മൂന്നാര്‍ സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം
Posted on: 15 Sep 2015
ജോസഫ് മാത്യു
തൊടുപുഴ: മൂന്നാറില്‍ തൊഴിലാളിസ്ത്രീകള്‍ സമരം ആരംഭിച്ചനാള്‍മുതല്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്: ഇതിനുപിന്നില്‍ ആരാണ്? ഈ കുഴപ്പംപിടിച്ച ചോദ്യത്തിനു പറഞ്ഞ ഉത്തരത്തിലെ പിഴവാണ് എസ്.രാജേന്ദ്രന്‍ എം.എല്‍.എ.യെ കുഴപ്പത്തില്‍ ചാടിച്ചത്.
തമിഴ് തീവ്രവാദികളാണ് സമരത്തിനുപിന്നില്‍ എന്നായിരുന്നു തുടക്കംമുതലുള്ള പ്രചാരണം. ഇത്തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്താന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. എന്നാല്‍, കൊളുന്തുനുള്ളുന്ന പാവപ്പെട്ട തൊഴിലാളികള്‍ നടത്തുന്ന സമരത്തിനെതിരെ നടക്കുന്ന ഈ പ്രചാരണം പോലീസ് മുളയിലേ നുള്ളി. ഉന്നത പോലീസുദ്യോഗസ്ഥരാരും ഇക്കാര്യം ഒരുശതമാനംപോലും ശരിവെച്ചില്ല. തൊഴിലാളികളോട് ഏറ്റവും അനുഭാവപൂര്‍ണമായ നിലപാടാണ് അവര്‍ സ്വീകരിച്ചതും.
തിങ്കളാഴ്ച സി.ഐ.ടി.യു. നേതാവ് കെ.പി.സഹദേവന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തുകയും വിവാദമായതോടെ പിന്‍വലിക്കുകയും ചെയ്തു. പ്രസ്താവന പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തള്ളുകയുംചെയ്തു. ഇങ്ങനെ ഒരു വിവരവും പോലീസിനില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളിമുന്നേറ്റത്തെ അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ മനസ്സിലാക്കാന്‍ ചില നേതാക്കള്‍ ഇപ്പോഴും തയ്യാറാകുന്നില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.
മൂന്നാര്‍ തമിഴ്‌നാട്ടിലാക്കാനാണു ശ്രമമെന്നായിരുന്നു, സമരനാളുകളില്‍ ഇറങ്ങിയ മറ്റൊരു കഥ. ദേശീയ പാര്‍ട്ടികളുടെ ചില നേതാക്കള്‍പോലും രഹസ്യമായി ഇങ്ങനെ പറഞ്ഞുതുടങ്ങി. മാധ്യമപ്പട മൂന്നാറില്‍ തമ്പടിക്കുകയും തൊഴിലാളികളുടെ സങ്കടങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനാരംഭിക്കുകയും ചെയ്തതോടെ ഇക്കഥകളെല്ലാം ആവിയായി.
സമരം തീരുമ്പോള്‍ തൊഴിലാളികള്‍ ഏറ്റവും നന്ദി പറയുന്നതും മാധ്യമങ്ങള്‍ക്കാണ്. റിപ്പോര്‍ട്ടര്‍മാരെയുംമറ്റും എടുത്തുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമൊക്കെയാണ് അവര്‍ സന്തോഷം പങ്കിട്ടത്.
പഠിപ്പുള്ള മക്കള്‍ വളര്‍ന്നുവന്നത് തൊഴിലാളികളുടെ ചിന്തകളില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്നതു സത്യമാണ്. മാനേജ്‌മെന്റ് പഠിച്ചവരും ഇംഗ്ലീഷ് പഠിച്ചവരുമെല്ലാം യുവതലമുറയിലുണ്ട്. ഇത്രയുംകാലം പേടികാരണം തുറന്നുപറയാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ ഇനി പറഞ്ഞാലും കുഴപ്പമില്ല എന്ന സ്ഥിതിയിലേക്കെത്തിക്കാന്‍, ചിന്തയിലെ മാറ്റങ്ങള്‍ സാഹചര്യമൊരുക്കി. കമ്പനി പറയുന്നതിന്റെ സത്യവും മിഥ്യയും വേര്‍തിരിച്ചെടുക്കാന്‍ തൊഴിലാളികള്‍ക്കു കഴിയുന്നു. എന്തു പറയണം എന്തു പറയരുത് എന്ന ധാരണ സ്ത്രീകള്‍ക്കുണ്ട്. അവര്‍ നന്നായി ഗൃഹപാഠം ചെയ്തിട്ടുമുണ്ട്. പിന്നിലുള്ള ശക്തിയാരെന്ന ചോദ്യത്തിന് തൊഴിലാളിയായ ഗോമതി പറഞ്ഞ ഉത്തരം ശ്രദ്ധേയമാണ്-'പതിനായിരം സ്ത്രീകളുടെ ശക്തി'.
ബോണസ്-ശമ്പളവര്‍ധന മാത്രമേ തൊഴിലാളികള്‍ പ്രധാനമായി ആവശ്യപ്പെട്ടിരുന്നുള്ളൂ; മെച്ചപ്പെട്ട താമസ-ചികിത്സാ സൗകര്യങ്ങളും. ഭാഷാവിദ്വേഷം പരത്താന്‍ ശ്രമിച്ച ഒരാളെ പോലീസ് പൊക്കുകയും ചെയ്തു.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനായിരുന്നു പിന്നീട് ചിലരുടെ ശ്രമം. സമരംചെയ്യുന്ന തൊഴിലാളികളെ സ്വന്തം അക്കൗണ്ടിലാക്കാനുള്ള ശ്രമം പക്ഷേ, വിഫലമായി. തങ്ങള്‍ കൂടെയുണ്ടെന്നു പ്രഖ്യാപിച്ചു വന്നവരെയെല്ലാം തൊഴിലാളികള്‍ ഓടിച്ചുവിട്ടു. ചിലര്‍ക്കു തല്ലുകിട്ടി. മറ്റുചിലര്‍ക്ക് ഭാഗ്യംകൊണ്ട് തല്ലുകിട്ടാതെ പോയി. ചിലര്‍ പ്രതിഷേധം മനസ്സിലാക്കി സ്വയം ഒഴിഞ്ഞുപോയി. വേറെ ചിലരാകട്ടെ, തങ്ങള്‍ പിന്തുണച്ചേ അടങ്ങൂ എന്നമട്ടില്‍ അവിടെത്തന്നെ ഒട്ടും ജാള്യമില്ലാതെ നിന്നു.
മൂന്നാറിലെ ട്രേഡ് യൂണിയനുകളുടെ ഭാവി രൂപപ്പെട്ടുവരിക ഇനിയുള്ള നാളുകളിലാവും. മൂന്നു യൂണിയനും തങ്ങള്‍ക്കു വേണമെന്നുതന്നെയാണ് സ്ത്രീകള്‍ പറയുന്നത്. പക്ഷേ, നേതാവായി അവര്‍ പറയുന്നവര്‍ മതി. ഈ നിശ്ചയദാര്‍ഢ്യം തള്ളിക്കളഞ്ഞ് ഒരു പാര്‍ട്ടിക്കും ഇവിടെ മുമ്പോട്ടുപോകാനാവില്ല.