കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നില്ലെങ്കിലും തിരഞ്ഞെടുപ്പു കഴിയുന്നതുവരെ ജീവനക്കാര്‍ അവധിയെടുക്കരുതെന്ന് പഞ്ചായത്ത്, നഗരകാര്യ ഡയറക്ടര്‍മാരുടെ ഉത്തരവ്. സ്ഥലംമാറ്റം, ചുമതലയേല്‍ക്കല്‍ എന്നിവയും ഇനി പാടില്ല.
സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ്ക്ലര്‍ക്ക് എന്നീ ഉദ്യോഗസ്ഥര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുപ്രക്രിയ അവസാനിക്കുംവരെ യാതൊരു അവധിയും അനുവദിക്കേണ്ടെന്നാണ് ഉത്തരവ്. എന്നാല്‍ ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ അവധിയെടുക്കുന്നതിനു തടസ്സമില്ല.
അസിസ്റ്റന്റ് സെക്രട്ടറിമുതല്‍ ക്ലര്‍ക്ക് തസ്തികവരെയുള്ളവര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ മാത്രമേ അവധി നല്‍കാവൂ എന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിമാര്‍ അവധിയെടുക്കണമെങ്കില്‍ പഞ്ചായത്ത് ഡയറക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. വിളിച്ചുപറഞ്ഞ് അവധിയെടുക്കുന്ന രീതി തിരഞ്ഞെടുപ്പു കഴിയുംവരെ പറ്റില്ല. മുന്‍കൂട്ടി നല്‍കുന്ന അപേക്ഷയില്‍ മാത്രമേ ഇനി അവധി അനുവദിക്കുകയുള്ളൂ.
സ്ഥലംമാറ്റം, ചുമതലയേല്‍ക്കല്‍ എന്നിവ സപ്തംബര്‍ പത്തിന് പൂര്‍ത്തിയാക്കണമെന്നായിരുന്നു പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ്. അന്തിമ വോട്ടര്‍പ്പട്ടിക തയ്യാറാക്കുന്ന ജോലികള്‍ പഞ്ചായത്തുകളിലും നഗരസഭകളിലും നടക്കുന്നുണ്ട്. വോട്ടര്‍പ്പട്ടികയില്‍ പുതിയതായി പേരുചേര്‍ക്കുന്ന ജോലികളും ഉടന്‍ തുടങ്ങും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ പഞ്ചായത്തുകളില്‍ പുരോഗമിച്ചുവരികയാണ്. നവംബര്‍ രണ്ടാംവാരം ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താനും ഡിസംബര്‍ ഒന്നിന് ഭരണസമിതി അധികാരത്തില്‍ വരാനുമുള്ള ശ്രമങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്.