സംസ്ഥാനവോളി : വനിതകളില്‍ കേരള പോലീസും കൃഷ്ണമേനോന് കോളേജും ഏറ്റുമുട്ടും
Posted on: 03 May 2015
ഫൈനല്‍ ഇന്ന്
താമരശ്ശേരി: താമരശ്ശേരിയിലെയും പരിസരങ്ങളിലെയും വോളിബോള്‍ പ്രേമികളെ ആവേശത്തിലാക്കിയ അഖിലകേരള പുരുഷ-വനിത വോളിബോള്‍ ടൂര്‍ണമെന്റിന് ഞായറാഴ്ച കൊട്ടിക്കലാശം.
വനിതാവിഭാഗം ഫൈനലില്‍ കേരള പോലീസും കണ്ണൂര്‍ കൃഷ്ണമേനോന് കോളേജും തമ്മില്‍ ഏറ്റുമുട്ടും. വെള്ളിയാഴ്ചത്തെ മത്സരത്തില്‍ കേരള പോലീസ്, സുല്‍ത്താന്‍ ബത്തേരി സെന്റ്മേരീസ് കോളേജിനെ ഏകപക്ഷീയമായ മൂന്ന് സെറ്റിന് പരാജയപ്പെടുത്തി പൂള് ബിയിലെ കൂടുതല്‍ പോയന്റ് നേടിയ ടീമായി. പൂള് എയിലെ കൂടുതല്‍ പോയന്റ് നേടിയ ടീമായി കൃഷ്ണമേനോന് കോളേജ് നേരത്തെ എത്തിയിരുന്നു. സെമിഫൈനല്‍ മത്സരം ഉപേക്ഷിച്ച് പൂള് എയിലെയും ബിയിലെയും വിജയികളെ നേരിട്ട് ഫൈനലിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
ശനിയാഴ്ച പുരുഷവിഭാഗത്തില്‍ രണ്ട് സെമിഫൈനല്‍ മത്സരങ്ങള്‍ നടന്നു. ആദ്യമത്സരത്തില്‍ കേരള പോലീസ് കെ.എസ്.ഇ.ബി.യുമായും രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യന്‍ നേവി സായ് കോഴിക്കോടുമായും ഏറ്റുമുട്ടി. വൈകിട്ട് പെയ്ത മഴ കളിയില്‍ വില്ലനായി. 6.30-ന് തുടങ്ങേണ്ട ആദ്യ മത്സരം രാത്രി ഒന്‍പതിനാണ് ആരംഭിച്ചത്. കളി രാത്രിവൈകിയും തുടര്‍ന്നു. രണ്ട് മത്സരത്തിലെയും വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനല്‍മത്സരത്തില്‍ ഏറ്റുമുട്ടും.