എന്‍ പി.രാജേന്ദ്രന്‍ വിരമിച്ചു

Posted on: 06 Nov 2014
കോഴിക്കോട് :
മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനും കോളമെഴുത്തുകാരനുമായ എന്‍.പി.രാജേന്ദ്രന്‍ വിരമിച്ചു. മാതൃഭൂമിയുടെ ഇന്റര്‍നെറ്റ് പോര്‍ട്ടലായ 'മാതൃഭൂമി ഡോട്ട് കോമി'ന്റെ ചുമതലയുള്ള ഡെപ്യൂട്ടി എഡിറ്ററായിരുന്നു.

1981-ല്‍ പത്രപ്രവര്‍ത്തക ട്രെയിനിയായി മാതൃഭൂമിയില്‍ ചേര്‍ന്ന രാജേന്ദ്രന്‍ കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായും ചീഫ് റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചു. കോഴിക്കോട് യൂണിറ്റില്‍ ന്യൂസ് എഡിറ്ററായിരുന്നു,

മാതൃഭൂമി ദിനപത്രത്തില്‍ നിരവധി അന്വേഷണാത്മക പരമ്പരകള്‍ എഴുതിയിട്ടുള്ള രാജേന്ദ്രന്‍ ആഴ്ചതോറും 'ഇന്ദ്രന്‍' എന്ന തൂലികാനാമത്തില്‍ പത്തൊന്‍പത് വര്‍ഷമായി വിശേഷാല്‍പ്രതി എന്ന കോളം എഴുതുന്നു. രാഷ്ട്രീയകോളമായ 'വിശേഷാല്‍പ്രതി' രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ വിശകലനം ചെയ്യുന്ന വേറിട്ടൊരു പംക്തിയാണ്.

പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധിയായി കേരള പ്രസ് അക്കാദമിയില്‍ അംഗമായും വൈസ് ചെയര്‍മാനുമായി പ്രവര്‍ത്തിച്ച രാജേന്ദ്രന്‍ 2011 - 2014 കാലത്ത് അതിന്റെ ചെയര്‍മാനുമായിരുന്നു. ഇക്കഴിഞ്ഞ ആഗസ്തിലാണ് സ്ഥാനമൊഴിഞ്ഞത്. അക്കാദമിയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാജേന്ദ്രന്‍ 'മീഡിയ' മാസികയുടെ സ്ഥാപക എഡിറ്ററാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റായും കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റായും 'പത്രപ്രവര്‍ത്തകന്‍' മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മികച്ച രാഷ്ട്രീയ റിപ്പോര്‍ങ്ങിനും മികച്ച വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങിനുമുള്ള കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡുകള്‍, മികച്ച ശാസ്ത്രപത്രപ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം, മികച്ച പത്രപ്രവര്‍ത്തകനുള്ള സി.എച്ച്. മുഹമ്മദ് കോയ പുരസ്‌കാരം, ജെയ്ജി പീറ്റര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം, വജ്രസൂചി പുരസ്‌കാരം, മൊയ്തു മൗലവി പുരസ്‌കാരം, പത്തനാപുരം ഗാന്ധിഭവന്‍ പുരസ്‌കാരം, പാലാ നാഷണല്‍ സെന്ററിന്റെ രാജീവ് ഗാന്ധി പുരസ്‌കാരം, കെ.ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, മികച്ച മാധ്യമകൃതിക്കുള്ള പവനന്‍ പുരസ്‌കാരം, ന്യൂയോര്‍ക്ക് ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുെട മാധ്യമപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ബര്‍ലിനിലെ 'ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ജേണലിസ'ത്തിന്റെ 1990-ലെ എന്‍വയോണ്‍മെന്റല്‍ ജേണലിസത്തിന്റെ ഒന്നരമാസത്തെ പരിശീലനത്തില്‍ പങ്കെടുത്തു. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയെ ത്തുടര്‍ന്നുള്ള സംഭവങ്ങളും ഏകീകൃത ജര്‍മനിയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പും മാതൃഭൂമിക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലും അമേരിക്കയിലും നേപ്പാളിലും പര്യടനം നടത്തി.

മതിലില്ലാത്ത ജര്‍മനിയില്‍, ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മരണം, വിശേഷാല്‍പ്രതി, വീണ്ടും വിശേഷാല്‍ പ്രതി, പത്രം ധര്‍മം നിയമം, മാറുന്ന ലോകം മാറുന്ന മാധ്യമലോകം, ബംഗാള്‍ -ചില അപ്രിയ സത്യങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/