അധ്യാപകനിയമനം: സര്‍വകലാശാലയുടെ അപ്പീല്‍ തള്ളി; നിയമനം നടത്താന്‍ ഉത്തരവ്‌

Posted on: 15 Sep 2015



കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ 2010-ലെ വിജ്ഞാപനപ്രകാരം നടന്ന അധ്യാപകനിയമന നടപടിക്കെതിരെ സര്‍വകലാശാല നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഇന്റര്‍വ്യൂ നടത്തി തയ്യാറാക്കിയ റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. 2010-ലാണ് വിവിധ പഠനവകുപ്പുകളിലെ 36 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് സര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതുപ്രകാരം 2011-ല്‍ ഇന്റര്‍വ്യൂ നടത്തി റാങ്ക്പട്ടിക തയ്യാറാക്കി. എന്നാല്‍, പട്ടിക പ്രസിദ്ധീകരിക്കുന്നതിനുമുമ്പായി ചിലര്‍ നിയമനം നടത്തുന്നതിനെതിരെ കോടതിയെ സമീപിച്ചു. വിജ്ഞാപനത്തിലെ രണ്ട് തസ്തികകള്‍ നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനം നടത്തുന്നതിനെതിരെ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ച് കോടതി നിയമനനടപടികള്‍ താത്കാലികമായി തടഞ്ഞു. എന്നാല്‍ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലയും ഉദ്യോഗാര്‍ഥികളും കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച് നിയമനം നടത്താന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 2013-ല്‍ ഉത്തരവിട്ടു.
ഈ ഉത്തരവ് പരിഗണിക്കാതെ മാറിവന്ന സിന്‍ഡിക്കേറ്റ് 2014 ഫിബ്രവരിയില്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് ചോദ്യംചെയ്ത് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചതിന്റെ ഫലമായി 2015 മാര്‍ച്ചില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുതിയ വിജ്ഞാപനം റദ്ദ്‌ചെയ്തു. പഴയ വിജ്ഞാപന പ്രകാരം തയ്യാറാക്കിയ റാങ്ക്പട്ടികയില്‍നിന്ന് നിയമനം നടത്താനും നിര്‍ദേശിച്ചു. ഇതിനെതിരെ സര്‍വകലാശാല നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച തള്ളിയത്.
നിലവില്‍ താത്കാലിക അധ്യാപകരെക്കൊണ്ടാണ് മിക്ക പഠനവകുപ്പുകളുടെയും പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. പത്തോളം പഠനവകുപ്പുകളില്‍ ഒറ്റ സ്ഥിരം അധ്യാപകന്‍പോലുമില്ല. ഇതുകാരണം പഠനവകുപ്പുകളില്‍ ഗവേഷണം നടത്താനും കഴിയുന്നില്ല.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam






 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/