വിദഗ്ധചികിത്സ കിട്ടിയില്ല; ആലപ്പുഴ ജനറല്‍ ആസ്പത്രിയില്‍ ഏഴ് വയസ്സുകാരന് മരിച്ചു
Posted on: 15 Sep 2015
സംഭവം ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരത്തിനിടയില്‍
ആലപ്പുഴ: ഡോക്ടര്‍മാരുടെ സമരത്തിനിടെ ഏഴ് വയസ്സുകാരന് സര്‍ക്കാര്‍ ആസ്പത്രിയില്‍ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 16-ാം വാര്‍ഡ് ക്രിസ്തുരാജ കോളനിയില്‍ നെടിയാംപുരയ്ക്കല്‍ ജോണ്സണ്- സൗമ്യ ദമ്പതിമാരുടെ മകന് നിഖില്‍ ജോണ്സണ് (ഏഴ്) ആണ് ആലപ്പുഴ ജനറല്‍ ആസ്പത്രിയില്‍ മരിച്ചത്. വിദഗ്ധചികിത്സ കിട്ടാതെയാണ് കുട്ടി മരിച്ചതെന്നാരോപിച്ച് ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ ആസ്പത്രിക്ക് മുന്നില്‍ റോഡ് ഉപരോധിച്ചു. കുഞ്ഞിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും ഗുരുതരാവസ്ഥയിലായ കുട്ടിയെ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ ആംബുലന്‍സ് കിട്ടിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നാണ് നിഖിലിനെ പനി കൂടിയതിനെത്തുടര്‍ന്ന് ചെട്ടികാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍നിന്ന് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്ലൂക്കോസ് ഡ്രിപ്പ് മാത്രമാണ് നല്‍കിയതെന്നും മറ്റ് ചികിത്സകള്‍ നല്‍കിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടിയുടെ സ്ഥിതി വഷളായി. തുടര്‍ന്ന് ബന്ധുക്കള്‍ 108 ആംബുലന്‍സിനായി ബന്ധപ്പെട്ടെങ്കിലും ആംബുലന്‍സ് എത്തിയില്ല. ഓക്സിജന്‍ ഇല്ലെന്നാണ് കാരണം പറഞ്ഞത്. വൈകിട്ട് മൂന്ന് മണിയോടെ കുട്ടി മരിച്ചു.
സംഭവമറിഞ്ഞ് ജനറല്‍ ആസ്പത്രിയിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഒഴുകിയെത്തി. ബന്ധപ്പെട്ടവര്‍ സ്ഥലത്ത് എത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിടില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കളും മറ്റുള്ളവരും. ഇവര്‍ ജനറല്‍ ആസ്പത്രിക്ക് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് മറ്റ് രാഷ്ട്രീയ സംഘടനകളും പ്രക്ഷോഭവുമായെത്തി.
ദേശീയപാതയും ജനറല്‍ ആസ്പത്രിക്ക് മുന്നിലെ റോഡും സമരക്കാര്‍ ഉപരോധിച്ചു. ഈ വഴിയുള്ള ഗതാഗതവും കുറേ നേരം സ്തംഭിച്ചു. തുടര്‍ന്ന് ജില്ലാ കളക്ടറുടെയും കെ.സി. വേണുഗോപാലിന്റെയും നേതൃത്വത്തില്‍ ബന്ധുക്കളുമായും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായും ചര്‍ച്ച നടത്തി. 24 മണിക്കൂറിനുള്ളില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.പദ്മകുമാര്‍ ഡി.എം.ഒ.യ്ക്ക് നിര്‍ദേശം നല്കി. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മൂന്ന് ദിവസത്തിനകം ഇവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്കി.
മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. ഇതറിയിക്കാനും ബന്ധുക്കളെ കാണാനുമായി ആസ്പത്രിയില്‍ എത്തിയ കെ.സി. വേണുഗോപാല്‍ എം.പി.യോട് സമരക്കാര്‍ കയര്‍ത്തു. ഉപരോധസമരം ശക്തമാക്കുകയും ചെയ്തു. എം.പി.യും കളക്ടറും സ്ഥലത്തുനിന്ന് പോയതിനുശേഷം, മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്കയയ്ക്കാന് ബന്ധുക്കളും സമരക്കാരും സമ്മതിച്ചു. ഇതേത്തുടര്‍ന്ന് രാത്രി ഏഴിന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജാസ്പത്രിയിലേക്ക് കൊണ്ടുപോയി.
സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ജയശങ്കറിന് നിര്‍ദേശം നല്കി.
കാട്ടൂര്‍ ഹോളിഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച നിഖില്‍. സഹോദരങ്ങള്‍: നിഥിന്, പരേതയായ സോനാമോള്‍.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam