ഗ്രാനൈറ്റില്‍ പ്രതിഭ തെളിയിക്കുന്ന കലാകാരന്‍

ഗ്രാനൈറ്റിന്റെ ഉപരിതലത്തിലെ മിനുസത്തില്‍ ഉയര്‍ന്നുവരികയാണ് നാട്ടുദൈവങ്ങളായ ഗുളികനും കുട്ടിച്ചാത്തനും മലദൈവങ്ങളും. തിറയാട്ടത്തിന്റെ രൂപപ്പകര്‍ച്ചകള്‍ ഇവിടെ പുതിയ ശിലാചിത്രങ്ങളായി പിറവിയെടുക്കുന്നു. പൗരാണികകാലത്തെ ശില്പികള്‍ ഗുഹാശിലകളിലും മറ്റും ആവിഷ്‌കരിച്ചമട്ടിലുള്ള കലാവിഷ്‌കാരങ്ങള്‍ പുതിയ കാലത്ത് ഗ്രാനൈറ്റില്‍ കൊത്തുകയാണ് ചിത്രകലാ അധ്യാപകനും ശില്പിയുമായ ആര്‍.കെ. പൊറ്റശ്ശേരി.
ഗ്രാനൈറ്റിനുമുകളിലെ
മിനുസം ഉരച്ചുകളഞ്ഞ് അടിയില്‍ തെളിയുന്ന ശിലാഭാഗത്ത് രൂപങ്ങള്‍ കൊത്തിയെടുക്കുകയാണിവിടെ. കാഴ്ചയില്‍ ഏതോ ഗുഹാഭിത്തിയിലെ
ശിലാചിത്രങ്ങളുടെ മട്ട്. നാട്ടുദൈവങ്ങളുടെയും മലദൈവങ്ങളുടെയും കെട്ടിയാട്ടങ്ങള്‍ അതിന്റെ ഭാവഗരിമയോടുകൂടി ശിലാപ്രതലത്തില്‍ ഉയിരാര്‍ന്നുനില്‍ക്കുന്നു. കേരളത്തിന്റെ ജനകീയ കലാരൂപമായ ഒപ്പനയും തനത് കാര്‍ഷികപാരമ്പര്യവുമൊക്കെ ആര്‍.കെ. പൊറ്റശ്ശേരി ഗ്രാനൈറ്റില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ഗ്രാനൈറ്റില്‍ ഏതാനും വര്‍ഷങ്ങളായി നടത്തിയ നിരന്തരപരീക്ഷണത്തിലൂടെയാണ് ഈ കലാവിഷ്‌കാരത്തിലേക്കെത്തിയതെന്ന് ആര്‍.കെ. പൊറ്റശ്ശേരി പറയുന്നു. കോഴിക്കോട് ജെ.ഡി.റ്റി. ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന അദ്ദേഹം 1998ലാണ്
ഗ്രാനൈറ്റ് ഒരു മാധ്യമമായി
തിരഞ്ഞെടുക്കുന്നത്. പോളിഷ് ചെയ്ത ഗ്രാനൈറ്റ് കൊത്തുമ്പോള്‍ ആഭാഗം വെള്ളയായി വരുന്നത് ഉപയോഗപ്പെടുത്തി കറുപ്പിലും വെളുപ്പിലും തെളിയുന്ന ചില ഛായാചിത്രങ്ങളാണ് ആദ്യം തയ്യാറാക്കിയത്. സ്വാമി വിവേകാനന്ദനില്‍ തുടങ്ങി ശ്രീനാരായണഗുരു, ഗാന്ധിജി, മുഹമ്മദ്
അബ്ദുറഹിമാന്‍
സാഹിബ്, ഇ.എം.എസ്., എസ്.കെ. പൊറ്റെക്കാട്ട്,
ഇന്ദിരാഗാന്ധി, കെ. കരുണാകരന്‍, വൈക്കം
മുഹമ്മദ് ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങി നിരവധി പേരുടെ ഛായാചിത്രങ്ങള്‍
അദ്ദേഹം ഗ്രാനൈറ്റില്‍ തീര്‍ത്തു. ഗള്‍ഫ്‌നാടുകളിലെ നിരവധി ഭരണാധികാരികളുടെ ഛായാചിത്രങ്ങള്‍ അദ്ദേഹം ഗ്രാനൈറ്റില്‍ കൊത്തി നല്‍കിയിട്ടുണ്ട്.
ഗ്രാനൈറ്റില്‍ കൊത്തിയ
കലാരൂപങ്ങള്‍ നൂറ്റാണ്ടുകളോളം കേടുകൂടാതെ സൂക്ഷിക്കാം. അതിനാല്‍ ഈ മാധ്യമത്തിലൂടെ നമ്മുടെ നാടന്‍ കലകളുടെയും ദൃശ്യങ്ങളുടെയും ശിലാചിത്രാവിഷ്‌കാരം വരും
തലമുറക്കുവേണ്ടി കാത്തുെവക്കാനാകുമെന്നുള്ള
വിശ്വാസമാണ് ആര്‍.കെ. പൊറ്റശ്ശേരിക്ക്.
തിറ കെട്ടിയാടുന്ന മണ്ണാന്‍ സമുദായാംഗമായ പൊറ്റശ്ശേരി കുട്ടിക്കാലം മുതല്‍ കണ്ടനുഭവിച്ച കാഴ്ചകളാണ് സൂക്ഷ്മഭാവങ്ങളോടെ
ശിലാചിത്രങ്ങളിലേക്ക് ആവാഹിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ സഹകരണംകൂടി ലഭിച്ചാല്‍ ഇത്തരം കൂടുതല്‍ ചിത്രങ്ങളുടെ ശേഖരത്തിന് രൂപം നല്‍കാനാകുമെന്ന് അദ്ദേഹം പറയുന്നു.
കോഴിക്കോട് ജില്ലയിലെ
മുക്കം മണാശ്ശേരിക്കടുത്തുള്ള പൊറ്റശ്ശേരിയിലെ വീട്ടില്‍
ശിലാചിത്രങ്ങളുടെതടക്കമുള്ള ഒരു ആര്‍ട്ട് ഗാലറി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആര്‍.കെ.
35 വര്‍ഷത്തെ അധ്യാപകജീവിതത്തില്‍നിന്നും വിരമിച്ചശേഷം മുഴുവന്‍ സമയ ചിത്രശില്പ രചനയില്‍ മുഴുകിയിരിക്കുന്ന ഇദ്ദേഹത്തിന് 2010ല്‍ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരവും മികച്ച ശില്പത്തിനുള്ള കേരള ലളിതകലാ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
suniltdymbi@gmail.com