ചേര്‍ത്തല: കേരള ക്ഷേത്രാനുഷ്ഠാന കലാവേദിയുടെ 13-ാമത് സംസ്ഥാന സമ്മേളനവും നാദശ്രീ പുരസ്‌കാര സമര്‍പ്പണവും വൈശാഖമാസാരംഭ ദിനാഘോഷ സെമിനാറും ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീധന്വന്തരി-ഭദ്ര ഓഡിറ്റോറിയത്തില്‍ നടന്നു. ഞായറാഴ്ച രാവിലെ 10ന് മരുത്തോര്‍വട്ടം ധന്വന്തരീക്ഷേത്രം മാനേജര്‍ കെ. വിനയചന്ദ്രന്‍ ഭദ്രദീപപ്രകാശനം നിര്‍വഹിച്ചു. ദേവസ്വം പ്രസിഡന്റ് കെ.ജി. ശ്രീധരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ സത്യാലയം സത്യശീലന്‍, കലാവേദി രക്ഷാധികാരി പി. അയ്യപ്പന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന വൈശാഖദിനാഘോഷ സെമിനാറില്‍ തൃപ്പൂണിത്തുറ വിദ്യാസാഗര്‍, എസ്. കൃഷ്ണയ്യര്‍ വൈക്കം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കലാവേദി സംസ്ഥാന പ്രസിഡന്റ് പള്ളിപ്പുറം പരമേശ്വരക്കുറുപ്പ് വിഷയവിവരണം നടത്തി. എം.കെ. ഉണ്ണിക്കൃഷ്ണ കൈമള്‍ സ്വാഗതവും വിനയകുമാര്‍ നന്ദിയും പറഞ്ഞു.
വൈകിട്ട് ചേര്‍ന്ന നാദശ്രീ പുരസ്‌കാര സമര്‍പ്പണ സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. വൈക്കം കൈതാരം എസ്. കൃഷ്ണയ്യര്‍, വൈക്കം രാമചന്ദ്രന്‍ എന്നിവര്‍ക്ക് അദ്ദേഹം പുരസ്‌കാരം സമര്‍പ്പിച്ചു. കേരള ക്ഷേത്രാനുഷ്ഠാന കലാവേദി സംസ്ഥാന പ്രസിഡന്റ് പള്ളിപ്പുറം പരമേശ്വരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.വി. പത്മനാഭന്‍ പുരസ്‌കാര ജേതാക്കളെ ആദരിച്ചു. ചേര്‍ത്തല എസ്.എന്‍. കോളേജ് ആര്‍.ഡി.സി. ചെയര്‍മാന്‍ കെ.പി. നടരാജന്‍ ഗ്രന്ഥവിതരണവും ചളിക്കവട്ടം മനോഹരന്‍ ശാന്തി സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു. ജി. സജികുമാര്‍, ജി.വി. പണിക്കര്‍ ഇന്ദീവരം, വി.ഒ. രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.