേഷം ആദ്യമായി ശിക്ഷയിളവ് ലഭിക്കുന്നവരാണ് ഈ അഞ്ചുപേരും.