'ജയജയ കോമള കേരള ധരണി...'ഒടുവില്‍ കേരളത്തിന്റെ സാംസ്‌കാരികഗാനം

Posted on: 01 Nov 2014തിരുവനന്തപുരം: എനിക്ക് നാലഞ്ച് വയസ്സുകാണും. മുഴങ്ങുന്ന ശബ്ദത്തിലാണ് അച്ഛനത് ചൊല്ലുന്നത് 'ജയജയ കോമള കേരള ധരണി...' ഒടുവില്‍ ആ കേരളഗാനം നമ്മുടെ സാംസ്‌കാരികഗാനമായതില്‍ സന്തോഷമെന്ന് സുഗതകുമാരി. 1938-ല്‍ ബോധേശ്വരന്‍ രചിച്ച കേരളഗാനം ഐക്യകേരള രൂപവത്കരണശേഷമുള്ള ആദ്യ നിയമസഭയില്‍ ആലപിച്ചിരുന്നു. അത് സാംസ്‌കാരികഗാനമാവാന്‍ 2014വരെ കാത്തിരിക്കേണ്ടിവന്നതില്‍ പരിഭവമൊന്നുമില്ല- ടീച്ചര്‍ വ്യക്തമാക്കി.

ആദ്യ നിയമസഭയില്‍ തന്നെ വേണമെങ്കില്‍ ഔദ്യോഗിക ഗാനമാക്കാമായിരുന്ന കേരളഗാനം ഇപ്പോള്‍ സാംസ്‌കാരിക ഗാനമാക്കിയതിന് പ്രയത്‌നിച്ച സഹോദരി പ്രൊഫ.ഹൃദയകുമാരി അസുഖബാധിതയായി ആശുപത്രിയിലാണെന്ന ദുഃഖവും സുഗതകുമാരി പങ്കുെവച്ചു.
അഖണ്ഡകേരളമായിരുന്നു അച്ഛന്‍ ബോധേശ്വരന്‍ എന്നും സ്വപ്‌നം കണ്ടിരുന്നത്. എന്നാല്‍ ഐക്യകേരളവും മലയാളത്തിന്റെ ഉന്നതിയും സ്വപ്‌നംകണ്ടു നടന്നിരുന്ന കവി തെക്കന്‍ തിരുവിതാംകൂര്‍ ഐക്യകേരളത്തില്‍ നിന്ന് നഷ്ടമായി എന്നതില്‍ അവസാനകാലംവരെ വിഷമിക്കുകയും ചെയ്തു. ഐക്യകേരള രൂപവത്കരണം ആനയും അമ്പാരിയുമൊക്കെയുള്ള ഘോഷയാത്രയോടെ ആഘോഷിക്കപ്പെട്ടപ്പോള്‍ അച്ഛന്‍ വീട്ടില്‍ തന്നെ വിഷമിച്ചിരുന്നു. അന്ന് അദ്ദേഹം ഉപവസിക്കുകയും ചെയ്തു.

തുടര്‍ന്ന് നവംബര്‍ ഒന്നിന് ഉപവസിക്കുന്നത് പതിവാക്കി. വര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അച്ഛന്‍ ആ പതിവ് ഉപേക്ഷിച്ചത്. ആകാശവാണിയിലെ ആര്‍ട്ടിസ്റ്റുകളായിരുന്ന പറവൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ശാരദാമണിയും രാധാമണിയുമാണ് ആദ്യ നിയമസഭാ സമ്മേളനത്തില്‍ കേരളഗാനം ആലപിച്ചത്. കേരളഗാനം ഇപ്പോള്‍ സാംസ്‌കാരിക ഗാനമാക്കിയപ്പോള്‍, ഗാനം എഡിറ്റ് ചെയ്ത് എം.ജയചന്ദ്രനെക്കൊണ്ട് ഈണം നല്‍കി തയ്യാറാക്കിയിട്ടുണ്ട്.

സി.ഡി യിലാക്കിയിരിക്കുന്ന ഗാനം പാടിയത് സരിത രാജീവ്, രവിശങ്കര്‍, സുദീപ്കുമാര്‍, അഖില ആനന്ദ് എന്നിവരാണ്. ശനിയാഴ്ച മുതലുള്ള സാസ്‌കാരിക പരിപാടികളില്‍ ഈ ഗാനമാകും കേള്‍പ്പിക്കുകയെന്നും സുഗതകുമാരി പറഞ്ഞു.

മലയാളം ശ്രേഷ്ഠഭാഷയായിക്കഴിഞ്ഞ് മറ്റൊരു കേരളപ്പിറവി ദിനം കടന്നുപോകുമ്പോഴും മലയാളത്തെ ഒന്നാം ഭാഷയാക്കാത്തതില്‍ വിഷമമുണ്ടെന്നും സുഗതകുമാരി പറഞ്ഞു. മലയാളം പഠിക്കാത്ത കുട്ടികള്‍ ഇവിടെ ഉണ്ടാകരുത്. മലയാളത്തെ ചൊല്ലി അഭിമാനിക്കുന്ന ഭാവി തലമുറ വളര്‍ന്നുവരേണ്ടതുണ്ട്. വേരുകളില്ലാത്ത വര്‍ഗ്ഗമായി മലയാളികള്‍ മാറുകയാണ്. അതിന് മാറ്റം വരട്ടേയെന്ന പ്രാര്‍ത്ഥനയാണുള്ളത്. അതുപോലെ വികസനത്തിന്റെ പേരില്‍ കേരളത്തിന്റെ മുഖവും വികൃതമായിക്കൊണ്ടിരിക്കുന്നു.

കേരളത്തെ കാക്കുന്ന പശ്ചിമഘട്ടംപോലും ഭീഷണിയിലാണ്. നമ്മുടെ നദികളെല്ലാം മലിനമായി മരിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊക്കെ മാറ്റം വരണം. സസ്യശ്യാമള സലില സമൃദ്ധ കേരളം നിലനില്‍ക്കട്ടെയെന്നാണ് ഈ കേരളപ്പിറവി ദിനത്തിലെ തന്റെ പ്രാര്‍ത്ഥനയെന്നും സുഗതകുമാരി പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/