വി.എസ്സിനെ ഗൗനിക്കാതെ ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍
Posted on: 14 Sep 2015
മൂന്നാര്‍: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് മൂന്നാറില്‍ സമരമുഖത്ത് എത്തിയത് പാര്‍ട്ടി നേതാക്കളുടെ അകമ്പടിയില്ലാതെ. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന് ഉള്‍പ്പെടെ പ്രമുഖ നേതാക്കളാരും അദ്ദേഹത്തിനൊപ്പമില്ലായിരുന്നു. 200 മീറ്റര്‍ അകലെ, പാര്‍ട്ടി എം.എല്‍.എ. എസ്.രാജേന്ദ്രന് നിരാഹാരസമരം അനുഷ്ഠിക്കുന്ന വേദിയില്‍ ഉണ്ടായിട്ടും ജില്ലാ സെക്രട്ടറി വി.എസ്സിനൊപ്പം എത്തിയില്ല. എം.എല്‍.എ.യെ കാണാന്‍ വി.എസ്. അങ്ങോട്ടുപോയുമില്ല.
ജില്ലാ കമ്മിറ്റിയിലെ വി.എസ്.പക്ഷക്കാരായ എന്‍.വി.ബേബി, എന്‍.ശിവരാജന് എന്നിവര്‍ മാത്രമേ വി.എസ്സിനൊപ്പം ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ദിവസം സമരക്കാരെ കാണാനെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തൊഴിലാളികള്‍ തണുപ്പന്‍ സ്വീകരണമാണ് നല്‍കിയത്. പി.കെ.ശ്രീമതി എം.പി., എം.സി.ജോസഫൈന്, കെ.കെ.ശൈലജ എന്നിവരോട് ക്ഷോഭിക്കുകയും ചെയ്തു. എന്നാല്‍, ശനിയാഴ്ച വൈകീട്ട് ചേര്‍ന്ന ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് യോഗം വി.എസ്സിന്റെ സന്ദര്‍ശനം വിജയിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നിട്ടാണ് പ്രമുഖ നേതാക്കളാരും ഒപ്പമെത്താഞ്ഞത്. നേതാക്കള്‍ വിചാരിച്ചതിലേറെ, തൊഴിലാളികള്‍ വി.എസ്സിന്റെ സന്ദര്‍ശനം വിജയിപ്പിക്കുകയും ചെയ്തു. സമരക്കാരുടെ പ്രതിഷേധം ഭയന്നാണ് മറ്റു നേതാക്കള്‍ ഒപ്പം വരാഞ്ഞതെന്ന് കരുതുന്നു. വി.എസ്സിന് ലഭിക്കുന്ന അനുകൂല പ്രതികരണം ഇവര്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. ആര്.എം.പി. നേതാവ് കെ.കെ.രമ, കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, ലതിക സുഭാഷ് എന്നിവരെ സമരക്കാര്‍ സമരമുഖത്തുനിന്ന് ഇറക്കിവിട്ടിരുന്നു. എന്നാല്‍, ബിന്ദു കൃഷ്ണയും ലതികയും മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് സമരക്കാര്‍ ക്ഷോഭിച്ചതോടെയാണ് ഇവര്‍ താത്കാലികമായി പിന്‍വാങ്ങിയത്. സ്ത്രീ തൊഴിലാളികളുടെ വികാരം മനസ്സിലാക്കുന്നതായി രമ മാധ്യമങ്ങളോട് പറഞ്ഞു.
തൊഴിലാളികളെ കാണാനാണ് വി.എസ്. വന്നതെന്നും അദ്ദേഹം എസ്.രാജേന്ദ്രന്റെ നിരാഹാരപ്പന്തലിലേക്ക് വരാതിരുന്നതില്‍ മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയില്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന് പറഞ്ഞു.