മൂന്നാര്‍ സമരം: മന്ത്രി ഷിബു ബേബിജോണ്‍ സ്വന്തം ചുമതല നിര്‍വഹിക്കണം - വി.എസ്.

Posted on: 14 Sep 2015



തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന്റെ പേരില്‍ സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്ന മന്ത്രി ഷിബു ബേബിജോണ്‍ ആദ്യം സ്വന്തം ചുമതല നിര്‍വഹിക്കാനാണ് ശ്രമിക്കേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍.

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ താന്‍ അറിഞ്ഞിരുന്നില്ലെന്ന ഷിബുവിന്റെ പ്രസ്താവന അദ്ദേഹം ഇരിക്കുന്ന കസേരയുടെ മാന്യതയ്ക്ക് കളങ്കമാണ്. തൊഴില്‍മന്ത്രി എന്നനിലയില്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ ലേബര്‍ കമ്മിഷണര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ വഴി ഈ വക കാര്യങ്ങളൊക്കെ അപ്പപ്പോള്‍ അറിയാന്‍ ബാധ്യസ്ഥനാണ് മന്ത്രി. അത് അദ്ദേഹം അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞാല്‍ അദ്ദേഹം ഈ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല എന്നാണര്‍ഥം - പ്രസ്താവനയില്‍ വി.എസ്. പറഞ്ഞു.

മൂന്നാര്‍ പോലെ ലോകവിനോദസഞ്ചാര ഭൂപടത്തില്‍ ഗണ്യമായ സ്ഥാനമുള്ള ഒരു പ്രദേശമാകെ സ്തംഭിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ അടക്കം പങ്കെടുത്ത സമരം ഒരാഴ്ച പിന്നിടുമ്പോഴും താന്‍ ഇതേപ്പറ്റി അജ്ഞനാണ് എന്ന് ഒരുളുപ്പുമില്ലാതെയാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം മൂന്നാറിലെ കമ്പനിയുടെ വക്താവായി നില്‍ക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തേണ്ടിവരുന്നത്. ഈ ജാള്യത മറച്ചുെവയ്ക്കാനാണ് മന്ത്രി സി.പി.എമ്മിനു നേരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് വി.എസ്. പറഞ്ഞു.

എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലത്ത് പ്ലാന്റേഷന്‍ രംഗം ജാഗ്രതയോടെ കൈകാര്യം ചെയ്തതുകൊണ്ട് ഒരുതരത്തിലുള്ള സമരങ്ങളോ, പ്രതിസന്ധികളോ ഈ രംഗത്തുണ്ടായിരുന്നില്ല എന്ന കാര്യം ഓര്‍ക്കണം. ഷിബു ബേബിജോണിന്റെ അലസമായ സമീപനം, തൊഴിലാളി പ്രസ്ഥാനത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിച്ചിരുന്ന ബേബി ജോണിന്റെ മകന് ഒരുതരത്തിലും ഭൂഷണമല്ലെന്നും വി.എസ്. പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam






 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/