കൊച്ചി: മൂന്നാറിലെ തൊഴിലാളികളുടെ സമരവിജയം തൊഴിലാളി സംഘടനകള്‍ക്കും മറ്റ് യൂണിയന്‍ നേതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് സ്ത്രീകളുടെ സമരത്തിന് നേതൃത്വം നല്‍കിയ ലിസിയും വനറാണിയും പറഞ്ഞു. അവസാനവട്ട ചര്‍ച്ചയ്ക്ക് ശേഷം ഗസ്റ്റ് ഹൗസിലെ മുറിയില്‍ അന്തിമ പ്രഖ്യാപനത്തിനു വേണ്ടി കാത്തുനില്‍ക്കുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ചര്‍ച്ചകള്‍ പൂര്‍ണവിജയം എന്നു പറയുന്നില്ല. ഇനിയും ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാനുണ്ട്. എന്നിരുന്നാലും 20 ശതമാനം ബോണസ് എന്ന പ്രധാന ആവശ്യം നേടിയെടുക്കാനായതില്‍ സന്തോഷമുണ്ട് - സമര നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ചകളുടെ അന്തിമ തീരുമാനം പ്രഖ്യാപിച്ചശേഷം സമര നേതാക്കള്‍ വീണ്ടും മാധ്യമങ്ങളോട് സംസാരിച്ചു. മൂന്നാറിലെ സ്ത്രീകളുടെ ആത്മവിശ്വാസത്തോടെയുള്ള പോരാട്ടത്തിന്റെ വിജയമാണിതെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ ഒന്നിച്ചുനേടിയ വിജയമാണിത്.

പ്രായത്തെ മറന്നും ഈ സമരത്തിന് പിന്തുണയുമായി വന്ന് തങ്ങളോടൊപ്പം ഇരുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് നന്ദി പറയുകയാണ്. തങ്ങളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും മന്ത്രിമാരായ ഷിബു ബേബിജോണ്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കും എല്ലാ സഹായങ്ങളും സമരത്തിന് ചെയ്ത മൂന്നാറിലെ പോലീസിനോടും നന്ദിയുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.