താമരശ്ശേരിച്ചുരത്തിലെറിഞ്ഞ ലോറിഡ്രൈവറുടെ മൃതദേഹം കണ്ടെത്തി;

Posted on: 15 Sep 2015



ഒരാള്‍ പിടിയില്‍
കൊണ്ടോട്ടി:
എറണാകുളത്തുനിന്നും ചരക്കുമായി കൊണ്ടോട്ടിയില്‍ വന്നശേഷം കാണാതായ ലോറിഡ്രൈവര്‍ ചങ്ങനാശ്ശേരി സ്വദേശി സിജി തോമസി (48)ന്റെ മൃതദേഹം കണ്ടെത്തി. താമരശ്ശേരിച്ചുരത്തിലെ എട്ട്-ഒമ്പത് വളവുകള്‍ക്കിടയിലെ കൊക്കയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള ചക്കിട്ടപ്പാറ മറുമണ്ണ് വരയനാട് വീട്ടില്‍ ജെറിന്‍ മാത്യു (ജോബി -34)വില്‍ നിന്നു ലഭിച്ച വിവരപ്രകാരം നടത്തിയ തിരച്ചിലിലാണ് സിജിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തില്‍ പങ്കാളിയായ അരുണ്‍ഫിലിപ്പിനെ പോലീസ് തിരയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.
അടവു തെറ്റിയ സ്വന്തംലോറി സംരക്ഷിക്കുന്നതിനാണ് ജെറിന്‍ സുഹൃത്തിനൊപ്പം സിജിയെ കൊലപ്പെടുത്തിയത്. സിജിയെ കൊന്നത് ലോറി തട്ടിയെടുക്കാനായിരുന്നെന്ന് ജെറിന്‍ പോലീസിനോട് പറഞ്ഞു.
എറണാകുളത്തുനിന്ന് ലോറിയില്‍ ചരക്കുമായി കഴിഞ്ഞ ഏഴിനാണ് സിജി തോമസ് കൊണ്ടോട്ടിയിലെത്തിയത്. ഗള്‍ഫുകാരന്റെ വീട്ടുസാധനങ്ങള്‍ എറണാകുളത്തേക്ക് കൊണ്ടുപോകാനുണ്ടെന്നു പറഞ്ഞ് ജെറിന്‍മാത്യു സിജിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഗള്‍ഫുകാരനെന്നു പറഞ്ഞാണ് സുഹൃത്തിനെ സിജിക്ക് പരിചയപ്പെടുത്തിയത്. എസ്റ്റേറ്റ് മുക്കിലെത്തിയപ്പോള്‍ ലോറിയില്‍ െവച്ചുതന്നെ മൂവരും മദ്യപിച്ചു. ലക്കുകെട്ട സിജിയെ ലോറിയില്‍െവച്ച് കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം താമരശ്ശേരിച്ചുരത്തില്‍ നിന്നും കൊക്കയിലെറിയുകയായിരുന്നു.
സിജി തോമസിനെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കള്‍ കഴിഞ്ഞ ശനിയാഴ്ചയാണ് കൊണ്ടോട്ടി പോലീസില്‍ പരാതിപ്പെട്ടത്. സിജിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജെറിന്‍മാത്യുവിനെ പിടികൂടാനായത്. ലോറി കക്കാടംപൊയില്‍ കരിമ്പ് ജങ്ഷന് സമീപത്തുനിന്ന് നമ്പര്‍പ്ലേറ്റ് ചുരണ്ടി ഉപേക്ഷിക്കപ്പെട്ടനിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു.
പുല്ലൂരാംപാറയില്‍നിന്നുള്ള അമ്പതോളംപേരും കൊണ്ടോട്ടി പോലീസും നടത്തിയ മണിക്കൂറുകള്‍നീണ്ട തിരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച നാലോടെ മൃതദേഹം കണ്ടെത്തിയത്.
കൊണ്ടോട്ടിയുടെ ചുമതലയുള്ള തിരൂരങ്ങാടി സി.ഐ. ബി. അനില്‍, എ.എസ്.ഐ. കുഞ്ഞന്‍, സുബ്രഹ്മണ്യന്‍, അഷ്‌റഫ് ചുക്കാന്‍, ശശികുണ്ടറക്കാട്, എം. സത്യനാഥന്‍, ഷബീര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam






 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/