താമരശ്ശേരിച്ചുരത്തിലെറിഞ്ഞ ലോറിഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
Posted on: 15 Sep 2015
ഒരാള്‍ പിടിയില്‍
കൊണ്ടോട്ടി: എറണാകുളത്തുനിന്ന് ചരക്കുമായി കൊണ്ടോട്ടിയില്‍ വന്നശേഷം കാണാതായ ലോറിഡ്രൈവര്‍ ചങ്ങനാശ്ശേരി സ്വദേശി സിജി തോമസിന്റെ(48) മൃതദേഹം കണ്ടെത്തി. താമരശ്ശേരിച്ചുരത്തിലെ എട്ട്, ഒന്‍പത് വളവുകള്‍ക്കിടയിലെ കൊക്കയില്നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള കൂരാച്ചുണ്ട് സ്വദേശി ജോബി മാത്യുവില്‍നിന്ന് ലഭിച്ച വിവരപ്രകാരം നടത്തിയ തിരച്ചിലിലാണ് സിജിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തില്‍ പങ്കാളിയായ മറ്റൊരാളെ പോലീസ് തിരയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.
ലോറി തട്ടിയെടുക്കാനാണ് സിജി തോമസിനെ കൊന്ന് കൊക്കയിലെറിഞ്ഞതെന്നാണ് വിവരം. എറണാകുളത്തുനിന്ന് ലോറിയില്‍ ചരക്കുമായി കഴിഞ്ഞ ഏഴിനാണ് സിജി തോമസ് കൊണ്ടോട്ടിയിലെത്തിയത്. കോഴിക്കോട്ടുനിന്ന് ചരക്ക് കയറ്റാനുണ്ടെന്നുപറഞ്ഞ് ജോബിയും കൂട്ടാളിയും സിജിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അന്നുതന്നെ ലോറിയില്‍വെച്ച് ഇയാളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം താമരശ്ശേരി ചുരത്തില്‍നിന്ന് കൊക്കയിലെറിഞ്ഞു.
സിജി തോമസിനെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കള്‍ കഴിഞ്ഞ ശനിയാഴ്ചയാണ് കൊണ്ടോട്ടി പോലീസില്‍ പരാതിപ്പെട്ടത്. സിജിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയിലാണ് ജോബിയെ പിടികൂടാനായത്. ലോറി കക്കാടംപൊയില്‍ കരിമ്പ് ജങ്ഷന് സമീപത്തുനിന്ന് നമ്പര്‍പ്ലേറ്റ് ചുരണ്ടി ഉപേക്ഷിക്കപ്പെട്ടനിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു.
പുല്ലൂരാംപാറയില്നിന്നുള്ള അന്‍പതോളം പേരും കൊണ്ടോട്ടി പോലീസും നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച നാലോടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച പോലീസ് ചുരത്തില്‍ പരിശോധന നടത്തിയിരുന്നു.
കൊണ്ടോട്ടിയുടെ ചുമതലയുള്ള തിരൂരങ്ങാടി സി.ഐ ബി. അനില്‍, എ.എസ്.ഐ കുഞ്ഞന്‍, സുബ്രഹ്മണ്യന്, അഷ്റഫ് ചുക്കാന്‍, ശശി കുണ്ടറക്കാട്, എം. സത്യനാഥന്, ഷബീര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.