സപ്തതിയിലെത്തിയ ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രന് ആദരവ്‌

Posted on: 16 Sep 2014
തേഞ്ഞിപ്പലം:
ഒരൊറ്റ ഗാനംകൊണ്ട് സിനിമാഗാനരംഗത്ത് കൈയൊപ്പ് പതിപ്പിച്ച പരത്തുള്ളി രവീന്ദ്രനെ കോഴിക്കോട് സര്‍വ്വകലാശാലാ ഫോക്ലോര്‍ വിഭാഗം ആദരിച്ചു.കാലത്തിന്റെ കൈകളിലേക്ക് ഇഷ്ടദാനം നല്‍കിയ കാവ്യസൃഷ്ടി തലമുറകള്‍ ഏറ്റുപാടുമ്പോള്‍, ഗാനരചയിതാവിന്റെ എഴുപതാം പിറന്നാളാഘോഷം കൂടിയായി ചടങ്ങ് മാറി.

രവീന്ദ്രന്റെ ശിഷ്യന്മാരും പഴയ സഹപ്രവര്‍ത്തകരും കലാസാംസ്‌കാരിക പ്രവര്‍ത്തകരും വീട്ടുകാരും ഒത്തുചേര്‍ന്ന സദസ്സിലായിരുന്നു ആദരിക്കല്‍. രവീന്ദ്രന്റെ ഗാനത്തോടുള്ള ആരാധനയോടൊപ്പം തന്നെ സ്‌നേഹവായ്പും അനുഭവിച്ചവരാണ് അവിടെയുണ്ടായിരുന്നവരില്‍ ഏറെയും.

വിശിഷ്ടാതിഥിയായ മാപ്പിളപ്പാട്ട് കുലപതി വി.എം.കുട്ടി, രവീന്ദ്രനെ പൊന്നാടയണിയിച്ചു. നാടന്‍ കലകളിലെ ആശയങ്ങള്‍ പാട്ടില്‍ ലയിപ്പിച്ച് മലയാളിത്തം ജ്വലിപ്പിച്ച കവിയും ഗാനരചയിതാവുമാണ് രവീന്ദ്രനെന്നും അര്‍ഹതയ്ക്കുള്ള അംഗീകാരം കിട്ടാതെപോയ പ്രതിഭാശാലിയായിരുന്നു അദ്ദേഹമെന്നും വി.എം.കുട്ടി പറഞ്ഞു.

പരത്തുള്ളി രചിച്ച കവിതാസമാഹാരം 'മാപ്പ്' ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു. ആര്‍.എ.മോളി പുസ്തകം ഏറ്റുവാങ്ങി. മലയാളികളെ പ്രണയോപാസകരാക്കിയ ഗാനങ്ങളില്‍ മുന്‍പന്തിയിലുള്ള 'ദേവീക്ഷേത്രനടയില്‍' എന്ന ഗാനം മാത്രംമതി മലയാളം ഉള്ളകാലത്തോളം രവീന്ദ്രനെ ഓര്‍മ്മിക്കാനെന്ന് ലീലാകൃഷ്ണന്‍ പറഞ്ഞു.

ഡോ.സോമന്‍ കടലൂര്‍ പുസ്തകം പരിചയപ്പെടുത്തി. ഇ.ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഫോക്ലോര്‍ വിഭാഗം മേധാവി ഡോ.ഇ.കെ.ഗോവിന്ദവര്‍മ്മ രാജ അധ്യക്ഷതവഹിച്ചു.

ബിജു.വി.നായരങ്ങാടി, ആര്‍.എ.മോളി, പ്രൊഫ.ബാബു ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി.വനജ, ഡോ.കെ.എം.അരവിന്ദാക്ഷന്‍, ഹരിദാസ് കുന്നത്തേരി എന്നിവരും നാട്ടുകാരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.സി.രതി തമ്പാട്ടി, രവീന്ദ്രന്‍ ഗാനങ്ങളും മുരളീധരന്‍ കൊല്ലത്ത്, മേഘ എന്നിവര്‍ കാവ്യങ്ങളും ആലപിച്ചു. പരത്തുള്ളി രവീന്ദ്രന്‍ മറുപടി പ്രസംഗം നടത്തി.

വോയ്‌സ് ഓഫ് പടിഞ്ഞാറ്റിന്‍പൈയും തപസ്യ കലാസാഹിത്യ വേദിയും നാട്ടുകാരും സപ്തതി ആഘോഷത്തില്‍ പങ്കാളികളായി.
രവീന്ദ്രന്റെ ശിഷ്യന്മാര്‍ ചേര്‍ന്ന് ഒരുക്കിയ ഗാനാര്‍ച്ചനയ്ക്ക് കെ.മാനുകുട്ടന്‍, എന്‍.സുരേന്ദ്രന്‍, രാജീവ്, കെ.മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/