മൂന്നാറിലെ തോട്ടങ്ങള്‍ സാധാരണ നിലയിലേക്ക്
Posted on: 16 Sep 2015
മൂന്നാര്‍: ചരിത്രത്തിലിടംനേടിയ ഒമ്പതുദിവസത്തെ സമരത്തിനും ഒരു ദിവസത്തെ ആഹ്ലൂദത്തിനുമൊടുവില്‍ കെ.ഡി.എച്ച്.പി. കമ്പനിയിലെ തൊഴിലാളികള്‍ ചൊവ്വാഴ്ച മുതല്‍ ജോലി ആരംഭിച്ചു. തൊഴിലാളിസ്ത്രീകള്‍ അതിരാവിലെതന്നെ കൊളുന്തെടുക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ തുടങ്ങി. അഞ്ചാംതിയ്യതി മുതലാണ് 20 ശതമാനം ബോണസ് ആവശ്യപ്പെട്ട് കണ്ണന്‍ദേവന്‍കമ്പനിയിലെ സ്ത്രീത്തൊഴിലാളികളുടെ നേതൃത്വത്തില്‍ 9 ദിവസം നീണ്ടുനിന്ന സമരം തുടങ്ങിയത്. ബോണസ് നിഷേധിച്ചാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. ദേശീയ പാതയടക്കമുള്ള റോഡുകള്‍ ഉപരോധിച്ചുനടത്തിയ സമരം ഞായറാഴ്ച മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ചര്‍ച്ചയിലാണ് അവസാനിച്ചത്. സമരം വിജയിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച തൊഴിലാളികള്‍ ജോലിക്കുപോകാതെ ടൗണില്‍ ആഹ്ലൂദപ്രകടനം നടത്തിയിരുന്നു.
എന്നാല്‍, ബോണസ് സമരം ജയിച്ചെങ്കിലും 26ന് നടക്കുന്ന പി.എല്‍.ഡിയില്‍ തങ്ങളുടെ ശമ്പളം 500രൂപ ആക്കുന്നതുവരെ അധികകൊളുന്ത് എടുക്കില്ലെന്നും ശമ്പളത്തിനുള്ള മിനിമംതൂക്കം കൊളുന്തുമാത്രമേ എടുക്കൂവെന്നും തൊഴിലാളികള്‍ പറഞ്ഞു.