1

കേരളത്തിലെ ഏറ്റവും തിരക്കുള്ള മുസ്ലിം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് മമ്പുറം മഖാം. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനുപേര്‍ ദിവസവും ഇവിടെ എത്തുന്നു. സന്ദര്‍ശകര്‍ക്ക് ആത്മീയ ചൈതന്യം പകരുന്നതോടൊപ്പം കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ചരിത്രഭൂമികൂടിയാണ് മമ്പുറം.
മമ്പുറം തങ്ങന്മാര്‍ എന്നറിയപ്പെടുന്ന സാദാത്തുമാരുടെ കബറിടമാണ് മഖാം. സയ്യിദ് അലവി തങ്ങളാണ് (1753-1844) ഇതില്‍ പ്രധാനി. യമനിലെ തരീമില്‍ ജനിച്ച അദ്ദേഹത്തിന്റെ കുടുംബവേരുകള്‍ പ്രവാചകപുത്രി ഫാത്തിമയില്‍ സന്ധിക്കുന്നതായി പറയപ്പെടുന്നു. ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയ അലവി തങ്ങള്‍ 17-ാം വയസ്സില്‍ കോഴിക്കോട്ടെത്തി. പിന്നീട് മമ്പുറത്ത് സ്ഥിരതാമസമായതോടെയാണ് മമ്പുറം തങ്ങള്‍ എന്നറിയപ്പെട്ടത്.
മതപ്രബോധനത്തിന് മലയാളക്കരയിലെത്തിയ അലവി തങ്ങള്‍ സമുദായ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായി. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തെക്കേ മലബാറില്‍ ഒട്ടേറെ പള്ളികള്‍ പണിതു. മുസ്ലിങ്ങളുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ ശക്തമായി ഇടപെട്ട് അവരോടൊപ്പം ജീവിച്ച വിപ്ലവകാരിയായിരുന്നു അലവി തങ്ങളെന്ന് ചരിത്ര പുസ്തകങ്ങള്‍ രേഖപ്പെടുത്തുന്നു.
അക്കാലത്തെ മുഖ്യ രാഷ്ട്രീയ പ്രശ്‌നങ്ങളായ കൊളോണിയലിസത്തിനും ജന്മിത്വത്തിനുമെതിരെ തങ്ങള്‍ പൊതുസമൂഹത്തെ ബോധവത്കരിച്ചു. 'സൈഫുല്‍ ബത്താര്‍' എന്ന അലവി തങ്ങളുടെ കൃതി ബ്രിട്ടീഷ് ഭരണത്തിനെതിരെ മലബാറില്‍ സമരാഗ്നി ആളിക്കത്തിച്ചു. അധിനിവേശത്തെ സൈനികമായും സാമ്പത്തികമായും ചെറുക്കാന്‍ ആഹ്വാനം ചെയ്യുന്ന പുസ്തകം കണ്ടെടുത്ത് നശിപ്പിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം വീടുവീടാന്തരം റെയ്ഡ് നടത്തിയിരുന്നു.
ഹിന്ദു-മുസ്ലിം സഹവര്‍ത്തിത്വത്തിന്റെ ശക്തനായ വക്താവായിരുന്നു അലവി തങ്ങള്‍. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാന്‍ ഹിന്ദു-മുസ്ലിം ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. കോന്തു നായര്‍ എന്ന ഹിന്ദുമതവിശ്വാസിയായിരുന്നു മരണംവരെ തങ്ങളുടെ കാര്യസ്ഥന്‍. ജാതിമതഭേദമെന്യേ പാവങ്ങളെ സഹായിച്ച അദ്ദേഹം പൊതു സ്വീകാര്യനായി.
സാമൂഹിക പരിഷ്‌കര്‍ത്താവും അധിനിവേശവിരുദ്ധ രാഷ്ട്രീയത്തിന്റെ ധൈഷണികാചാര്യനുമായിരുന്ന സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അദ്ദേഹത്തിന്റെ മകനാണ്. വെളിയങ്കോട് ഉമര്‍ ഖാസി, പരപ്പനങ്ങാടി അവുക്കോയ മുസ്ലിയാര്‍ എന്നിവര്‍ ശിഷ്യന്‍മാരും.
വിശ്വാസികളുടെ സന്ദര്‍ശനകേന്ദ്രമായിരുന്നു വളരെ മുമ്പുതന്നെ മമ്പുറം. നല്ല കാര്യങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ തങ്ങന്മാരുമായി ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തിരുന്നത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനു പോകുമ്പോള്‍ മമ്പുറത്തെത്തി ആശിര്‍വാദം വാങ്ങുന്ന പതിവുമുണ്ടായിരുന്നു.
സയ്യിദ് ഹസന്‍ ജിഫ്രിയുടെ കബര്‍ സന്ദര്‍ശിക്കാന്‍ അലവി തങ്ങളുടെ കാലത്തുതന്നെ ആളുകള്‍ മമ്പുറത്തെത്തിയിരുന്നു. പിന്നീട് അദ്ദേഹത്തെയും ഇവിടെ മറവുചെയ്തു. ജിഫ്രി, മൗലദ്ദവീല കുടുംബങ്ങളിലെ ഒട്ടേറെ അംഗങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖാമിലേക്ക് ക്രമേണ സന്ദര്‍ശകരുടെ പ്രവാഹം തുടങ്ങി.
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയാണ് ഇപ്പോള്‍ മമ്പുറം മഖാം സംരക്ഷിക്കുന്നത്. ഇതര മതവിശ്വാസികള്‍ ഇന്നും ഇവിടെ സന്ദര്‍ശനത്തിനെത്തുന്നു. മൂന്നിയൂര്‍ കളിയാട്ടത്തിന് കുതിരകളുമായി പോകുന്ന വിശ്വാസികളും മഖാമിലെത്താറുണ്ട്.
സ്ത്രീകള്‍ക്ക് മഖാമില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വാസികള്‍ നേര്‍ച്ചയായി നല്‍കുന്ന അരി ചെറിയ കവറിലാക്കി സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുന്നു. 'ബര്‍ക്കത്തിന്റെ അരി' എന്നാണ് ഇതിന് വിളിപ്പേര്.
തങ്ങളുടെ ഓര്‍മ്മയ്ക്കായി നടത്തുന്ന മമ്പുറം നേര്‍ച്ചക്ക് ആയിരങ്ങളെത്തും. ഒരാഴ്ചത്തെ നേര്‍ച്ച മുഹറം മാസത്തിലാണ് നടക്കുക. മതപ്രഭാഷണങ്ങളും പ്രത്യേക പ്രാര്‍ത്ഥനകളുമുണ്ടാകും. സൗജന്യ ഭക്ഷണ വിതരണത്തോടെയാണ് നേര്‍ച്ച സമാപിക്കുക.
സയ്യിദ് അലവി തങ്ങള്‍ താമസിച്ചിരുന്ന മാളിയേക്കല്‍ വീട് മഖാമിന് സമീപത്തുണ്ട്. പഴമ നിലനിര്‍ത്തി സംരക്ഷിക്കുന്ന വീട്ടിലും സന്ദര്‍ശകരെത്തുന്നു. വിശ്വാസത്തിന്റെ കരുത്തില്‍ അധിനിവേശത്തിനെതിരെ നിലകൊണ്ട ഒരു ജനതയുടെ പോരാട്ടവീര്യത്തിന്റെ സ്മാരകം കൂടിയാണ് ഇന്ന് മമ്പുറം മഖാം.