ഇവിടെ ഇന്ന് നാലപ്പാട്ട് തറവാടിന്റെ ഒരു കല്ലുപോലുംഅവശേഷിച്ചിട്ടില്ല

ഒക്ടോബര്‍ 7: നാലപ്പാട്ട് നാരായണമേനോന്റെ 127ാം ജന്മദിനം. അദ്ദേഹത്തിന്റെ തറവാടിനും അത് സ്ഥിതിചെയ്യുന്ന വന്നേരിനാടിനും
കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തില്‍ അതുല്യമായ സ്ഥാനമുണ്ട്. ആ ദേശപ്പെരുമയിലൂടെ...
തൃശ്ശൂര്‍ കുന്ദംകുളത്തുനിന്ന് പൊന്നാനി റൂട്ടില്‍
12 കിലോമീറ്റര്‍ പോയാല്‍
പുന്നയൂര്‍ക്കുളമായി. തൊട്ടടുത്ത്വന്നേരിയെന്ന കൊച്ചുഗ്രാമം; അവിടെ ഒരു ഹയര്‍സെക്കണ്ടറി സ്‌കൂളും വലിയൊരു കിണറും. പൊയ്‌പ്പോയ വന്നേരി
നാടിന്റെ ബാക്കിപത്രമാണ് ഈപ്രദേശം. ഒരായിരം വര്‍ഷത്തിന്റെയെങ്കിലും കഥകള്‍നിറഞ്ഞ നാട്. കൊച്ചിരാജ്യം രൂപമെടുക്കുംമുമ്പുള്ള പെരുമ്പടപ്പ് സ്വരൂപത്തിന്റെ നാട്. പെരുമ്പടപ്പ് എന്നൊരു പഞ്ചായത്തും പൊന്നാനിയ്ക്കടുത്തുണ്ട്.
പൊന്നാനിക്കടുത്തുള്ള
ബിയ്യംകായലിന് തെക്ക്
മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍
ജില്ലകളുടെ കുറേഭാഗങ്ങള്‍ ചേര്‍ന്നുള്ള പ്രദേശമായിരുന്നു വന്നേരിനാട്. കേരളത്തിന്റെ ആദ്യരൂപമായ ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന മഹോദയപുരത്തെ കുലശേഖരവര്‍മയുടെ കാലത്തുതന്നെ ഈനാടുണ്ടായിരുന്നു. പെരുമ്പടപ്പ് കോവിലകം പറമ്പ് പഴയ പ്രതാപത്തിന്റെ നഷ്ടസ്വപ്നമായി ഇന്നും ഇവിടെ
കാണാം. ചാവക്കാട് താലൂക്കില്‍പെട്ട ആല്‍ത്തറയാണ് പുന്നയൂര്‍ക്കുളത്തിന്റെ സിരാകേന്ദ്രം. കമലാ സുരയ്യ കഥയെഴുതി പ്രസിദ്ധമാക്കിയ നീര്‍മാതളം നില്‍ക്കുന്ന നാലപ്പാട്ട് തറവാട് നടക്കാവുന്നത്ര അടുത്ത്.
അവിടെ ഇന്ന് നാലപ്പാട്ട് തറവാടിന്റെ ഒരു കല്ലുപോലും അവശേഷിച്ചിട്ടില്ല. കഥയിലൂടെ അനശ്വരമായ നീര്‍മാതളം മാത്രം എപ്പോള്‍വേണമെങ്കിലും വീഴാവുന്നമട്ടില്‍ ചെരിഞ്ഞുനില്‍പ്പുണ്ട്. തൊട്ടടുത്ത് ശാഖകളുമായി വലിയൊരു
ഇലഞ്ഞിമരം. അതിനോട് ചേര്‍ന്നുണ്ടായിരുന്ന സര്‍പ്പക്കാവിലെ രണ്ട് കരിങ്കല്‍
ബിംബങ്ങള്‍...
കമല ജീവിച്ചിരുന്നപ്പോള്‍ സാഹിത്യ അക്കാദമിക്ക് എഴുതിക്കൊടുത്ത തറവാട് ഭൂമിയില്‍ രണ്ടുകോടിയിലേറെ
മുതല്‍മുടക്കുള്ള ഒരു സാംസ്‌കാരിക സമുച്ചയം സാഹിത്യ
അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഉയരുന്നുണ്ട്. കമലയ്ക്കുകിട്ടിയ തറവാട്ടുഭൂമിയിലെ
17 സെന്റിലാണ് സാംസ്‌കാരികനിലയം. തറയും കമ്പികള്‍
പാകിയുള്ള തൂണുകളും ആയി. കമലാസുരയ്യ ട്രസ്റ്റിന്റെ
സെക്രട്ടറി കെ.ബി. സുകുമാരന്‍ സംഭാവന ചെയ്ത
13 സെന്റില്‍ വലിയൊരുകുളവും കരിങ്കല്‍പാകി
ഒരുക്കിയിട്ടുണ്ട്.
പുന്നയൂര്‍ക്കുളത്തിന്റെ
ജീവനാഡിയായിരുന്നു ഒരുകാലത്ത് നാലപ്പാട്ട് തറവാട്.
മലയാളസാഹിത്യത്തിന് അനേകം പ്രതിഭാശാലികളെ സംഭാവനചെയ്ത ഭവനം. ആദ്യത്തെ
വിലാപകാവ്യമായ 'കണ്ണുനീര്‍തുള്ളി'യും ആര്‍ഷജ്ഞാനവും രതിസാമ്രാജ്യവും വിക്ടര്‍
യൂഗോയുടെ ലേ മിറാബ്‌ളേയുടെ വിവര്‍ത്തനമായ പാവങ്ങളും രചിച്ച നാലപ്പാട് നാരായണമേനോന്‍ ജനിച്ച വീട്. അദ്ദേഹത്തിന്റെ മരുമകളും കവയിത്രിയുമായ ബാലാമണിയമ്മയും അവരുടെ മക്കള്‍ സുലോചനയും മാധവിക്കുട്ടിയും അനുജത്തി അമ്മിണിയമ്മയുമൊക്കെ കളിച്ചുവളര്‍ന്ന മുറ്റമാണിത്. ബാലാമണിയെ വിവാഹംചെയ്ത വി.എം. നായരുടെ സര്‍വോദയം വീട് ഇവിടെനിന്നാല്‍ കാണാം. വി.എം. നായര്‍
തന്നെയാണ് നാലപ്പാടന്റെ
കണ്ണുനീര്‍തുള്ളി 'ടിയര്‍ ഡ്രോപ്‌സ്' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.
പൊന്നാനിപ്പുഴയോരത്ത്
പടര്‍ന്നുപന്തലിച്ച ഒരു സംസ്‌കൃതിയെപ്പറ്റി പറയുമ്പോള്‍ നാട്ടുകാര്‍ക്ക് ആയിരം നാവാണ്.
വന്നേരിനാടിന്റെ സന്തതികളില്‍ മൊയ്തു മൗലവി,
എം.പി. ഭട്ടതിരിപ്പാട്.
എം.ആര്‍.ബി., പ്രേംജി, കാട്ടുമാടം നാരായണന്‍, ഇടശ്ശേരി,
ഉറൂബ്, കെ.സി.എസ്.
പണിക്കര്‍, സി. ഉണ്ണിരാജാ,
സി. രാധാകൃഷ്ണന്‍ എന്നിവര്‍
തുടങ്ങി വി.കെ. ശ്രീരാമനും ആലങ്കോട് ലീലാകൃഷ്ണനും വരെ നിരന്നു മിന്നുന്നു. വള്ളത്തോളിന്റെ ഭാര്യവീടും പുന്നയൂര്‍ക്കുളത്തായിരുന്നു. അങ്ങനെയാണ് നാലപ്പാടുംവള്ളത്തോളും തമ്മിലടുക്കുന്നത്.
എം.ടി.യുടെ അച്ഛന്‍ നാരായണന്‍ നായര്‍ പുന്നയൂര്‍ക്കുളത്ത് തെക്കേപ്പാട്ട് കുടുംബാംഗമായിരുന്നു. അദ്ദേഹം 45
കിലോമീറ്റര്‍ അകലെ പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരില്‍ സംബന്ധം ചെയ്തതുകാരണമാണ് എം.ടി.യുടെ നാട് കൂടല്ലൂരായത്. എം.ടി.യുടെ ഓപ്പോള്‍ കാര്‍ത്യായനി ടീച്ചറും പുന്നയൂര്‍ക്കുളത്തുണ്ട്. അവരും എഴുത്തുകാരിയാണ്. രണ്ടുതവണ നിയമസഭയിലേക്ക് ജയിച്ച കെ.ജി. കരുണാകരമേനോന്‍ നാലപ്പാട്ട് അമ്മിണിയമ്മയെയാണ്
വിവാഹം ചെയ്തത്. കൊളാടി ഗോവിന്ദന്‍കുട്ടിയും രണ്ടുതവണ നിയമസഭാംഗമായ
നാട്ടുകാരനാണ്.
കമലാസ്മാരകവും നീര്‍മാതളവും കണ്ട് ആല്‍ത്തറ കവലയിലെത്തിയപ്പോള്‍ സ്‌കൂളും
കോളേജും കഴിഞ്ഞ് വീട്ടിലേക്ക് തിരക്കിട്ടുപോകുന്ന വിദ്യാര്‍ഥിവിദ്യാര്‍ഥിനികളുടെ പട കണ്ടു. കമലയും മറ്റും പഠിച്ച രാമരാജ സ്‌കൂളും തെക്കേപ്പാട്ട് മോഹന്‍ബാബുവും എ. ഉമ്മറും ചേര്‍ന്നുതുടങ്ങിയ പ്രതിഭാ കോളേജും ഇന്നും സജീവമാണ്. കവലയില്‍ ഒരു ബഹുനില ഫ്‌ളാറ്റിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കണ്ടു. അതിന്റെ പേരും
നീര്‍മാതളം!
ചാവക്കാട്‌പൊന്നാനിതാലൂക്കുകള്‍ ഉള്‍പ്പെടുന്ന വന്നേരിനാട്ടില്‍
നിന്ന് വിദേശത്തുപോയവര്‍ക്ക് കൈയുംകണക്കുമില്ല. ഗള്‍ഫ് നാടുകള്‍ വികസിക്കുന്നതിനുമുമ്പേ തുടങ്ങിയതാണ്അവരുടെ പ്രവാസജീവിതം.ആദ്യം ബര്‍മയിലേക്കുംസിലോണ്‍, മലയ, സിംഗപ്പൂര്‍
എന്നിവിടങ്ങളിലേക്കും ആയിരുന്നു അവരുടെ യാത്രകള്‍. നാട്ടുകാരനായ അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്ന കഥാകൃത്തിന്റെ സഹോദരീസഹോദരന്മാരും മക്കളും ഉള്‍പ്പെടെ ഇരുപതുപേര്‍ കുവൈത്ത്, ഖത്തര്‍, ദുബായ്, അബുദാബി,ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍
ജോലിചെയ്യുന്നു!
എം.ടി.ക്കുമുണ്ടല്ലോ പ്രവാസിബന്ധം. അച്ഛന്‍ നാരായണന്‍ നായര്‍ സിലോണിലായിരുന്നു. ഒരിക്കല്‍ മടങ്ങിവന്നപ്പേള്‍ കൂടെ ഒരു കൊച്ചു പെണ്‍കുട്ടിയുമുണ്ടായിരുന്നു.
അവളെ കൂട്ടിക്കൊണ്ടുവന്നപ്പോള്‍ വീട്ടില്‍ കോലാഹലമുണ്ടായി. അച്ഛന്‍ അവളെ തിരികെ കൊണ്ടുപോയി. ആ
സംഭവത്തെക്കുറിച്ചും പിന്നീട് ആ പെണ്‍കുട്ടിയെ തേടി
അച്ഛന്റെ മരണശേഷം താന്‍ സിലോണില്‍ പോയതിനെക്കുറിച്ചും എം.ടി. രണ്ടുകഥകള്‍
എഴുതി.
കുന്നത്തൂര്‍ പുന്നയൂര്‍കുളം ആസ്ഥാനമായ നാലപ്പാടന്‍ സ്മാരക സാംസ്‌കാരിക സംഘടനയുടെ സെക്രട്ടറിയാണ് വന്നേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

മാനേജര്‍കൂടിയായ അശോകന്‍ നാലപ്പാട്. ബാലാമണിയമ്മയുടെ അനുജത്തി അമ്മിണിയമ്മയുടെ മകന്‍.
നാരായണ മേനോന്റെ 127ാം ജന്മദിനം ഒക്ടോബര്‍
രണ്ട് മുതല്‍ ഏഴുവരെ വിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് സംഘടന. നാലപ്പാടിന്റെ ജന്മദിനം
ഒക്ടോബര്‍ ഏഴിനാണ്.
ഇത്തവണത്തെ നാലപ്പാടന്‍ പുരസ്‌കാരം എം.ടി.ക്ക് സമര്‍പ്പിക്കുന്നതാണ് ഉത്സവത്തിലെ
പ്രധാന ചടങ്ങ്. നാലപ്പാടിനെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും ഒരുങ്ങുന്നു 'നാലപ്പാടന്‍ ഒരു ഋഷികവി' എന്ന പേരില്‍.
അശോകന്റെ മകള്‍ സരിത നാലപ്പാട് ആണ് സംവിധായിക. കഴിഞ്ഞ മാര്‍ച്ച് 15ന്
തൊണ്ണൂറിലെത്തിയ അക്കിത്തം അച്യുതന്‍ നമ്പൂതിരിയുമായുള്ള അഭിമുഖത്തോടെയാണ് ഡോക്യുമെന്ററിയുടെ
തുടക്കം. 'ഉദാരമതി, പുരോഗമനവാദി... എല്ലാറ്റിനുമുപരി
ജീവിതത്തില്‍ ധര്‍മത്തിനുവേണ്ടി നിരന്തരം പാടിയ ഋഷികവി ഇതെല്ലാമായിരുന്നു നാലപ്പാട്', അക്കിത്തം നാലപ്പാടിനെ
ഓര്‍ക്കുന്നു. പിന്നെ മനുഷ്യജീവിതത്തെക്കുറിച്ച് നാലപ്പാടന്‍ കുറിച്ചുവച്ച ആ വരികളും:
അനന്തമജ്ഞാതമവര്‍ണനീയം / ഈലോകഗോളം തിരിയുന്ന മാര്‍ഗം / അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് / നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടൂ!