മൂന്നാര്‍ സമരം: പാഠം ഉള്‍ക്കൊണ്ട് ആത്മപരിശോധന നടത്തും- കാനം രാജേന്ദ്രന്‍

Posted on: 16 Sep 2015



വൈക്കം: മൂന്നാറില്‍ തോട്ടംതൊഴിലാളികള്‍ നടത്തിയ സമരത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് സ്വയം വിമര്‍ശത്തിന് തയ്യാറാകുമെന്നും പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കുമെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എ.ഐ.ടി.യു.സി. ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകള്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണം. സമരത്തില്‍നിന്ന് ട്രേഡ് യൂണിയനുകള്‍ മാത്രമല്ല സര്‍ക്കാരും മുതലാളിമാരും പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ചെത്തുതൊഴിലാളി യൂണിയന്റെ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

''തോട്ടംതൊഴിലാളികളുടെ കൂലി നിര്‍ണ്ണയിക്കുന്ന പ്ലാന്റേഷന്‍ ലേബര്‍കമ്മിറ്റി 26 ന് കൂടുമെന്നാണ് തൊഴില്‍മന്ത്രി പറയുന്നത്. എന്നാല്‍, കമ്മിറ്റിയുടെ കാലാവധി ഫിബ്രവരിയില്‍ തീര്‍ന്നതാണ്. കാലാവധി തീര്‍ന്ന കമ്മിറ്റിക്ക് സാധുതയില്ല. അവകാശങ്ങള്‍ക്കു വേണ്ടി തൊഴിലാളികള്‍ ആത്മഹത്യക്ക് തെരുവില്‍ ഇറങ്ങിയാല്‍ മാത്രമേ സര്‍ക്കാരുകള്‍ അനങ്ങുകയുള്ളൂവെന്ന അവസ്ഥയാണ്. തൊഴിലാളി വിരുദ്ധനയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങും.

തൊഴിലാളിസമരം വിജയംകണ്ടതുകൊണ്ട് അത് എങ്ങനെ ട്രേഡ് യൂണിയന്‍വിരുദ്ധമാകും.ട്രേഡ് യൂണിയനുകളാണ് തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍പലതും നേടിക്കൊടുത്തത്. ട്രേഡ് യൂണിയനുകള്‍ ദേശീയതലത്തില്‍ ഉന്നയിച്ച മിനിമംകൂലി 500 രൂപ ആക്കണമെന്ന ആവശ്യം കേരളത്തിലെ പൊതുസമൂഹം അംഗീകരിച്ചുവെന്നുള്ളതാണ് മൂന്നാറിലെ തൊഴിലാളിസമരത്തിന്റെ വിജയം''- അദ്ദേഹം പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam






 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/