മൂന്നാറിലേത് ജനസഞ്ചയ രാഷ്ട്രീയത്തിന്റെ കേളികൊട്ട്

Posted on: 16 Sep 2015



തിരുവനന്തപുരം: മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലല്ലാതെ നടത്തിയ സമരത്തിന്റെ വിജയം ജനസഞ്ചയ രാഷ്ട്രീയത്തിന്റെ കേരളത്തിലേക്കുള്ള കടന്നുവരവിന്റെ കേളികൊട്ട്.
അമേരിക്കയില്‍ നടന്ന വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തിന്റെയും ഡല്‍ഹിയില്‍ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെയും വ്യത്യസ്തരൂപത്തിലുള്ള ആവര്‍ത്തനമാണ് മൂന്നാറില്‍ സംഭവിച്ചത്. അണ്ണാഹസാരെയുടെ സമരത്തില്‍ പങ്കാളികളായത് മദ്ധ്യവര്‍ഗ്ഗമാണെങ്കില്‍ മൂന്നാറില്‍ അണിനിരന്നത് സാധാരണക്കാരായ തൊഴിലാളികള്‍.
സംഘടിത തൊഴില്‍മേഖലകളിലും സര്‍വീസ് മേഖലകളിലും ട്രേഡ് യൂണിയനുകളുടെയും മറ്റും നേതൃത്വത്തില്‍ സമീപകാലത്ത് നടത്തിയ മിക്ക സമരങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ രാഷ്ട്രീയ-ട്രേഡ് യൂണിയന്‍ നേതാക്കളെ അകറ്റിനിര്‍ത്തി നടത്തിയ സമരം വിജയിച്ചിരിക്കുന്നത്. തൊഴിലാളി സംഘടനാരംഗത്ത് സി.പി.എമ്മുംസി.പി.ഐ.യുമടക്കമുള്ള ഇടതുപാര്‍ട്ടികളിലും ശക്തമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ പര്യാപ്തമാണ് ഈ വിജയം.
തൊഴില്‍ മേഖലകളില്‍ അമിതമായ 'ട്രേഡ് യൂണിയനിസം' ഉപേക്ഷിക്കാന്‍ തൊഴിലാളിസംഘടനകള്‍ ഇനി തയ്യാറാകേണ്ടിവരും. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കുകയെന്ന ശൈലിക്കു പകരം തൊഴിലാളികളുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനശൈലി സ്വീകരിക്കാനും തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ യഥാര്‍ത്ഥ തൊഴിലാളികള്‍ തന്നെ വേണമെന്ന ആവശ്യം ശക്തിപ്പെടാനും മൂന്നാര്‍ സമരം കാരണമാകും.
ഇതിനുപുറമേ സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും മൂന്നാര്‍ സമരം അനുരണനങ്ങള്‍ സൃഷ്ടിക്കും .
ജനപ്രതിനിധികളടക്കമുള്ള സി.പി.എം-കോണ്‍ഗ്രസ് നേതാക്കളും ട്രേഡ് യൂണിയന്‍നേതാക്കളും സമരരംഗത്തെ വനിതകളുടെ രൂക്ഷമായ എതിര്‍പ്പിന് വിധേയരായപ്പോള്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് മാത്രമാണ് സ്വീകാര്യത ലഭിച്ചത്. കഴിഞ്ഞ കുറേനാളായി സി.പി.എം. നേതൃത്വത്തില്‍ ഒറ്റയാന്‍ രാഷ്ട്രീയം കളിക്കുന്ന വി.എസ്. ഫലത്തില്‍ പയറ്റിവരുന്നതും ജനക്കൂട്ട രാഷ്ട്രീയമാണ്.
ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയതുമുതല്‍ പാര്‍ട്ടിയുമായി പരസ്യമായി അകല്‍ച്ച പാലിക്കുന്ന വി.എസ്സിനെ പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ കരുത്തനും സ്വീകാര്യനുമാക്കുന്നതാണ് മൂന്നാറിലെ സമരം.
ഒരുകാലത്ത് സി.പി.എമ്മില്‍ വി.എസ്സിന്റെ തട്ടകമായിരുന്ന ഇടുക്കി ജില്ലാക്കമ്മിറ്റി വി.എസ്സിനെ കൈവിട്ടിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനു ശേഷം വി.എസ്സിന് ജില്ലയില്‍ പാര്‍ട്ടി നേതൃത്വം അപ്രഖ്യാപിത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കിനെയും മറികടന്നാണ് വി.എസ്. പാര്‍ട്ടിക്കുള്ളിലെ തന്റെ എതിരാളികളെ നിശ്ശബ്ദരാക്കിയിരിക്കുന്നത്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam






 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/