ബിഹാര്‍ മതേതരസഖ്യത്തില്‍നിന്ന് എസ്.പി. പിന്‍മാറി

Posted on: 04 Sep 2015


വി.എസ്. സനോജ്‌ലഖ്‌നൗ: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിക്കാന്‍ നാളുകള്‍മാത്രം ബാക്കിനില്‍ക്കെ ബി.ജെ.പി.വിരുദ്ധ മതേതരസഖ്യത്തില്‍നിന്ന് സമാജ്വാദി പാര്‍ട്ടി പിന്‍മാറി. സീറ്റ് വിഭജനത്തിലുണ്ടായ അവഗണനയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ലഖ്‌നൗവില്‍ ചേര്‍ന്ന സമാജ്വാദി പാര്‍ട്ടി ഉന്നതതലയോഗത്തിനുശേഷം പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ് യാദവും ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവുമാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പില്‍ എസ്.പി. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുലായം വ്യക്തമാക്കി.

ചര്‍ച്ചകള്‍ തുടരുമെന്നും സീറ്റ് വിഭജനം മുഴുവന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേദനയുണ്ടാക്കിയെന്നും രാംഗോപാല്‍ യാദവ് പറഞ്ഞു. ബി.ജെ.പി.ക്ക് എതിരായ വിശാല സോഷ്യലിസ്റ്റ് കൂട്ടായ്മയായ ജനതാപരിവാര്‍ രൂപവത്കരിച്ചശേഷം അവര്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. അതിനാല്‍ സമാജ്വാദി പാര്‍ട്ടിയുടെ ഈ നീക്കം ജനതാപരിവാര്‍ കൂട്ടായ്മയ്ക്ക് തിരിച്ചടിയായി.
243 അംഗ നിയമസഭയിലേക്ക് നൂറ്് സീറ്റുകളില്‍ വീതമാണ് ജെ.ഡി.യു.വും ആര്‍.ജെ.ഡി.യും മത്സരിക്കുക.

കോണ്‍ഗ്രസ് 40 സീറ്റില്‍ മത്സരിക്കുമ്പോള്‍ എസ്.പി.ക്ക് അനുവദിച്ചത് അഞ്ച് സീറ്റാണ്. ഇതാണ് മുലായംസിങ്ങിനെ പ്രകോപിപ്പിച്ചത്. സീറ്റ് ചര്‍ച്ചയ്ക്ക് എസ്.പി. നേതാക്കളെ വിളിച്ചതുമില്ല. 47 സീറ്റ് നല്‍കണമെന്നായിരുന്നു എസ്.പി. നേതാക്കളുടെ ആവശ്യം. പിന്നീടത് 12 സീറ്റ് എന്ന ആവശ്യത്തിലേക്ക് ചുരുങ്ങി. എന്നാല്‍, ആദ്യഘട്ടത്തില്‍ ഒരു സീറ്റുപോലും അനുവദിച്ചിരുന്നില്ല. പിന്നീട് ലാലുപ്രസാദ് യാദവുമായി മുലായംസിങ് സംസാരിച്ച ശേഷമാണ് അഞ്ച് സീറ്റ് നല്‍കാന്‍ തീരുമാനമായത്.

നേരത്തേ സീറ്റ് ചര്‍ച്ചയുടെ പേരില്‍ മതേതരസഖ്യവുമായി ഇടഞ്ഞ എന്‍.സി.പി. ഉപേക്ഷിച്ച മൂന്ന് സീറ്റുകളും ആര്‍.ജെ.ഡി.യുടെ രണ്ട് സീറ്റും ചേര്‍ത്താണ് എസ്.പി.ക്ക് അഞ്ച് സീറ്റ് നല്‍കാന്‍ തീരുമാനിച്ചത്. എന്‍.സി.പി.യും സീറ്റ്ചര്‍ച്ചയില്‍ പ്രതിഷേധിച്ചാണ് സഖ്യം വിട്ടത്. സഖ്യത്തില്‍ ചേരില്ലെന്ന് സി.പി.എം. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/