ഒമ്പതര മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ച; ഒടുവില്‍ സ്ത്രീശക്തിക്ക് എല്ലാവരുടേയും അംഗീകാരം

Posted on: 14 Sep 2015


കെ. പത്മജന്‍



കൊച്ചി: ഒമ്പതര മണിക്കൂര്‍ നീണ്ടുനിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഞായറാഴ്ച രാത്രി എട്ടരയോടെ തൊഴിലാളിസ്ത്രീകളുടെ ആവശ്യം കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റ് അംഗീകരിച്ചപ്പോള്‍ അത് കേരളത്തിലെ തൊഴിലാളി സമരചരിത്രത്തില്‍ പുതിയ ഏടായി. രാവിലെ മൂന്നാറില്‍ നിന്ന് പോലീസിന്റെ വാഹനത്തിലാണ് സമരംചെയ്യുന്നവരുടെ പ്രതിനിധികളായ ആന്തണി രാജ്, ലിസി, സംഗീത, സുന്ദരവല്ലി, വനറാണി എന്നിവര്‍ എത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിനു മുന്നില്‍ ആശങ്കയോടെ വന്നിറങ്ങിയ അവര്‍ പക്ഷേ, ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ ഒരിഞ്ചുപോലും വഴങ്ങാതെ ആവശ്യങ്ങള്‍ക്കായി ഉറച്ചുനിന്നു.

ചര്‍ച്ചകള്‍ക്ക് ഔപചാരിക സ്വഭാവമുണ്ടാക്കുക എന്ന റോള്‍ മാത്രമാണ് അംഗീകൃത യൂണിയനുകള്‍ക്ക് ഉണ്ടായിരുന്നത്. മന്ത്രിമാരായ ഷിബു ബേബി ജോണും ആര്യാടന്‍ മുഹമ്മദും ആദ്യം മാനേജ്‌മെന്റ് പ്രതിനിധികളെ കണ്ടു. അവരുടെ കാര്യങ്ങള്‍ അറിഞ്ഞു. പിന്നെ അംഗീകൃത യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. പിന്നെ സമരം ചെയ്യുന്നവരുടെ പ്രതിനിധികളെ കണ്ടു. ആദ്യ രണ്ടുവട്ടം ചര്‍ച്ചകള്‍ ഇവരുമായി മന്ത്രിമാര്‍ നടത്തി. ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ 19 ശതമാനം ബോണസ് എന്ന ആവശ്യം മാനേജ്‌മെന്റ് അംഗീകരിക്കുമെന്നായി. എന്നാല്‍, സമരക്കാര്‍ മൂന്നാറിലേക്ക് വിളിച്ച് കാര്യങ്ങള്‍ അറിയിച്ചപ്പോള്‍, 20 ശതമാനം ബോണസില്‍ നിന്ന് പിന്നോട്ടുപോകരുതെന്ന നിര്‍ദ്ദേശം ലഭിച്ചു. ഇതോടെ അവര്‍ ഈ ആവശ്യത്തിനായി ഉറച്ചുനിന്നു. ഇതോടെ മന്ത്രിമാര്‍ കമ്പനിപ്രതിനിധികളുമായി വീണ്ടും ചര്‍ച്ച നടത്തി. പ്ലാന്റേഷന്‍രംഗത്ത് ഇപ്പോള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മന്ത്രിമാര്‍ക്കു മുന്നില്‍ അവതരിപ്പിച്ച മാനേജ്‌മെന്റ് തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. കാര്യങ്ങള്‍ എങ്ങുമെത്തുന്നില്ലെന്നായപ്പോള്‍ തുടര്‍ന്നുള്ള ചര്‍ച്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്താമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

പ്രതിപക്ഷ നേതാവ് മൂന്നാറില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയ സാഹചര്യത്തില്‍ സമരത്തിന്റെ നേട്ടംമുഴുവന്‍ അദ്ദേഹം കൊണ്ടുപോകുമെന്ന അണിയറ ചര്‍ച്ചകളും ഉണ്ടായി. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതിനു പിന്നില്‍, പ്രശ്‌നങ്ങള്‍ക്ക് തീരുമാനമുണ്ടാക്കി, അത് സര്‍ക്കാരിന്റെ നേട്ടമാക്കി മാറ്റുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. നാലരയോടെ എത്താമെന്ന് ഏറ്റ മുഖ്യമന്ത്രി എത്തിയത് അഞ്ചരയ്ക്ക്. അതുവരെ അണിയറ ചര്‍ച്ചകള്‍ പുരോഗമിച്ചു. ഗസ്റ്റ് ഹൗസിലെ പഴയ കെട്ടിടത്തിലെ ആര്യാടന്‍ മുഹമ്മദിന്റെ മുറിയില്‍, മുഖ്യമന്ത്രി മന്ത്രിമാരുമായും ഇടുക്കി ജില്ലാ കളക്ടര്‍ വി. രതീശനുമായും സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. തുടര്‍ന്ന് മാനേജ് മെന്റുമായും തൊഴിലാളി യൂണിയന്‍ നേതാക്കളുമായും സമരം ചെയ്യുന്നവരുടെ പ്രതിനിധികളുമായും മുഖ്യമന്ത്രി രണ്ടുവട്ടം ചര്‍ച്ച നടത്തി. ഗസ്റ്റ് ഹൗസിലെ പുതിയ മന്ദിരത്തില്‍ നിന്ന് പോലീസ് അകമ്പടിയോടെയാണ് സമരക്കാരുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്.

സമരം ഒത്തുതീര്‍പ്പിന്റെ ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ അംഗീകൃത തൊഴിലാളി യൂണിയനുകളുമായും മാനേജുമെന്റുമായും മുഖ്യമന്ത്രി സംയുക്ത ചര്‍ച്ച നടത്തി. സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളിസ്ത്രീകള്‍ക്ക് യൂണിയന്‍ ഇല്ലാത്തതിനാല്‍ ബോണസ് കാര്യത്തില്‍ അംഗീകൃത യൂണിയനുകളുമായിേട്ട കമ്പനിക്ക് ധാരണയില്‍ ഒപ്പുവെയ്ക്കാന്‍ സാധിക്കുമായിരുന്നുള്ളു. പിന്നീട് ഈ യോഗത്തിലേക്ക് സമരക്കാരുടെ പ്രതിനിധികളെ വിളിച്ചുവരുത്തി, എല്ലാവരും ഒന്നിച്ച് അവസാനവട്ട ചര്‍ച്ച നടത്തുകയായിരുന്നു.

ചര്‍ച്ചയുടെ തീരുമാനം മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിച്ച ശേഷം, മൂന്നാറില്‍ സമരസ്ഥലത്തുള്ള മന്ത്രി ജയലക്ഷ്മിയെ വിളിച്ച് കാര്യങ്ങള്‍ സമരക്കാരെ അറിയിച്ചു. എല്ലാം ശുഭമായി പര്യവസാനിച്ചതിന്റെ സന്തോഷത്തില്‍ തൊഴിലാളി സ്ത്രീകള്‍ മുദ്രാവാക്യം വിളിച്ച് ഗസ്റ്റ് ഹൗസ് ഹാളിനു പുറത്തിറങ്ങിയപ്പോള്‍, അംഗീകൃത തൊഴിലാളിയൂണിനുകളുടെ നേതാക്കള്‍ അത് നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam






 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/